Image

മോദി വാഷിംഗ്ടണിലെത്തി; ആവേശോജ്വല സ്വീകരണമൊരുക്കി ഇന്ത്യക്കാര്‍

Published on 23 September, 2021
മോദി വാഷിംഗ്ടണിലെത്തി; ആവേശോജ്വല സ്വീകരണമൊരുക്കി ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍ ഡി.സി: മഹാമാരി തീര്‍ത്ത ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശത്തിനായി വാഷിംഗ്ടണിലെത്തിയ മോദിക്ക് തിരക്കിട്ട കൂടിക്കാഴ്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രി തുടങ്ങിയവരുമായെല്ലാം മോദി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്താന്‍, ഭീകരത, സുരക്ഷ, വ്യാപാരം, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെല്ലാം ചര്‍ച്ച നടക്കും. അഞ്ച് പ്രമുഖ കമ്പനികളുടെ മേധാവികളുമായും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. യു.എന്‍ പൊതുസഭയേയും മോദി അഭിസംബോധന ചെയ്യും. 

വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തിലെത്തിയ മോദിയെ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിംഗ് സന്ധു, ഡിഫന്‍സ് അറ്റാഷെ ബ്രിഗേഡിയര്‍ അനൂപ് സിംഗാള്‍, എയര്‍ കമോഡോര്‍ അന്‍ജന്‍ ഭദ്ര, നേവല്‍ അറ്റാഷെ കമോഡോര്‍ നിര്‍ഭയ ബപ്‌ന, യു.എസ് ഡെപ്യുട്ടി സ്‌റ്റേറ്റ് സെക്രട്ടറി ഫോര്‍ മാനേജ്‌മെന്റ് ആന്റ് റിസോഴ്‌സസ് ടി.എച്ച് ബൈരണ്‍ മക്കിയോണ്‍ എന്നിവര്‍ മേവദിയെ സ്വീകരിച്ചു. 

മോദിയെ കാണാന്‍ വിമാനത്താവളത്തില്‍ ഇന്ത്യക്കാരുംഎത്തിയിരുന്നു. ചാറ്റല്‍മഴയെ അവഗണിച്ച്, ദേശീയ പതാകയുമേന്തിയാണ് ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. നാട്ടുകാരെ കണ്ട സന്തോഷം മോദിയും മറച്ചുവച്ചില്ല. കാറില്‍ നിന്ന് ഇറങ്ങി ജനങ്ങളുടെ അടത്തെത്തി അവര്‍ക്ക് ഹസ്തദാനം നല്‍കാനും വിശേഷങ്ങള്‍ തിരക്കാനും മോദി തയ്യാറായി.  

ഇന്ത്യന്‍ സമുഹം നല്‍കിയ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ മോദി, നമ്മുടെ സമൂഹമാണ് നമ്മുടെ ശക്തിയെന്നും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹം ലോകത്ത് എങ്ങനെ സമുന്നതരായിരിക്കുന്നുവെന്നത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക