അഭയം ( കവിത : ജിത്തു ധർമ്മരാജ് )

Published on 27 September, 2021
അഭയം ( കവിത : ജിത്തു ധർമ്മരാജ് )
മുറിവുകളൊക്കെ,
വ്രണമായ് പഴുത്തു ...

കർക്കിടകത്തിലെ
അമാവാസിയിൽ
ഒരു
പാതിരാനക്ഷത്രത്തെ
കാണാൻ മോഹിച്ച്,
ശാഠ്യം പിടിച്ച
ബാല്യകാലം
ഓർമ്മയിൽ തെളിയുന്നു.

അകാലത്തിൽ പൊലിഞ്ഞ,
അച്ഛന്റെ വാത്സല്യം..
തേങ്ങലായി
ഇറ്റു വീണെന്റെ
നെറുകയിൽ കത്തുന്നു...

മഴ നനയുന്ന
കുരിശിന്റെ ചില്ലയിൽ
ഒരീറൻ നിലാവ്
കൂടുകൂട്ടുന്നു..

ജന്മബന്ധങ്ങളുടെ
കർമ്മ കാണ്ഡങ്ങളിലൂടെ
ഭൂതവും ഭാവിയുമില്ലാതെ
വർത്തമാനം മാത്രം
വൃഥാ സഞ്ചാരം തുടരുന്നു..

പക്ഷാഘാതത്തിന്റെ
ശരശയ്യയിലോർമ്മ
ഊർദ്ധശ്വാസം വലിക്കുന്നു..

അമ്മ,
അറിവും
അമൃതവുമാകുന്നു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക