Image

ക്രൂരമര്‍ദനം, കഴുത്തില്‍ ടയറിട്ട് നൃത്തം; ഒളിച്ചോട്ടത്തിന് കമിതാക്കള്‍ക്ക് ശിക്ഷ, അറസ്റ്റ്

Published on 22 September, 2021
ക്രൂരമര്‍ദനം, കഴുത്തില്‍ ടയറിട്ട് നൃത്തം; ഒളിച്ചോട്ടത്തിന് കമിതാക്കള്‍ക്ക് ശിക്ഷ, അറസ്റ്റ്



ഭോപ്പാല്‍: ഒളിച്ചോടിയ കമിതാക്കളെ ക്രൂരമായി മര്‍ദിച്ച് ബന്ധുക്കളും നാട്ടുകാരും. മധ്യപ്രദേശിലെ ഥാര്‍ ജില്ലയിലാണ് സംഭവം.  കമിതാക്കളെയും ഇവരെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് പറയുന്ന പെണ്‍കുട്ടിയെയുമാണ് നാട്ടുകാരും ബന്ധുക്കളും അടക്കമുള്ള അഞ്ചംഗസംഘം മര്‍ദിച്ചത്. മൂവരുടെയും കഴുത്തില്‍ ടയറിട്ട് ഇവരെക്കൊണ്ട് നൃത്തവും ചെയ്യിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. രണ്ട് 
പ്രതികള്‍ ഒളിവിലാണ്.  സെപ്റ്റംബര്‍ 12-നാണ് കമിതാക്കളായ യുവാവും പെണ്‍കുട്ടിയും ഇവരുടെ ബന്ധുവായ പ്രായപൂര്‍ത്തികാത്ത മറ്റൊരു പെണ്‍കുട്ടിയും മര്‍ദനത്തിനിരയായത്.


പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ജൂലായ് 10-ാം തീയതി ഗുജറാത്തിലേക്ക് ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ കമിതാക്കള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിച്ചത്. ഒളിച്ചോട്ടത്തിന് സഹായിച്ചെന്ന് ആരോപിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ആക്രമിച്ചത്. ഇവരുടെ കഴുത്തില്‍ ടയറിട്ട് നൃത്തവും ചെയ്യിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു.


സംഭവമറിഞ്ഞതോടെ കേസെടുത്തെന്നും പ്രതികള്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കാമുകനായ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക