മനസ്സറിയാതെ (കഥ : രമണി അമ്മാൾ)

Published on 22 September, 2021
മനസ്സറിയാതെ (കഥ : രമണി അമ്മാൾ)
ഒരിക്കലും ഒരുമിക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത രണ്ടുപേരായിരുന്നു ഞങ്ങൾ..
നിവൃത്തികേടിന്റെ മൂർദ്ധന്യത്തിൽ ഒന്നിക്കേണ്ടിവന്നു.....
അയാൾക്ക് തന്നോട്  സ്നേഹമുണ്ടായിരുന്നെങ്കിൽ,ഇഷ്ടമുണ്ടായിരുന്നെങ്കിൽ 
ഒരിക്കലെങ്കിലും പ്രകടമാക്കിയേനെ.
തരംകിട്ടിയപ്പോൾ കടിച്ചുകീറി തിന്നില്ലായിരുന്നു. 
സഹോദരിയുടെ അടുത്തകൂട്ടുകാരി, അയൽക്കാരി, എന്നുളള ഒരു പരിഗണനയുമില്ലാതെ
വിശന്നുവലഞ്ഞ വന്യമൃഗം കണക്കെ...
ഇപ്പോൾ തന്നെ കയ്യേൽക്കാൻ മുതിർന്നത് നല്ലമനസ്സോടെയാവുമോ..
കൃഷ്ണപ്രഭയുടെ സഹോദരന്റെ താലി എന്റെ കഴുത്തിൽ വീഴുമ്പോൾ
അയാളുടെ ജീവന്റെ അംശം എന്റെ വയറ്റിൽ തുടിയ്ക്കാൻ തുടങ്ങിയിരുന്നു....
രണ്ടുവീട്ടുകാരുമല്ലാതെ
മൂന്നാമതൊരുകൂട്ടുർ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രഹസ്യം....
"ഇത്ര ധൃതിപിടിച്ച് കല്യാണം നടത്തണോ..അവളുടെ കോഴ്സ് കഴിഞ്ഞിട്ടുപോരേ..?
"ജാതകവശാൽ കല്യാണം ഇപ്പോൾ നടക്കണം.. 
കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ..?"
ചോദ്യങ്ങളുടെ ഒഴുക്കിന് തല്ക്കാലം തടയണയിട്ടു..
ചെറുപ്പംമുതലേ തമ്മിൽ കണ്ടു വളർന്നവരാണെങ്കിലും ഒരടുപ്പവും തോന്നിച്ചിട്ടില്ല.
ആരോടും അധികം മിണ്ടാത്തയാൾ...വീട്ടിലുളളവരോടുപോലും വളരെക്കുറച്ച്..
ഒരന്തർമുഖനാണെന്നു തോന്നിയിട്ടുണ്ട്.
എങ്കിലും അടുത്തകാലത്തായി ഒന്നു മിന്നായം കണ്ടുപോയാൽ
തന്നിലേക്കു ചൂഴ്ന്നിറങ്ങാറുളള
കാന്തനോട്ടത്തെ
ശ്രദ്ധിച്ചിരുന്നു.
അടുപ്പിച്ചു കിട്ടിയ കുറേ അവധി ദിവസങ്ങൾ ബോറടിപ്പിച്ചു തുടങ്ങിയിരുന്നു..  കൃഷ്ണപ്രഭയുടെ വീട്ടിലേക്കൊന്നു
പോയാലോ എന്നു തോന്നിയതു പെട്ടെന്നാണ്..  അവൾ ബാംഗ്ളൂരുനിന്ന് വന്നിട്ടുണ്ടായിരുന്നു.
കോവിഡു കാരണം തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല..
മൂന്നുതൊടികൾക്കകലമേയുളളു വീടൂകൾ തമ്മിൽ...
പുറത്ത് ആളനക്കമൊന്നും കണ്ടില്ല. മുറ്റത്ത് അയയിൽ വിരിച്ചിട്ട തുണികൾ..
തുറന്നുകിടന്ന മുൻവാതിലിലൂടെ നേരെ അകത്തേക്കു കയറുമ്പോൾ അയാൾ..
കൂട്ടിയിടിച്ചേനേ....
കുളികഴിഞ്ഞിറങ്ങിവരുന്ന
വരവായിരുന്നു.. 
ചന്ദ്രികാ  സോപ്പിന്റെ മണം..
"കൃഷ്ണ.. !," ഞാൻ ചോദിച്ചു..
"അവളും അമ്മയുംകൂടി ടൗൺ വരെ പോയിരിക്കുന്നു....
എത്താറായിട്ടുണ്ട് ഇരിക്കൂ..."
"ഞാൻ പിന്നെ വന്നോളാം..." തിരിഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ
പെട്ടെന്നയാൾ മുന്നിലേക്കുവന്ന്
വാതിലടച്ചു കുറ്റിയിട്ടു..:
"പേടിക്കേണ്ട.....
ഞാൻ കടിച്ചു തിന്നത്തൊന്നുമില്ല..."
പറഞ്ഞതും അടങ്കം പിടിച്ചതുമൊരുമിച്ച്..
 "എന്തായീ കാട്ടണേ...വിട്.."
അയാളെന്റെ ശബ്ദത്തെ കയ്യുകൊണ്ടമർത്തി.
അയാളുടെ കരങ്ങളുടെ കുതിരശക്തി എന്നെ വരിഞ്ഞുമുറുക്കി..
ആ പൂട്ടിൽനിന്നും കുതറിമാറാനായില്ല...
പൊക്കിയെടുത്തുകൊണ്ടുപോയി കട്ടിലിട്ടു.....
ചെറുക്കുന്തോറും കൂടുതൽ കരുത്തോടെ..
കീഴ്പ്പെടുത്തിക്കഴിഞ്ഞു...
ഇരയെ കടിച്ചുകീറുന്ന 
വന്യമായ പരാക്രമം.. വാഴ്ത്തപ്പെട്ട 
സ്ത്രീ പുരുഷ ബന്ധം ഇത്രയ്ക്ക് പൈശാചികമാണോ...
ചീറ്റപ്പുലിയുടെ ആവേശം കെട്ടടങ്ങിയപ്പോൾ  സ്ഥലകാലബോധ
വെപ്രാളം..
"വേഗം ഡ്രസ്സൊക്കെ നേരെയാക്ക്...അവരു വരാറായി...
കൂട്ടുകാരിയോട്  പറഞ്ഞുകളയരുത്.."  
തളർന്ന ശരീരവും തകർന്ന മനസ്സുമായി വേച്ചുവേച്ചിറങ്ങുമ്പോൾ.
"ഒന്നു വേഗം.....
അവരിപ്പമെത്തും....
അയാൾ വഴിയിലേക്കുനോക്കി ശബ്ദം താഴ്ത്തി..
"നീയെന്താ പെട്ടെന്നിങ്ങു പോന്നുകളഞ്ഞത്...?
വായതുറന്നാൽ വിങ്ങിപ്പൊട്ടിയേക്കും...
മുറിയുടെ വാതിലടച്ചു നേരെ കുളിമുറിയിലേക്ക്..
ഷവറിന്റെകീഴെ ഏറെനേരം..
അടങ്ങാത്ത നീറ്റൽ.. 
കെണിയിലകപ്പെട്ട
വളുടെ....എല്ലാം നഷ്ടപ്പെട്ടവളുടെ..സങ്കടം..
കൃഷ്ണപ്രഭ  വൈകിട്ടു തന്റെ വീട്ടിലേക്കുവന്നു.. 
"നിനക്കെന്താ സുഖമില്ലേ...കണ്ണൊക്കെ കലങ്ങിയിരിക്കുന്നു..
"കണ്ണുമാത്രമല്ല തന്റെ മനസ്സും ശരീരവും കലങ്ങി കൃഷ്ണേ..".
പറയാൻ വന്നതു വിഴുങ്ങി..
"ഈ ആഴ്ച അവസാനം എനിക്കു തിരിച്ചുപോകാൻ കഴിഞ്ഞേക്കും.. കുറച്ചു പർച്ചേസുണ്ടായിരുന്നു..
ഞാനും അമ്മയുംകൂടി ടൗൺവരെയൊന്നുപോയി.
അവൾ എന്തൊക്കെയോ ചോദിച്ചു..ഞാനെന്തൊക്കെയോ പറഞ്ഞു..
ദിവസങ്ങൾ സാധാരണപോലെ കടന്നുപോകവേ..പെട്ടെന്നൊരുദിവസം..
ഭൂമി തനിക്കു ചുറ്റുംനിന്നു കറങ്ങുന്നതുപോലെ..
ആകെയൊരു വല്ലായ്മ. ഉറക്കമിളച്ചിരുന്ന്  പ്രൊജക്ട്
മുഴുവനാക്കിയതിന്റേതാവും.. 
കൊളളിയാൻപോലെ എന്തോ ഒന്ന് ഇടനെഞ്ചിലൂടെ പാഞ്ഞു..
തന്റെ....പീരീഡ്സ്.....ഇത്രയും വൈകാൻ...
ഇല മുളളിൽ വീണാലും മുളള് ഇലയിൽ വീണാലും ഇലയ്ക്കുതന്നെ കേട്....
ഞാനെന്ന ഇലയിൽ, കൃഷ്ണദാസെന്ന  മുളളുതറച്ചു.... തനിക്കു കേടു സംഭവിച്ചോ....
ആ നിമിഷംമുതൽ അയാളെ വെറുത്തതാണ്..
പെറ്റമ്മയിൽനിന്നും ഒന്നും
ഒളിക്കാൻ കഴിയില്ലെന്നൂ പറയുന്നത് എത്ര വാസ്തവം.....
തന്റെ സങ്കടവും വിഷമവും വിശപ്പില്ലായ്മയുമൊക്കെക്കണ്ട്..
"നിനക്കെന്തുപറ്റി..
കുറച്ചുദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.." ചോദ്യത്തിനുമുന്നിൽ പകച്ചു..പിന്നെ വിങ്ങിപ്പൊട്ടി..
" കൃഷ്ണപ്രഭേടെ ചേട്ടൻ..."
മിണ്ടാപ്പൂച്ചപോലെയിരുന്ന ആ പന്നൻ എന്റെ കൊച്ചിനെ നശിപ്പിച്ചോ.. 
ഇതിനൊരു പരിഹാരം ഞാനെങ്ങനെ കാണാനാ..
എന്റീശ്വരാ..."
ആരുമറിയാതെ പ്രശ്നം പരിഹരിക്കണം..
കടിച്ച പാമ്പിനേക്കൊണ്ടു വിഷമെടുപ്പിക്കുകയേ നിർവ്വാഹമുളളു...
അമ്മ കൃഷ്ണപ്രഭയുടെ വീട്ടിലേക്ക് വേവലാതിയോടെ നടന്നു..
ബലമായി കീഴ്പ്പെടുത്തിയവനെ സ്നേഹിക്കാൻ കഴിയുമോ..
അവന്, അല്പം മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ,  
മനുഷ്വത്വമുണ്ടായിരുന്നെങ്കിൽ  
കടന്നാക്രമിക്കാൻ ശ്രമിക്കില്ലായിരുന്നു. അവന്റെ 
ഒരേയൊരു സഹോദരി കൃഷ്ണപ്രിയയുടെ കൂട്ടുകാരിയായിരുന്നില്ലേ ഞാൻ.. 
തൊട്ടയൽപക്കത്തെ കുട്ടിയായിരുന്നില്ലേ.....
തമ്മിൽ കണ്ടു വളരുന്നവരായിരുന്നില്ലേ....എന്നിട്ടും...
എത്ര പെട്ടെന്നായിരുന്നു അവനിലെ ഭാവപ്പകർച്ച..
പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം എത്രനാൾ മൂടിവയ്ക്കും...
പാതിരയ്ക്കു കണ്ട ദു:സ്വപ്നം നേരം വെളുക്കുമ്പോൾ മറക്കാൻ കഴിയുന്നതു പോലെ അയാളിൽ നിന്നകലണം ,
തന്റെയുള്ളിൽ ആഗ്രഹിക്കാതെയുണ്ടായ ആ മുളയെ പൊട്ടിച്ചെറിയണം എന്നാണ് വിചാരിച്ചതത്രയും .. 
എന്നാൽ ഒന്നിനും കഴിഞ്ഞില്ല.
ബലിയൊരുക്കങ്ങൾ പൂർത്തിയായി.
ശിരസ്സർപ്പിച്ച് വിധിയുടെ വാൾ പതിയുന്നതും കാത്തു കിടന്നു.
കൃഷണപ്രഭയുടെ സഹോദരൻ കൃഷ്ണദാസ്
എന്റെ കഴുത്തിൽ മിന്നുകെട്ടി...
ജീവിതം എന്തൊക്കെയാണ് തട്ടിപ്പറിച്ചു കൊണ്ടോടുന്നത്.
ഏതു വിധമായിരിക്കും ഇനിയുള്ള യാത്ര..
ഒന്നുമറിയാത്ത ഒരു ചുഴിയിലേക്കാണോ  ഞാൻ എറിയപ്പെടുന്നത്.
ഇട്ടെറിഞ്ഞ് പൊയ്ക്കൂടേ എന്ന് ആരാണ് പറയുന്നത് ...?
കാഴ്ചകൾ മറയുകയാണ്..
ഇരുളോ വെളിച്ചമോ എന്നറിയാതെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക