Image

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം, സര്‍ക്കാര്‍ നോക്കിനില്‍ക്കരുത്- മുസ്ലീം സംഘടനകള്‍

Published on 22 September, 2021
 പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം, സര്‍ക്കാര്‍ നോക്കിനില്‍ക്കരുത്- മുസ്ലീം സംഘടനകള്‍


കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാലാ ബിഷപ് പിന്‍വലിക്കണമെന്ന് മുസ്ലീം സംഘടനകള്‍. ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തിനു ശേഷം അധ്യക്ഷത വഹിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 

പ്രസ്താവന പാലാ ബിഷപ് പിന്‍വലിക്കണം. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ആരും നടത്തരുത്. മതങ്ങള്‍ സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ മുന്നോട്ടുപോകണം. മുസ്ലീം സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബിഷപിന്റെ പ്രസ്താവന. ഒരു മതനേതാവിന്റെ ഭാഗത്തുനിന്നും അപക്വമായ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവരുത് എന്നും 13 മുസ്ലീം സംഘടനകളുടെ യോഗം വിലയിരുത്തി. സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം.

ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കാന്‍ പാടില്ല. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശക്തമായ നടപടി ഉണ്ടാകണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സമുദായ നേതാക്കളുടെ യോഗം സ്വാഗതാര്‍ഹമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.  

ബിഷപിന്റെ പ്രസ്താവനയോട് മുസ്ലീം സംഘടനകള്‍ വളരെ മാന്യമായി അന്തസ്സോടെയാണ് പ്രതികരിച്ചത്. ഇത്തരത്തില്‍ ബിഷപ് നടത്തിയ പരാമര്‍ശത്തില്‍ കേരള സമൂഹവും ക്രിസ്തീയ മതനേതൃത്വവും എടുത്ത വിയോജിപ്പ് മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത പാടില്ലെന്നും യോഗം വിലയിരുത്തി. 

മന്ത്രി വാസവന്‍ പാലാ ബിഷപിനെ സന്ദര്‍ശിച്ച കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍ പ്രതികരിക്കാനില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. 

തങ്ങള്‍ ഇക്കാര്യത്തില്‍ കൃത്യമായി പറഞ്ഞുകഴിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ കുറയ്ക്കാനോ ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Join WhatsApp News
Christian 2021-09-22 19:39:10
പ്രസ്താവന കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടെന്നു തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക