Image

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാര്‍ സഭ

Published on 22 September, 2021
നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാര്‍ സഭ
കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായി സിറോ മലബാര്‍ സഭ. സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫേഴ്സ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ബിഷപ്പിന് പിന്തുണ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് സഭ ആരോപിച്ചു. ബിഷപ്പിന്റെ പരാമര്‍ശം വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണെന്ന് സിറോ മലബാര്‍ സഭയുടെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ബിഷപ്പ് മനഃപൂര്‍വ്വം ഏതെങ്കിലും മതത്തേയോ വിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ എളുപ്പം വിറ്റഴിയുന്ന മതസ്പര്‍ധ, വര്‍ഗീയത എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കാര്യത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തിയെന്നും പ്രസംഗം ബിഷപ്പ് വിശ്വാസികളോട് നടത്തിയ ഉപദേശമായിരുന്നുവെന്നത് മറന്നു കളഞ്ഞെന്നും സഭ പറയുന്നു.

സഭാ വിശ്വാസികള്‍ക്കുള്ള പ്രസംഗമായിരുന്നു പാലാ ബിഷപ്പ് നടത്തിയത് എന്നാല്‍ എളുപ്പം വിറ്റഴിയുന്ന മതസ്പര്‍ദ്ധ വര്‍ഗീയത ലേബലുകള്‍ മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നല്‍കി. ചില രാഷ്ട്രീയ നേതാക്കള്‍ പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിച്ചുവെന്നും സഭ കുറ്റപ്പെടുത്തുന്നു. കേരള സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഫലപ്രദമായ അന്വേഷണം വേണമെന്നും സഭ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം സാമുദായിക ഐക്യം നഷ്ടപ്പെടുത്തുമെന്നും അതു കൊണ്ട് വിവാദം അവസാനിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ബിഷപ്പിനൊപ്പം നിലകൊള്ളുമെന്ന് സഭ വ്യക്തമാക്കി. ഓണ്‍ലൈനായി നടന്ന യോഗത്തെ തുടര്‍ന്നായിരുന്നു വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക