Image

പത്ത് കോടിയുടെ തട്ടിപ്പില്‍ കെ.സുധാകരനെതിരെ ഗുരുതര ആരോപണം

ജോബിന്‍സ് Published on 27 September, 2021
പത്ത് കോടിയുടെ തട്ടിപ്പില്‍ കെ.സുധാകരനെതിരെ ഗുരുതര ആരോപണം
പുരാവസ്തു കച്ചവടക്കാരനെന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ എന്ന വ്യക്തി പത്ത് കോടി രൂപ തട്ടിയെടുത്ത കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര ആരോപണം. തട്ടിപ്പിന് സുധാകരന്‍ കൂട്ടു നിന്നെന്നാണ് പരാതിക്കാരനായ അനൂപ് ആരോപിച്ചത്. 

സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം രൂപ മോന്‍സണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിദേശത്തു നിന്നും ലഭിക്കാനുള്ള രണ്ട് കോടി അറുപതിനായിരം രൂപ ഫെമ പ്രകാരം തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയത്. ഇതിന്റെ രേഖകളും കാണിച്ചു. എന്നാല്‍ ഇത് വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

തടഞ്ഞു വച്ചിരിക്കുന്ന പണം വിട്ടു കിട്ടാന്‍ കെ. സുധാകരന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു എന്നാല്‍ ഇത് നിക്ഷേപകര്‍ വിശ്വസിച്ചില്ല. ഇതേ തുടര്‍ന്ന് സുധാകരനുമായി താന്‍ മോന്‍സണന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്ന് അനൂപ് പറഞ്ഞു. 

2018 നവംബര്‍ 22 നായിരുന്നു സംഭവമെന്നും വിഷയത്തില്‍ പാര്‍ലമെന്റ് അക്കൗണ്ടസ് കമ്മിറ്റിയെ ഇടപെടുത്താമെന്നും ഫെമ പ്രകാരം തടഞ്ഞു വച്ചിരിക്കുന്ന പണം എത്രയും വേഗം വിട്ടുകിട്ടാന്‍ സഹായിക്കാമെന്നും സുധാകരന്‍ പറഞ്ഞതായും ഇതേ തുടര്‍ന്ന് സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നും അനൂപ് പറഞ്ഞു. 

അരോപണം ഇതിനകം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെതിരെയുള്ള ആരോപണം വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കായിരിക്കും വഴിമരുന്നിടുക.

മന്ത്രി റോഷി അഗസ്റ്റിന്‍, ഡിജിപ് അനില്‍ കാന്ത് എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടി ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് , ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സ്ഥിര സന്ദര്‍കരാണെന്നും പരാതിക്കാര്‍ ആരോപിച്ചു. 

കെ.സുധാകരന് തട്ടിപ്പുമായി എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്നും തങ്ങളുടെ പക്കലുള്ള രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാര്‍ പറഞ്ഞു മുന്‍ ഡിഐജി എസ് .സുരേന്ദ്രനുമായും ഇദ്ദേഹത്തിനുള്ള ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക