Image

കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ഒരുകോടി കടന്നു; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 90% പിന്നിട്ടു

Published on 21 September, 2021
 കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ഒരുകോടി കടന്നു; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 90% പിന്നിട്ടു


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം ആദ്യ ഡോസ് വാക്സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിന്‍ നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍. വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്സിന്‍ എടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ല. ഇനിയും വാക്സിനെടുക്കേണ്ടവര്‍ എത്രയും വേഗം എടുക്കേണ്ടതാണ്.

സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകളുടെ വാക്സിനേഷന്‍ 1,77,51,202 ഡോസും പുരുഷന്‍മാരുടെ വാക്സിനേഷന്‍ 1,64,51,576 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് 50,000 ഡോസ് കോവാക്സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്താണ് കോവാക്സിന്‍ ലഭ്യമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക