Image

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി

ജോബിന്‍സ് Published on 25 September, 2021
കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ ശക്തമായ ശ്രമങ്ങള്‍ സംസ്ഥാന ബിജെപിയുടെ അകത്തളങ്ങളില്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളാണ് ഈ നീക്കള്‍ക്ക് പിന്നിലെന്നും ഏവര്‍ക്കുമറിയാാം. എന്നാല്‍ ഇതൊക്കെ രഹസ്യമാണ്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് വരുത്തി തീര്‍ക്കാനാണ് പുറമേ ഇവരെല്ലാം ശ്രമിക്കുന്നതും. എന്നാല്‍ പരസ്യമായി ഒരു മുതിര്‍ന്ന നേതാവ് തന്നെ കെ. സുരേന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് 

പി.പി. മുകുന്ദനാണ് പരസ്യമായി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു ചാനലിനോട് പ്രതികരിക്കവെയാണ് മുകുന്ദന്‍ ഈ ആവശ്യം ഉന്നയിച്ചത്. മാത്രമല്ല നിശിതമായ വിമര്‍ശനമാണ് പി.പി. മുകുന്ദന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. ഒരു പ്രസ്താവന പോലും നല്‍കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞെന്ന് മുകുന്ദന്‍ പറഞ്ഞു. കുഴല്‍പ്പണം , കോഴ കേസ് എന്നിവ ഉയര്‍ന്ന സാഹചര്യത്തില്‍ കെ. സുരേന്ദ്രന്‍ ഉടന്‍ രാജിവയ്ക്കണമെന്നും കേന്ദ്ര തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു. 

ഇക്കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കവെയാണ് പി.പി. മുകുന്ദന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നേതൃമാറ്റം സംബന്ധിച്ച ചോദ്യത്തിന് കെ .സുരേന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക