Image

ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

പി. ടി. പൗലോസ് Published on 27 September, 2021
ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം
ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2021 സെപ്റ്റംബര്‍ 19 ഞായര്‍ വൈകുന്നേരം 5.30 ന് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനും സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവുമായ സി. എം. സി യുടെ അദ്ധ്യക്ഷതയില്‍ നടന്നു. സദസ്സിനെ സമ്പന്നമാക്കിയ സഹൃദയരായ സുഹൃത്തുക്കളെ സര്‍ഗ്ഗവേദിയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തുകൊണ്ട് പി. ടി. പൗലോസ്  ''ശ്രീനാരായണഗുരു എന്ന  യുക്തിവാദി ''  എന്ന തന്റെ പ്രബന്ധം അവതരിപ്പിച്ചു.
 
 
മത - രാഷ്ട്രീയ നേതാക്കള്‍ വര്‍ഗ്ഗീയവിഷം കുത്തിവച്ചു കേരളത്തിലെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുന്ന ഈ വര്‍ത്തമാനകാലത്ത് ഇതുപോലൊരു വിഷയം അമേരിക്കയില്‍ ചര്‍ച്ചക്കെടുക്കുന്നത് തികച്ചും അനുചിതമായിരിക്കും എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് പൗലോസ് തന്റെ പ്രസംഗത്തിലേക്കു  കടന്നു. കേരള സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ആരംഭകാലം മുതല്‍ ജൈനമതത്തിലൂടെയും ബുദ്ധമതത്തിലൂടെയും സ്വതന്ത്ര ചിന്തയുടെ ഒരു കൈവഴിയും വ്യക്തമായി രൂപപ്പെട്ടിരുന്നു.
 
 
ജാതിവ്യവസ്ഥിതിയില്‍ അധിഷ്ടിതമായ ആര്യന്മാരുടെ ഹിന്ദുമതം കേരളത്തില്‍ എത്തുന്നത് എ.ഡി. ആറാം നൂറ്റാണ്ടോടുകൂടിയാണ്. ആര്യന്മാരുടെ കടന്നാക്രമണം ജൈന ബുദ്ധ മതങ്ങളെയും സ്വതന്ത്രചിന്തയേയും നശിപ്പിച്ചു. ബുദ്ധ ജൈന സന്യാസിമാര്‍ കൂട്ടത്തോടെ വധിക്കപ്പെട്ടു. അവരുടെ വിഹാരങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളായി മാറ്റപ്പെട്ടു. എല്ലാവിധ അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അധിഷ്ടിതമായ കേരളചരിത്രത്തിന്റെ ഇരുള്‍ മൂടിയ ഒരു കാലത്തിന്റെ തുടക്കമായിരുന്നു അത്. സവര്‍ണ്ണമേധാവിത്വം സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാലത്താണ് 1856 ല്‍ പിന്നോക്ക വിഭാഗമായിരുന്ന ഈഴവ സമുദായത്തില്‍ ശ്രീനാരായണഗുരുവിന്റെ ജനനം. അദ്ദേഹം സവര്‍ണ്ണഹിന്ദുമതത്തിന് എതിരെ ഒരു സമാന്തരവിപ്ലവത്തിന് തുടക്കം കുറിച്ചു.  അത് യാഥാസ്ഥിതിക ഹിന്ദുമതത്തെ പിടിച്ചുകുലുക്കി ഒരു നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം കൂടിയായി.
 
 
 
ഉദാത്തമായ  മാനവമൂല്യങ്ങളില്‍ അടിയുറച്ച ഒരു ആദര്‍ശലോകത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹം പിന്നീട് നടത്തിയത്. മനുഷ്യപുരോഗതിക്കു തടസ്സമായ ജാതിഭ്രാന്തു മാറണമെങ്കില്‍ ജാതിയുടെ സ്ഥാനത്ത് ''മനുഷ്യന്‍'' എന്ന വിശിഷ്ടവ്യക്തിയെ സൃഷ്ടിക്കുക മാത്രമേ പോംവഴിയുള്ളു അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. ഇങ്ങനെ അത്യന്തം മഹത്തായ ചിന്ത നാരായണഗുരുവില്‍ ഉളവായത് അന്ന് നിലവിലുരുന്ന അന്ധവിശ്വാസങ്ങളെ യുക്തിയുടെ മൂര്‍ച്ചയുള്ള വാളിനാല്‍ അരിഞ്ഞുതള്ളിയതിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ സന്ദേശങ്ങളിലെ വിപ്ലവാത്മകത ഇരുണ്ട കാലഘട്ടത്തില്‍നിന്ന് പ്രബുദ്ധമായ ഒരു യുഗത്തിലേക്ക് കേരളത്തെ തിരിച്ചുവിടാന്‍ സാധിച്ചു എന്ന് പി. ടി. പൗലോസ് പറഞ്ഞുനിറുത്തി.
തുടര്‍ന്ന് സംസാരിച്ച മനോഹര്‍ തോമസ് മതാതീതമായ ആത്മീയതയുടെ ഗുരുവും വഴികാട്ടിയും ആയിരുന്നു ശ്രീനാരായണഗുരു എന്ന് പറഞ്ഞു. അദ്ദേഹം നടത്തിയ ഈഴവ ശിവ പ്രതിഷ്ഠയും കണ്ണാടിപ്രതിഷ്ഠയുമെല്ലാം ഈശ്വരന്‍ മനുഷ്യന്റെ ഉള്ളിലാണെന്ന സത്യത്തിന്റെ ബോദ്ധ്യപ്പെടുത്തലുകള്‍ ആയിരുന്നു എന്ന് മനോഹര്‍ കൂട്ടിച്ചേര്‍ത്തു.
 
 
ഇ. എം. സ്റ്റീഫന്‍ തന്റെ പ്രസംഗത്തില്‍ വേറിട്ടൊരു അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സാംസ്‌കാരിക കേരളത്തിന്റെ സൃഷ്ടിയില്‍ ശ്രീനാരായണഗുരുവിനെപോലെതന്നെ തുല്യപങ്ക് വഹിച്ച മഹാപ്രതിഭ ആയിരുന്നു ശ്രീശങ്കരാചാര്യര്‍. ഇവര്‍ രണ്ടുപേരും പ്രപഞ്ചത്തെ ഉയര്‍ന്ന ചിന്തകളാല്‍ വീക്ഷിക്കുകയും തിന്മകളുടെ തിരുത്തല്‍ശക്തികളായി ഉയരുകയും ചെയ്തവരാണ്. ദര്‍ശിനികന്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമല്ല, മാറ്റിമറിക്കുകകൂടി ചെയ്യുന്നു എന്ന് കാറല്‍ മാക്‌സ് എഴുതിയത് ഇവിടെ ചേര്‍ത്ത് വായിക്കുകകൂടി വേണം എന്ന് സ്റ്റീഫന്‍ പറഞ്ഞുനിറുത്തി.
 
ബാബു പാറക്കല്‍ തന്റെ ഹൃസ്വമായ പ്രസംഗത്തില്‍ ശ്രീനാരായണഗുരു ഈശ്വരന്‍ ഇല്ല എന്ന് പറഞ്ഞിട്ടില്ല എന്നും മനുഷ്യനാണ് ജീവിതത്തില്‍ മുന്‍തൂക്കം കൊടുക്കേണ്ടത് എന്നും പറഞ്ഞു. അമ്പലങ്ങളെക്കാളും പ്രതിഷ്ഠകളെക്കാളും മനുഷ്യന് വേണ്ടത് പള്ളിക്കൂടങ്ങളും പണിശാലകളും ആണ് എന്ന ഗുരുവിന്റെ അവസാനനാളുകളിലെ ഉപദേശം ബാബു ഓര്‍മ്മിപ്പിച്ചു.
 
മതത്തെ ഏതുരീതിയില്‍ മനുഷ്യന്‍ ഉള്‍ക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മനുഷ്യന്റെ പുരോഗതി എന്നുപറഞ്ഞുകൊണ്ടാണ് കോരസണ്‍ വറുഗീസ് തന്റെ പ്രസംഗം ആരംഭിച്ചത്. അരുവിക്കരയില്‍ ഗുരു പ്രതിഷ്ഠിച്ചത് മതത്തിന്റെ വിഗ്രഹമല്ല ,  ആത്മീയതയുടെ വിഗ്രഹമാണ്. കല്ലിനെ അപ്പമാക്കുക എന്ന് സാത്താന്‍ ആജ്ഞാപിച്ചപ്പോള്‍ അപ്പം കൊണ്ട് മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് എന്ന് മറുപടി കൊടുത്ത ജീസ്സസിന്റെ യുക്തിചിന്തയെയും കോരസണ്‍ പരാമര്‍ശിച്ചു. 
 
തുടര്‍ന്ന് സംസാരിച്ച മോന്‍സി കൊടുമണ്‍ ചവറ കുര്യാക്കോസ് അച്ചനെപ്പോലുള്ള സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. മതത്തെ അല്ല എതിര്‍ക്കേണ്ടത് മതത്തിലെ പുഴുക്കുത്തുകളെയാണ് എന്നും മോന്‍സി പറഞ്ഞു. മതം മനുഷ്യരെ പേടിപ്പിച്ചുകൊണ്ട് ചൂഷണം ചെയ്യുന്നു എന്നും ശ്രീനാരായണഗുരു പറഞ്ഞതിന് എതിരെ അനുയായികള്‍ പ്രവര്‍ത്തിക്കുന്നു എന്നുമായിരുന്നു ജോസ് ചെരിപുറത്തിന്റെ അഭിപ്രായം. തപസ്സിനു ശേഷമുള്ള ഉയര്‍ന്ന പ്രവാചകാവസ്ഥയിലേക്ക് മനുഷ്യന്‍ ഉയരുമ്പോഴാണ് യേശു, ബുദ്ധന്‍ ,  ശ്രീനാരായണഗുരു എന്നിവരെപ്പോലുള്ളവര്‍ ഉണ്ടാകുന്നത് എന്ന് രാജു തോമസ് പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കിയ മനുഷ്യസ്‌നേഹി ആയിരുന്നു ശ്രീനാരായണഗുരു എന്നും മതം മനുഷ്യരിലെ ആന്തരികചിന്തകളെ ഉണര്‍ത്തുകകൂടി ചെയ്യുന്നു എന്നും ഡോഃ തെരേസ ആന്റണി അഭിപ്രായപ്പെട്ടു.
 
ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും പരിപാടിയെ വിജയമാക്കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും പി. ടി. പൗലോസ് നന്ദി പറഞ്ഞതോടെ സര്‍ഗ്ഗവേദിയുടെ ഒരദ്ധ്യായംകൂടി പൂര്‍ണ്ണമായി.
 
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക