Image

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

Published on 29 September, 2021
 ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍


അബുദാബി/ മസ്‌കറ്റ്: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒമാന്‍ തുടക്കമിട്ട ദീര്‍ഘകാല താമസവിസ പദ്ധതിയുടെ ഭാഗമായി ആദ്യമായി റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍. ഒമാന്‍ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫില്‍ നിന്ന് ഡോ. ഷംഷീര്‍ റെസിഡന്‍സി കാര്‍ഡ് സ്വീകരിച്ചു. മസ്‌കറ്റില്‍ നടന്ന ചടങ്ങിലാണ് ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിട്ട് ഒമാന്‍ സര്‍ക്കാര്‍ 22 നിക്ഷേപകര്‍ക്ക് റസിഡന്‍സി കാര്‍ഡ് കൈമാറിയത്.

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ്
മസ്‌ക്കറ്റിലെ ബുര്‍ജീല്‍ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിരുന്നു.

ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ ഒമാന്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി രാജ്യത്തിന്റെ സാന്പത്തിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിക്കും സാങ്കേതിക വളര്‍ച്ചയ്ക്കും ഗുണകരമാകും. വിവിധ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാനും അവരുടെ സേവനവും വൈദഗ്ദ്യവും രാജ്യത്തിനായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഒമാന്‍ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.


പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംഷീറിന് ലഭിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമായാണ് ഒമാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 2019 ജൂണില്‍ ഡോ. ഷംഷീറിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഡോ. ഷംഷീറിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരാണ് ആദ്യദിനം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക