ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ -15

Published on 25 September, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ -15
മൗസുവിന്റെ കൈയും പിടിച്ചു  നടന്നു വരുന്ന മാധവിനെ കണ്ടപ്പോൾ സത്യത്തിൽ  പരിഭ്രമിച്ചു പോയി. ഒരു മുന്നറിയിപ്പും കൂടാതെ ...
മൗസൂ ഓടിവന്നു തന്നെ കെട്ടിപ്പിടിച്ചു ...
മാധവ് ആശ്ലേഷിക്കാൻ ശ്രമിച്ചെങ്കിലും , അത് ഉൾക്കൊള്ളാൻ സാധിച്ചില്ല . പരിചിത മുഖം അപരിചിതമായതു പോലെ.. വീട്ടിലേക്കുള്ള യാത്രയിൽ മൗസൂ മാധവിനോട് ചെന്നൈയെക്കുറിച്ചു വാചാലയായി. അപ്രതീക്ഷിത ആഘാതത്തിന്റെ തരിപ്പ് വിട്ടുമാറാത്തവളെപ്പോലെ ആമോദിനി മൗനമായിരുന്നു ..

വീട്ടിൽ എത്തിയതും അൻപുവല്ലി ഓടിവന്നു മൗസുവിനെ കെട്ടിപ്പിടിച്ചു.. പെട്ടിയും സാധനങ്ങളും  എല്ലാം എടുത്തു മൗസുവിന്റെ മുറിയിൽ കൊണ്ടു വെച്ചു . 
മാധവ് വീട് ചുറ്റിക്കാണുമ്പോൾ അയാൾ അറിയാതെ അയാളെ ശ്രദ്ധിക്കുകയായിരുന്നു ആമോദിനി . 
"നല്ല വീട് , മൗസൂ പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല .."
"അവളുടെ ഇഷ്ടപ്രകാരം ആണ് ഈ വീടെടുത്തത്.
മൗസൂ അച്ഛന്റെ കൈയും പിടിച്ചുകൊണ്ട്  അവളുടെ മുറി കാണിക്കാൻ കൊണ്ടുപോയി .
നടകൾ മെല്ലെ  കയറിപ്പോകുന്ന മാധവിനെ ആമോദിനി ഒരു നിമിഷം നോക്കിനിന്നു ..  ഒരിക്കൽ എത്രയധികം തന്നെ ചേർത്തുനിർത്തിയോ, അതിലും എത്രയോ അധികം ദൂരേക്ക്‌ പോയ ഒരാൾ .
എന്നാലും ആ അകലം പാലിക്കപ്പെടാൻ സാധിക്കുന്നില്ല. മൗസൂ എന്ന കണ്ണി... ചിലപ്പോഴൊക്കെ  തോന്നും സ്നേഹമെന്നത് വെറും നുണകളാണെന്ന് .. അതത് സമയം   തോന്നുന്ന വികാരം .. ശബ്ദമാകുന്നു , ചലനങ്ങളാകുന്നു . പിന്നെ ഹോർമോണുകൾ  അവയുടെ ജോലിയും കൂടെ ചെയ്യും.
അങ്ങനെ നമ്മൾ കബളിപ്പിക്കപെടുകയല്ലേ ! 

അച്ഛന്റെയും  മകളുടെയും  ശബ്ദം ഇടകലരുന്നത്  മുകളിൽ നിന്നും കേൾക്കാം . പതുക്കെ അടുക്കളയിൽ പോയി മാധവിന് പ്രത്യേക ഭക്ഷണം ഉണ്ടാക്കാൻ അൻപുവല്ലിയോടു പറഞ്ഞു .
അവൾ ഒന്നും ചോദിച്ചില്ല എങ്കിലും പറഞ്ഞു.
" മൗസുവിന്റെ അപ്പാ.."
"അപ്പാ മാതിരിതാൻ   പൊണ്ണ് ... "
പെട്ടെന്നാണ് ഓർത്തത് .
ഇന്ന് മാധവിന് തിരികെ പോകാൻ സാധിക്കില്ല . ഹോട്ടലിൽ മുറിയെടുത്തോ ആവോ..? 
എങ്ങനെ ചോദിക്കും ?
അയാൾ ഈ വീട്ടിൽ രാത്രിയിൽ തങ്ങുന്ന കാര്യം ഓർക്കാൻ കൂടി വയ്യാ ..
ഒരിക്കൽ തനിക്കും ഒരു  ഹൃദയമുണ്ടായിരുന്നു. തരളിതമായൊരു ഹൃദയം ... ഇന്നലെകളുടെ വേനൽക്കാലം .. അതിന്റെ തീക്കാറ്റേറ്റ് പണ്ടുപൂത്ത ചെടികളും പൂക്കളും വാടിക്കരിഞ്ഞു പോയിരിക്കുന്നു .

അച്ഛനോടൊപ്പം സന്തോഷത്തോടെ മൗസൂ താഴേക്കിറങ്ങി വന്നു .
അവളുടെ കൈയിൽ ഒരു പാക്കറ്റ് ഉണ്ടായിരുന്നു. അത് അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് അവൾ പറഞ്ഞു
"ദേ, ഇത് എൻ്റെ സെലക്ഷൻ അല്ല .. സാരിയും  ചുരിദാറും .. രണ്ടും അച്ഛനാണ് തിരഞ്ഞെടുത്തത്. "
"വേണ്ടിയിരുന്നില്ല , പതിഞ്ഞ ശബ്‍ദത്തിൽ അത് പറഞ്ഞെങ്കിലും തനിക്കായിട്ടു വാങ്ങിയത് കാണാൻ ഉള്ളിൽ ഒരു തിടുക്കമുണരുന്നുണ്ട് .പക്ഷെ ,അത് പുറമേ കാണിക്കാതെ, പാക്കറ്റ് മേശമേൽ വെച്ചു.
"തുറന്നു നോക്കമ്മാ.."
മൗസൂ പറഞ്ഞതു കേട്ട് ആമോദിനി
ആ പാക്കറ്റ് പതുക്കെ തുറന്നു . മാധവ് ആമോദിനിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു .
മൈസൂർസിൽക്ക് സാരി ..
നീലയിൽ  പിങ്ക് ബോർഡർ . നല്ല കളർ കോമ്പിനേഷൻ, ചുരിദാർ  കലംകാരി ..അതിൽ പൂക്കൾ . മഞ്ഞയും  കടുംനീലയും .
ദുപ്പട്ട കാണാൻ നല്ല ചന്തം " 
മാധവിനെ നോക്കി ആമോദിനി പറഞ്ഞു .
" താങ്ക് യു , നല്ല സെലക്ഷൻ "
ഭക്ഷണം മേശപ്പുറത്തു വെക്കുന്ന അൻപുവല്ലിക്കു മൗസൂ താൻ വാങ്ങിയതാണെന്നു പറഞ്ഞ് ഒരു പൊതി കൊടുത്തു . കൂടെ ശിവമതിക്ക് എന്നും പറഞ്ഞു കുറെ സാധനങ്ങളും .
അൻപ് കണ്ണു തുടക്കുന്നതു കണ്ടു . 
ചെറിയ സന്തോഷങ്ങൾ മറ്റുള്ളവർക്ക് നൽകാൻ മടിക്കാത്ത മകളെ , കെട്ടിപ്പിടിച്ച് അഭിനന്ദിക്കാൻ തോന്നി .
പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല , 

തനിക്ക് എന്താണ് സംഭവിച്ചത് ? ശബ്ദം തൊണ്ടയിൽ കുടുങ്ങിയപോലെ ..
ഉള്ളിൽ അസ്ഥി നീറിപ്പൊടിഞ്ഞു പിടയുന്നു .അത് ഇന്നലെകളെ ഓർമ്മപ്പെടുത്തി. ഒന്നിച്ചുണ്ടായിരുന്ന നാളുകൾ .

മാധവിന് ആമോദിനി അത്താഴം വിളമ്പി .. കണ്ണുനീർ തുളുമ്പാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു . അയാളുടെ പാത്രത്തിലേക്ക് കറി വിളമ്പുമ്പോൾ , മതി എന്നു പറഞ്ഞു മാധവ് കൈ ഉയർത്തിയപ്പോൾ  അറിയാതെ ആമോദിനിയുടെ കൈത്തണ്ടയിൽ സ്പർശിച്ചു.സ്തംഭിച്ചു പോയത് അവളുടെ കണങ്കാലുകൾ ആണ് . തറഞ്ഞു പോയ നിമിഷങ്ങൾ .. ഭക്ഷണസമയത്തു 
ചോദിച്ചതിനൊക്കെ ഹൃദ്യമായി ഉത്തരം നൽകി. 
മാധവ് കൈകഴുകുമ്പോൾ മൗസൂ പറഞ്ഞു ..
"അമ്മേ, അച്ഛൻ ഇന്ന് ഹോട്ടലിൽ താമസിക്കാം എന്ന് പറഞ്ഞതാണ് , ഞാനാണ് വേണ്ട , ഇവിടെ മതി എന്ന് നിർബന്ധം പിടിച്ചത് , യു ഡോണ്ട് മൈൻഡ് ഇല്ലേ ?'
നിസ്സഹായതയോടെ ആമോദിനി മകളെ നോക്കി ,
മൗസു അപ്പോഴേക്കും പറഞ്ഞു. 
അക്കയോട് , താഴത്തെ ഗസ്റ്റ് ബെഡ്‌റൂമിൽ വിരിമാറ്റാൻ പറഞ്ഞിട്ടുണ്ടു ഞാൻ . .
അച്ഛന് മുകളിലെ നിന്റെ ബെഡ്‌റൂം ഉപയോഗിക്കാമല്ലോ , നീ ഇന്ന് എൻ്റെ കൂടെ കിടക്കൂ "
" അമ്മാ പ്ളീസ് , ഞാൻ എൻ്റെ റൂം മിസ് ചെയ്തു . അച്ഛൻ താഴെ റൂമിൽ കിടന്നോളും.. "
അവൾ കൊഞ്ചിപ്പറയാൻ തുടങ്ങി ... ഉടനെ
അച്ഛന്റെ കൈപിടിച്ച് താഴത്തെ മുറി കാണിക്കാൻ കൊണ്ടുപോവുകയും ചെയ്തു. .

താനും , മാധവും അടുത്തടുത്ത മുറികളിൽ ..
ഒരേ മുറിയിൽ ഒന്നിച്ചു കിടന്നവർ  അപരിചിതരെന്ന പോലെയായാൽ അവിടെ .... രണ്ടുപേരുടെയും ഭാഷ മൗനമായി മാറുന്നു .. മനസ്സിലാകുന്നില്ല എന്ന വ്യാജേന  പരസ്പരം കബളിപ്പിക്കാം ഈ രാത്രിയിൽ .

മൗസൂ രണ്ടുപേർക്കും  ഗുഡ്നൈറ്റ് പറഞ്ഞിട്ട് അവളുടെ മുറിയിലേക്ക് പോയി .

ഒൻപതുമണി കഴിഞ്ഞിരിക്കുന്നു ... അൻപിനെ ഈ രാത്രിയിൽ തനിയെ വിടാൻ സാധിക്കില്ല , അവളുടെ വീടിന്റെ അടുത്തുള്ള ഓട്ടോ വിളിപ്പിച്ചു , പറഞ്ഞയച്ചു . മാധവിനോടും ശുഭരാത്രി പറഞ്ഞു .
മുറിയിൽ കയറിയതും അപർണയെ വിളിച്ചു , ഒറ്റ ശ്വാസത്തിൽ ആണ് എല്ലാം വിശദമായി പറഞ്ഞത് .
" അയാൾക്ക് പശ്ചാത്താപമുണ്ട് , തിരികെ വരാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.. "
" നീ കരിനാക്ക് വളക്കാതെ, എനിക്കത് ആലോചിക്കാനും കൂടി വയ്യ ..
ആ ഡിവോഴ്സ് കാലങ്ങളിൽ ഞാൻ അനുഭവിച്ച വേദന , കാര്യം എന്താണെന്ന്  അറിയാതെ  പകച്ചു നിന്ന നിമിഷങ്ങൾ . അതിനെ എങ്ങനെ അതിജീവിച്ചു എന്ന് ആർക്കും  അറിയില്ലെങ്കിലും നിനക്ക് അറിയാം "
"ഒരു പക്ഷെ നീയും മോളും , മുംബൈ വിട്ടപ്പോൾ അയാൾ ഒറ്റപെട്ടപോലെ തോന്നിക്കാണും , പിന്നെ മൗസുവിനോടുള്ള അതിരു കവിഞ്ഞ സ്നേഹം , വാത്സല്യം , നിന്നെ തിരികെ വിളിക്കാൻ പ്രേരിപ്പിച്ചിരിക്കും "
" അങ്ങനെ തോന്നുമ്പോൾ വിടാനും , പിന്നെ തിരികെ വിളിക്കുമ്പോൾ എല്ലാം മറന്നു ചെല്ലാനും ഞാൻ എന്താ യന്ത്രപ്പാവയോ ?"
" എനിക്ക് മനസ്സിലാകും നീ പറയുന്നത്  നമുക്ക് കാത്തിരിക്കാം എന്ത് സംഭവിക്കുന്നു എന്നറിയാൻ ."
താൻ  സ്നേഹിക്കപ്പെടുവാൻ മാത്രം ആഗ്രഹിച്ചവളാണ്.. പക്ഷേ അകാരണമായ വേദനയായി മാറിയ  ദാമ്പത്യം , പ്രണയം ,ജീവിതം എല്ലാം ...

ബാൽക്കണിയിൽ കാലനക്കം കേട്ടു കൂടെ സിഗരറ്റിന്റെ ഗന്ധവും ..
മാധവ്‌ വീണ്ടും  പുകവലിക്കാൻ തുടങ്ങിയോ ? പ്രണയനാളുകളിലെ കലഹം മിക്കവാറും ഇതേ ചൊല്ലിയായിരുന്നു .
കല്യാണം കഴിഞ്ഞപ്പോൾ ആ ശീലം അയാൾ ഉപേക്ഷിച്ചിരുന്നു .
മാധവ് നിന്നിടത്തേക്ക് ആമോദിനി കടന്നു ചെന്നു.
വീണ്ടും ഇത് തുടങ്ങിയോ മാധവ് .. ? "
മറുപടി നൽകാതെ അയാൾ അവളെ നോക്കി .
പിന്നെ മന്ത്രിച്ചു .
നീയില്ലാത്ത ഒരു  ലോകത്തേയ്ക്ക് ഞാൻ ചുരുങ്ങിക്കഴിഞ്ഞു.അവിടെ വേറെ ഒരാളും ഇല്ല .. സ്നേഹിക്കാൻ ആരും ഇല്ലാത്തപോലെ ... സത്യം പറയുകയാണ് .. ഞാൻ നിന്നെ പ്രണയിച്ചിരുന്നുവെന്ന്.. നിന്റേതായിരുന്നുവെന്ന് ... 
നമ്മൾ ഒന്നിച്ചു സ്വപ്‌നങ്ങൾ നെയ്തിരുന്നുവെന്ന് ..., അത് ഓർമിക്കാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല.."

താൻ മാധവിൽ  നിന്നും ഒരുപാടകലെയാണ്.. മനസ്സുകൾ തമ്മിൽ ഒരുപാട് അകന്നുപോയിരിക്കുന്നു ... അയാൾക്കറിയില്ല...ഒരിക്കലും നടന്നെത്താൻ പറ്റാത്ത ഒരു  യാത്രയിലാണു താനെന്ന് .. അടുക്കാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക്..ദൂരേക്ക് ദൂരേക്ക്  പോയ്‌ക്കൊണ്ടിരിക്കുന്ന ഒരു വഴിയാത്രക്കാരിയാണ് താനെന്ന് ആമോദിനിയുടെ മനസ്സും പറഞ്ഞു..
ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്ന് മുറിയിൽ കയറി വാതിലടച്ച് കുറ്റിയിടുമ്പോൾ ആമോദിനിയുടെ ഉള്ളം വല്ലാതെ മുറുകിനിന്നു ..
                തുടരും..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക