Image

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: കോഴിക്കോട് മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു

Published on 22 September, 2021
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: കോഴിക്കോട് മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു

കോഴിക്കോട്: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം രണ്ടാഴ്ച കഴിഞ്ഞിട്ടും കെട്ടടങ്ങുന്നില്ല. പരാമര്‍ശത്തില്‍ മുസ്ലീം സംഘടനകള്‍ ഇന്ന് യോഗം ചേരും. വൈകിട്ട് മൂന്നിന് കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം. കാന്തപുരം, ജമാഅത്ത്, സമസ്ത തുടങ്ങിയ ഒമ്പത് പ്രമുഖ സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കും. 

പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് പോകേണ്ടതില്ലെന്നും സാമുദായിക പ്രശ്‌നത്തിലേക്ക് കടക്കാന്‍ ഇടയാക്കേണ്ടെന്നുമാണ് ഒട്ടുമിക്ക സംഘടനകളുടെയും അഭിപ്രായം. വിഷയത്തില്‍ സര്‍വകക്ഷിയോഗമോ സാമുദായിക സംഘടനകളുടെ യോഗമോ വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെ ഈ വിഷയം ഇനി കൂടുതല്‍ നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് നിലപാട്.  

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ വിവിധ സമുദായിക നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സീറോ മലബാര്‍ സഭാ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് വിട്ടിനിന്നിരുന്നു. പാലാ രൂപത ഉള്‍പ്പെടുന്ന ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം അവസാന നിമിഷം പിന്മാറുകയായിരുന്നു. 

നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് പരാമര്‍ശത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ ഭാഷയില്‍ ബിഷപിന് മറുപടി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുസ്ലീം സംഘടനകളുടെ യോഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക