Image

കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ 'ഭാഗ്യം ' പരീക്ഷിക്കാന്‍ മുന്നണികള്‍

ജോബിന്‍സ് Published on 25 September, 2021
കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ 'ഭാഗ്യം ' പരീക്ഷിക്കാന്‍ മുന്നണികള്‍
കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെയാണ് പാസായത്. ഇതിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി സിപിഎം-ബിജെപി ബന്ധം എന്ന ആരോപണം കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുമുണ്ട്. പക്ഷെ കോട്ടയത്ത് ഇനി എന്ത് എന്നതാണ് എല്ലാവരേയും കുഴയ്ക്കുന്ന ചോദ്യം. 

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമാണ് ഉള്ളത്. ബിജെപിയ്ക്ക് എട്ടും. ഈ സാഹചര്യത്തില്‍ ആദ്യ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും തുല്ല്യ വോട്ടുകള്‍ കിട്ടിയതിനാലാണ് നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തിയത്. 

ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ തന്നെയാണ് സാധ്യത. കാരണം ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ വന്നാല്‍ എല്‍ഡിഎഫും യുഡിഎഫും വീണ്ടും തുല്ല്യനിലയിലെത്തും. മാത്രമല്ല ബിജെപി പിന്തുണയോടെ അധികാരത്തിലെത്താന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നുമില്ല. 

മറുപക്ഷത്തെ അസംതൃപ്തരില്‍ ഒരാളുടെയെങ്കിലും വോട്ടാണ് യുഡിഎഫും എല്‍ഡിഎഫും കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ തട്ടകമെന്നു വിശേഷിപ്പിക്കുന്ന കോട്ടയത്തെ മുന്‍സിപ്പാലിറ്റി ഭരണം കഴിഞ്ഞ കൂറേ കാലങ്ങളായി യുഡിഎഫിന്റെ കുത്തകയാണ്. 

ജോസ് കെ. മാണി പക്ഷം യുഡിഎഫ് വിട്ടപ്പോള്‍ സീറ്റ് കുറഞ്ഞെങ്കിലും നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചതിനാല്‍ ഇത്തവണയും അധികാരം നിലനിര്‍ത്താന്‍ സാധിച്ചു. ഇവിടെ അധികാരം തുടരുക എന്നത് കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്. 

എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നശേഷം വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അത് എല്‍ഡിഎഫിന് തിരിച്ചടിയാകും. ഇതിനാലാണ് ഇരുപക്ഷവും മറുപക്ഷത്തു നിന്നും അസംതൃപ്തരെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. 

വീണ്ടും വോട്ടുകള്‍ തുല്ല്യമായാല്‍ നറുക്കെടുപ്പിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങും അങ്ങനെ വന്നാല്‍ അംഗബലം ആയിരിക്കില്ല മറിച്ച് "ഭാഗ്യം" മാത്രമാവും ചെയര്‍ പേഴ്‌സണെ നിശ്ചയിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക