Image

ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയെങ്കിൽ വിശക്കുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി

Published on 25 September, 2021
ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയെങ്കിൽ  വിശക്കുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി
പട്ന: ശ്രീകൃഷ്ണന്‍ വെണ്ണ കട്ടുതിന്ന കഥയോടുപമിച്ച്‌ മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി. നളന്ദ ജില്ലയിലെ ഹര്‍നൗട് പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മധുരപലഹാരങ്ങള്‍ ഒരു കുട്ടി മോഷ്ടിക്കുകയും അതിനെതിരെ വീട്ടുടമസ്ഥ  പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടി തനിക്ക് വിശന്നിട്ടാണ് പലഹാരങ്ങള്‍ എടുത്തുകഴിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. 

തുടര്‍ന്നായിരുന്നു കോടതിയുടെ ഏറ്റവും ശ്രദ്ധേയമായ  വിധി വന്നത്. 'ശ്രീകൃഷ്ണന്റെ വെണ്ണമോഷണം ഒരു കുസൃതിയായി കണക്കാക്കുമ്ബോള്‍ ഭക്ഷണമില്ലാതെ വിശന്നിരുന്ന സമയത്ത് കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതിനെ   ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെ'ന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കുട്ടിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

സ്വന്തം കുട്ടി പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരെങ്കിലും പരാതി നല്‍കുകയും ജയിലില്‍ അടക്കുകയും ചെയ്യുമോയെന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകനോട് ജഡ്ജി ചോദിച്ചു. 

സംഭവത്തില്‍ കുട്ടിയുടെ പിതാവ് കിടപ്പുരോഗിയും അമ്മ മാനസിക പ്രശ്‌നമുള്ളയാളുമാണെന്ന് കോടതി അന്വേഷിച്ച്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. 

 തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം കോടതി അമ്മാവനെ ഏല്‍പിച്ചു. കൂടാതെ കുട്ടിയുടെ വിദ്യാഭ്യാസവും മറ്റ് ആവശ്യങ്ങളും ഭോജ്പൂര്‍ ശിശു സംരക്ഷണ വകുപ്പിനോട് ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക