Image

കടുപ്പിച്ച് സുധീരന്‍ ; എഐസിസി അംഗത്വവും രാജിവച്ചു.

ജോബിന്‍സ് Published on 27 September, 2021
കടുപ്പിച്ച് സുധീരന്‍ ; എഐസിസി അംഗത്വവും രാജിവച്ചു.
കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ ദേശീയ
നേതൃത്വമടക്കം രംഗത്തിറങ്ങി ശ്രമങ്ങള്‍ നടത്തുന്നതിനിടെ എഐസിസി അംഗത്വവും സുധീരന്‍ രാജിവച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലപ്രദമായ രീതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നാരോപിച്ചാണ് സുധീരന്‍ എഐസിസി അംഗത്വം രാജിവച്ചത്. 

സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി തുറന്നു പറഞ്ഞായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും സുധീരന്‍ രാജിവച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു ഇതില്‍ ദു: ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചോര്‍ത്തു. 

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നുള്ള രാജിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സുധീരന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുള്ള തെറ്റുകള്‍ക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സുധീരന്റെ തീരുമാനം. 

ദേശീയ നേതൃത്വം തന്നെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും കെ.സി. വേണുഗോപാലാണ് ദേശീയ തലത്തില്‍ തനിക്ക് പദവികള്‍ ലഭിക്കാനുള്ള സാധ്യതകള്‍ മുടക്കുന്നതെന്നും സുധീരന് പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത് അനുനയ നിലപാടല്ല. 

സുധീരന് അവസരം നല്‍കിയിട്ടും അദ്ദേഹം പ്രയോജനപ്പെടുത്തിയില്ലെന്നാണ് സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മാത്രമല്ല വി.ഡി സതീശന്‍ സുധീരന്റെ വീട്ടിലെത്തി ക്ഷമ പറഞ്ഞതില്‍ സുധാകരന് കടുത്ത അതൃപ്തിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക