Image

ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയില്‍ അവിശ്വാസം അതിജീവിച്ച് യു.ഡി.എഫ്

Published on 23 September, 2021
ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയില്‍ അവിശ്വാസം അതിജീവിച്ച് യു.ഡി.എഫ്
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്നഅവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ തള്ളി. നഗരസഭാ അധ്യക്ഷ അധ്യക്ഷ അജിത തങ്കപ്പനെതിരെയാണ് ഇടതുപക്ഷം അവിശ്വസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ക്വാറം തികയാത്തതിനാല്‍ അവിശ്വാസപ്രമേയം വോട്ടിനിടാന്‍ കഴിഞ്ഞില്ല. 43 അംഗ നഗരസഭയില്‍ എത്തിയത് 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ്. ക്വാറം തികയാന്‍ വേണ്ടത് 22 പേരാണ്. 17 ഇടതുപക്ഷ കൗണ്‍സിലറും ഒരു സ്വതന്ത്ര കൗണ്‍സിലറുമാണ് പ്രമേയം കൊണ്ടുവന്നത്. 

അവിശ്വാസം അവതരിപ്പിച്ചുവെങ്കിലും ക്വാറം തികയാത്തതിനാല്‍ ചര്‍ച്ചയ്‌ക്കെടുത്ത് വോട്ടെടുപ്പ് നടത്താന്‍ വരണാധികാരി അനുവദിച്ചില്ല. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ ആറു മാസത്തിനു ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് ഇടതുപക്ഷം അറിയിച്ചു. വരുംനാളുകളില്‍ അജിത തങ്കപ്പനെതിരായ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ഇടത് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് മുസ്ലീം ലീഗ് അംഗങ്ങളെ അടര്‍ത്തിമാറ്റി അവിശ്വാസം വിജയിപ്പിക്കാമെന്ന ധാരണയിലായിരുന്നു ഇടതുപക്ഷം. എന്നാല്‍ ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലീം ലീഗ് അംഗങ്ങളും ധാരണയായി. 

ഇടതു അംഗങ്ങള്‍ പത്തു മണിയോടെ നഗരസഭാ ആസ്ഥാനത്ത് എത്തി. കോവിഡ് ബാധിതനായ അംഗം പി.പി.ഇ കിറ്റ് ധരിച്ചാണ് മറ്റ് അംഗങ്ങള്‍ക്കൊപ്പം എത്തിയത്. ഇദ്ദേഹത്തെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് എ.സി ഹാളില്‍ ഇരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ഈ അംഗം എത്തിയതെന്ന് ഇടതു കൗണ്‍സിലര്‍മാര്‍ പറയുന്നു.

അജിത തങ്കപ്പനെ മാറ്റാന്‍ യു.ഡി.എഫില്‍ ധാരണയായിട്ടുണ്ടെന്നും അതുകൊണ്ടാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതെന്നും ഇടത് അംഗങ്ങള്‍ പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക