ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)

Published on 24 September, 2021
ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)

കോവിഡെന്ന മഹാമാരി ലോകമെങ്ങും താണ്ഡവമാടുമ്പോൾ, നഷ്ടങ്ങളുടെ കണക്കുകളിൽ മലയാളിയുടെ സ്വപ്നവും ഗൃഹാതുരത്വവുമായ ഓണാഘോഷങ്ങളും വരുന്നുണ്ട്.ഓർമ്മകളിലെ ആ പൊന്നോണത്തിന് അതുകൊണ്ടു തന്നെ ഇരട്ടി മധുരമുണ്ട്. അത്തം ഒന്നു മുതൽ പത്തുവരെ നീളുന്ന ആഘോഷം ,അതു കഴിഞ്ഞും അഞ്ച് ഓണം വരെ നീണ്ടു പോകുന്നു. പല തരത്തിലും നിറത്തിലുമായി പൂക്കളമൊരുക്കാൻ പൂവുകളന്വേഷിച്ച് തൊടിയിലും പറമ്പിലും അയൽപക്കങ്ങളിലുമായി കയറിയിറങ്ങുന്നതാണ് ഓർമ്മകളിൽ മധുരം നിറയ്ക്കുന്ന ഒരു രംഗം. നന്നായി പൂക്കളമിടുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്ന വല്യമ്മമാരും നമ്മൾ കുട്ടികളുടെ കളിത്തോഴരാണ്.പലപ്പോഴും പൂക്കളം ശരിയാകാത്തതിൻ്റെ പേരിൽ 'ഓണത്തല്ലിന് ' നേരത്തെ തിരി തെളിയും.

പിന്നീടുള്ള പ്രധാന സന്തോഷം ഊഞ്ഞാലാട്ടമാണ്. ഓരോ വീടുകളിലും പ്ലാവുകളിലും മാവുകളിലുമായി സുശക്തമായ ഊഞ്ഞാലുകൾ സ്ഥാനമുറപ്പിക്കുമെങ്കിലും എല്ലാവരുടേയും ഊഞ്ഞാലാട്ടം ഒറ്റ ഊഞ്ഞാലിലായിരിക്കും. അവിടെയാണ് ഓണത്തല്ലിൻ്റെ രണ്ടാം ഭാഗം അരങ്ങേറുക. ഊഞ്ഞാലാട്ടം മടുക്കുമ്പോൾ ഓരോരുത്തരെയായി ഊഞ്ഞാലിൽ നിന്ന് തള്ളിയിടുന്ന ഗുരുതരമായ വിനോദം ആരംഭിക്കുകയായി. അതു കഴിഞ്ഞുണ്ടാകുന്ന വീട്ടുകാരുടെ തല്ലു കൂടിയാകുമ്പോൾ ഓണത്തല്ലിന് തൽക്കാലം കൊടിയിറങ്ങും.

ഉത്രാടത്തിന് വൈകുന്നേരം അയൽപക്കത്തെ വീട്ടിൽ തിരുവാതിരക്കളിയുണ്ടാകും. നാട്ടിലുള്ള മങ്കമാർ സെറ്റും മുണ്ടുമുടുത്ത് ,തുളസിക്കതിർ ചൂടി വട്ടത്തിൽ നിന്ന് കളിക്കുന്ന കാഴ്ച കാണാൻ അതിലും വലിയ ഒരു വട്ടമുണ്ടാക്കി കാണിക്കാർ, കൂട്ടത്തിൽ ഞങ്ങൾ കുട്ടികളും.
ഉത്രാടരാത്രിയിൽ തന്നെ സദ്യവട്ടങ്ങൾ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. അച്ചാറുകൾ, ഇഞ്ചിക്കറി, പുളിശ്ശേരി, ചക്കര വരട്ടി തുടങ്ങിയവരെയൊക്കെ രാത്രിയിൽ തന്നെ തട്ടിൽ കയറ്റി വച്ചിട്ടുണ്ടാകും.മറ്റു വിഭവങ്ങളും പായസവുമൊക്കെ തിരുവോണ ദിവസത്തെ സ്പെഷ്യൽ അതിഥികളാണ്. എനിക്കെന്നും പ്രിയം അടപ്രഥമനാണ്.വീട്ടിൽ ഉണ്ടാക്കിയിട്ടില്ലെങ്കിൽ അയൽപക്കത്തു നിന്നെങ്കിലും വരുത്തിയിരിക്കും (അടയില്ലാതെന്തു തിരുവോണം).

സദ്യ കഴിഞ്ഞ് ക്ഷീണമകറ്റാൻ ഓണത്തിന് തൽക്കാലം മലയാളിയില്ല. പിന്നീടല്ലേ പല തരം കളികളുടെ കേളികൊട്ട്. ഉറിയടി, സുന്ദരിക്ക് പൊട്ടു തൊടൽ, വടംവലി എന്നു വേണ്ട ഞങ്ങൾ കുട്ടികൾക്കായുള്ള ബിസ്കറ്റ് കടി വരെ കളികളിൽ പ്രധാനമാണ്.
കാണാനേറ്റം രസം വടംവലിയാണ്. രണ്ടു ഭാഗങ്ങളിലായി മല്ലമ്മാർ നിന്ന് വലിക്കുന്നു. ഒരു ടീം ജയിക്കുമ്പോൾ മറു ടീം മറിഞ്ഞു വീഴുന്നു. ഒക്കെ ഒരു രസം.

തിരുവോണം അവസാനിക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ്. മൂന്നാം ഓണാം മുതൽ 28 ദിവസം വരെ ഓണാഘോഷം നീളുമെങ്കിലും തിരുവോണത്തിൻ്റെ സന്തോഷം എന്തുകൊണ്ടോ മറ്റുള്ള ഓണങ്ങളിൽ തോന്നാറില്ല. അടുത്ത ദിവസം മുതൽ ബന്ധു വീടുകളിലായിരിക്കും മിക്കവർക്കും ഓണം. അതു കൊണ്ടു തന്നെ കൂട്ടുകൂടി നടക്കാൻ കഴിയാത്ത നിരാശയിലും സങ്കടത്തിലുമായിരിക്കും ഞങ്ങൾ കുട്ടികൾ. എന്നാലും മധുരസ്മൃതികളുമായി അടുത്ത വർഷത്തെ ഓണം വരെ കാത്തിരിക്കുന്നതും ഒരു സുഖമല്ലേ...

മഹാബലി രാജൻ ഓരോ വർഷവും തൻ്റെ പ്രജകളെ കാണാനായി ഈ ദിവസത്തിനായി കാത്തിരിക്കുന്നില്ലേ..
പിന്നെന്താ നമുക്കിരുന്നാൽ?

ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക