Image

കെപിസിസി നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും

ജോബിന്‍സ് Published on 27 September, 2021
കെപിസിസി നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും
കെപിസിസി നേതൃത്വത്തിനെതിരെ നിലപാടെടുത്ത് വി.എം സുധീരന്‍ സ്ഥാനങ്ങള്‍ രാജിവച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ പരാതിയുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടാണ് മുല്ലപ്പള്ളി പരാതി ഉന്നയിച്ചത്. 

ഏകാധിപത്യശൈലിയിലാണ് കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനമെന്നും എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടതായാണ് വിവരം. കെപിസിസി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് താരിഖ് അ്ന്‍വര്‍ കേരളത്തിലെത്തിയിരിക്കുന്നത്. 

താരിഖ് അന്‍വര്‍ ഇന്നലെ മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് താരിഖ് അന്‍വര്‍ മുല്ലപ്പള്ളിയെ കാണാന്‍ എത്തിയില്ല. ഇതോടെ മുല്ലപ്പള്ളി താരിഖ് അന്‍വറിനെ വിളിച്ച് അതൃപ്തി അറിയിക്കുകയും അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന സന്ദേശം നല്‍കുകയുമായിരുന്നു. 

ഇതോടെയാണ് താരിഖ് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായി എത്തിയത്. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുല്ലപ്പള്ളിയെ മുന്‍കൂട്ടി അറിയിച്ച കൂടിക്കാഴ്ച താരിഖ് അന്‍വര്‍ മാറ്റിവച്ചതെന്നാണ് സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക