Image

കമലാ ഹാരിസിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് മോദി

JOBINCE THOMAS Published on 24 September, 2021
കമലാ ഹാരിസിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് മോദി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നു. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വംശജയെന്ന നിലയില്‍ ഇന്ത്യയുമായുള്ള ആത്മബന്ധം നിഴലിക്കുന്നതായിരുന്നു മോദിയുടെ കമല ഹാരിസുമായുള്ള കൂടിക്കാഴ്ച. കമല ഹാരിസിനെ ഇന്ത്യയിലേയ്ക്ക് നരേന്ദ്ര മോദി സ്വാഗതം ചെയ്തു. 

കമലഹാരിസിനെ സ്വീകരിക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്നാണ് മോദി പറഞ്ഞത്. കമലാഹാരിസിന്റെ സ്ഥാനലബ്ദിയില്‍ അവരെ അഭിനന്ദിച്ച മോദി കമല ഹാരിസിന്റെ നേട്ടം ലോകമെങ്ങുമുള്ള അനേകര്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായപ്പോള്‍ കമലഹാരീസ് ഫോണില്‍ വിളിച്ച് പിന്തുണ വാഗ്ദാനം ചെയിതരുന്ന കാര്യവും മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. ആ സമയത്ത് ഇന്ത്യക്ക് നേരെ സഹായ ഹസ്തങ്ങള്‍ നീട്ടിയ കാര്യം ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. 

വളരെ പ്രതിസന്ധി നിറഞ്ഞ കാലത്താണ് ജോ ബൈഡനൊപ്പം അമേരിക്കയുടെ ഭരണ തലപ്പത്തേയ്ക്ക് ഹാരീസ് എത്തിയതെന്നും കുറഞ്ഞ കാലം കൊണ്ട് തന്നെ കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യു ബൈഡന്‍ -ഹാരീസ് നേതൃത്വത്തിന് കഴിഞ്ഞെന്നും മോദി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും പുരാതനമായ ജനാധിപത്യരാജ്യവും എന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു സ്വാഭാവിക ബന്ധമാണെന്നും പല മേഖലകളിലും ഇരു രാജ്യങ്ങളുടേയും താത്പര്യം ഒന്നാണെന്നും മോദി പറഞ്ഞു.

നാല് ദശലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പാലമാണ് ഈ ജനതയെന്നും മോദി പറഞ്ഞു. ജോ ബൈഡന്‌റേയും കമല ഹാരിസിന്റെയും നേതൃത്വത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേയ്ക്ക് പോകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.

അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തപ്പോള്‍ അതൊരു ചരിത്രമുഹൂര്‍ത്തമായി. ഇരുവരും മാസ്‌ക് ധരിച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മോദി വെളുത്ത മാസ്‌കും ഹാരീസ് കറുത്ത മാസ്‌കുമാണ് ധരിച്ചിരുന്നത്. 

തിളങ്ങി നിന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാന്റ്‌സ്യൂട്ടായിരുന്നു ഹാരിസിന്റെ വേഷം തൂവെള്ള കൂര്‍ത്തയും ബ്ലാക്ക് നെഹ്‌റു ജാക്കറ്റുമായിരുന്നു മോദിയുടെ വേഷം. 

ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്ന് പറഞ്ഞ കമലാ ഹാരിസ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാനെടുത്ത തീരുമാനത്തെ അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക