Image

സുന്ദരികളും സുന്ദരന്മാരും ; പുസ്തക ആസ്വാദനം : ശ്യാമ. ഇ

Published on 02 October, 2021
സുന്ദരികളും സുന്ദരന്മാരും ; പുസ്തക ആസ്വാദനം : ശ്യാമ. ഇ
മലയാള സാഹിത്യത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന ഒരു ഇതിഹാസ മാനമുള്ള കലാസൃഷ്ടിയാണ് ഉറൂബിന്റെ ' സുന്ദരികളും സുന്ദരന്മാരും ' എന്ന നോവൽ. മലബാർ കലാപത്തിന്റെ പശ്ചാത്തല ഭൂമികയിൽ നിന്ന് നോവൽ ആരംഭിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സംസ്‌ക്കാരിക ചരിത്രത്തിൽ കോളിളക്കം നിറഞ്ഞൊരു കാലഘട്ടമായിരുന്നു അത്. ബ്രിട്ടീഷ് ഭരണകൂടം പേര് നൽകിയ മാപ്പിള ലഹളക്കാലം..അതായത് മലബാർ കലാപം. ആ കലാപത്തിൽ ഒറ്റപ്പെട്ടു പോയ കുഞ്ചുക്കുട്ടി തന്റെ പഴയ കാമുകനായ രാമൻ മാസ്റ്ററുടെ വീട്ടിലെത്തുന്നു. ഇരുമ്പൻ ഗോവിന്ദൻ നായരായിരുന്നു കുഞ്ചുക്കുട്ടിയുടെ ജീവിത പങ്കാളി. കലാപത്തിൽ കുഞ്ചുക്കുട്ടിക്ക് അദ്ദേഹത്തെ നഷ്ടപ്പെടുന്നു. ഗർഭിണിയായ കുഞ്ചുക്കുട്ടി രാമൻ നായരുടെ വീട്ടിൽ വച്ച് പ്രസവിക്കുന്നു. അതാണ് കഥയിലെ നായകനായ വിശ്വം.

 മലബാർ കലാപത്തിൽ നിന്നുണർന്ന ചൈതന്യത്തിന്റെ പൊടിപ്പാണ് വിശ്വം. രാമൻനായർ മാസ്റ്ററുടെ ദുരിതവും ദുഃഖവും നിറഞ്ഞ വീട്ടിൽ വിശ്വം നിശബ്ദനായി വളർന്നു. അയാൾക്ക് പരാധിയും പരിഭവവുമില്ല. രാമൻ മാസ്റ്ററുടെ മകളായ രാധയെ പോലെ പൊട്ടിച്ചിരിക്കാനോ , മകനായ ഗോപാലകൃഷ്ണനെ പോലെ ഒച്ചയെടുക്കാനോ അവനാവില്ല. എപ്പോഴും ഒരു ആലോചനാ ഭാവംഅയാൾ എപ്പോഴും സ്വതന്ത്രമായൊരു ലോകത്തായിരുന്നു. ഒരു കഥ കേട്ടാൽ അതേ കുറിച്ചുതന്നെ ചിന്തിച്ചിരുന്നു പ്രകൃതം. എന്തും എളുപ്പം വിശ്വസിക്കും. പ്രശാന്ത സ്വഭാവക്കാരനാണ്. രാധ പറഞ്ഞത് കേട്ട് അയൽ വീട്ടിൽ നിന്ന് കോഴിമുട്ടയെടുത്ത് വിശ്വം മണ്ണിൽ കുഴിച്ചുവച്ചത് ഓർത്തുപോകുന്നു. മരം വളർന്ന് പൂത്തു കായ്ക്കുന്നതുപോലെ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു വരുന്നതും കാത്തിരിക്കുന്ന വിശ്വത്തെയാണ് നാം കാണുന്നത്. 

ഓരോ ദിവസവും പിന്നിടുമ്പോൾ ചുറ്റുപാടുമുള്ള പ്രപഞ്ചം തന്നെ മാറ്റിവിളിക്കുന്നതായി വിശ്വത്തിന് തോന്നി. ഭൂമിയുടെ അറ്റം കണ്ടുപിടിക്കണം. അതിനായ് യാത്ര ചെയ്യുക. ആരോടും പറയാതെ ഇടയ്ക്കിടെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിക്കുന്ന സ്വഭാവം കുട്ടിക്കാലത്തു തന്നെ വിശ്വത്തിനുണ്ട്. ഭൂമിയുടെ അറ്റം തേടി യാത്ര പുറപ്പെട്ട വിശ്വം വഴിയിൽ തളർന്നു വീണപ്പോൾ ശാന്തയുടെ വീട്ടിൽ അഭയം കിട്ടി. അവിടെ വച്ച് അയാൾ നൃത്തം പഠിച്ചു. ശാന്തയ്ക്ക് വിശ്വത്തോട് എന്തെന്നില്ലാത്ത സ്നേഹം തോന്നിത്തുടങ്ങി. ആ ദേവതയെ വിശ്വവും സ്നേഹിക്കാൻ തുടങ്ങി. എന്നാൽ വിധി അവർക്ക് അനുകൂലമായില്ല. ശാന്തയെ കർത്തികേയൻ എന്ന പണക്കാരന് വിവാഹം ചെയ്തു കൊടുത്തു. ജീവിത യാത്രയിൽ ഒരു താൽക്കാലിക വിശ്രമകേന്ദ്രം മാത്രമായിരുന്നു വിശ്വത്തിന് ശാന്തയുടെ വീട്. അവിടെയും വേരുറപ്പിക്കാൻ വിശ്വത്തിനു കഴിഞ്ഞില്ല. ശാന്തയുടെ വിവാഹം കഴിഞ്ഞയുടനെ വിശ്വം ആ വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ടു. ആത്മഹത്യക്ക് ഒരുങ്ങിയ അയാളെ കടൽക്കരയിൽ വച്ച് ഇരുമ്പൻ ഗോവിന്ദനായർ രക്ഷിച്ചു. മാപ്പിളകലാപ കാലത്ത് മതം മാറാൻ നിർബന്ധിതനായ സ്വന്തം പിതാവാണ് തന്നെ രക്ഷിച്ചതെന്ന് വിശ്വം അറിഞ്ഞില്ല.


             നിഴലായി നീങ്ങിയ വിശ്വത്തിന് ശക്തി ലഭിച്ചത് മരണം മുന്നിൽ കണ്ട നിമിഷത്തിലായിരുന്നു. വിശ്വത്തിന് അതൊരു പുനർജന്മം ആയിരുന്നു. ഇതിനിടയിൽ അനാഥരായി തീർന്ന രാധയെയും ഗോപാലകൃഷ്ണനെയും വിശ്വം യാദൃശ്ചികമായി കണ്ടുമുട്ടി. സ്വന്തം താമസ സ്ഥലത്ത് കൂട്ടിക്കൊണ്ട് പോയി. രാധയെ പ്രേമിച്ചിരുന്ന കുഞ്ഞിരാമൻ യുദ്ധ രംഗത്തുവച്ചു മരിച്ചു. അതോടെ വിശ്വം രാധയുടെ രക്ഷകനായി. ഭർത്താവായ കർത്തികേയനുമായി തെറ്റിയ ശാന്ത വിശ്വനെ വീണ്ടും തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. പ്രതികാര ദാഹിയായ ശാന്ത വിശ്വത്തെ ജാപ്പനീസ് ഏജന്റാക്കി മദ്രകുത്തി അറസ്‌റ്റ് ചെയ്യിച്ചു. ഇരുമ്പൻ ഗോവിന്ദനായർ വിശ്വത്തെ ജയിൽ വിമോചിതനാക്കി. ശാന്തയോട് വിട പറയുന്നതിനിടയിൽ വിശ്വം പറഞ്ഞ വാക്കുകൾ ഏറെ ചിന്തനീയമാണ്. "നിങ്ങൾക്ക് നിങ്ങളുടെ വഴി. എനിക്ക് എന്റെ വഴി. നീ ആരാണെന്ന് എനിക്കറിയാം". ജയിൽ ജീവിതം വിശ്വത്തെ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പഠിപ്പിച്ചു. നിരന്തരമായ അന്വേഷണത്തിന്റെ അവസാനം വിശ്വം താനാരാണ് എന്താണ് എന്ന് തിരിച്ചറിയുന്നു. 

ഇഷ്ടപുരുഷൻ നഷ്ട്ടപ്പെട്ട് ദുഃഖാർഥയായ രാധയ്ക്ക് വീണ്ടും ജീവിതത്തിന്റെ വെളിച്ചമേകാൻ വിശ്വം തയ്യാറാവുന്നു. അങ്ങനെ ശൂന്യതയിൽ നിന്നാരംഭിച്ച യാത്ര അതിന്റെ ലക്ഷ്യത്തിലെത്തുന്നു. നിഴലുകൾ നിറഞ്ഞ ലോകത്തിൽ വെളിച്ചത്തിന്റെ പാത തേടുന്ന ഒരു സത്യാന്വേഷിയാണ് വിശ്വം. അയാൾ എങ്ങും നന്മയുടെ സൗന്ദര്യം കണ്ടെത്തുന്ന വ്യക്തി ആണ്. ആദ്യമാദ്യം സ്വപ്നാടകനെ പോലെ അലയുന്ന വിശ്വം ഒടുവിൽ ജീവിത ലക്ഷ്യം എന്തെന്ന് തിരിച്ചറിയുന്നു. ആകാശ കുസുമങ്ങളെ കുറിച്ചുള്ള ചിന്തവിട്ട് അയാൾ മണ്ണിൽ ചെടികൾ വളർത്തുന്നു. അവയിൽ തളിരും പൂവും വിടരുമ്പോൾ ജീവിത സാഫല്യമായി എന്ന് ആനന്ദിക്കുന്നു.
ഒരു സാധാരണ മനുഷ്യജീവിയെ അനുഭവങ്ങളിലൂടെ ശുദ്ധീകരിച്ച നവീനമായ ദർശനത്തിൽ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു. പുതിയ ലോകത്തെയും പുതിയ ആകാശത്തേയും ഉറ്റുനോക്കുന്ന വായനക്കാർക്ക് വിശ്വം ഒരു ആകാശകേന്ദ്രമാണ്. 'ചാർത്തിക്കിട്ടിയ കുട്ടി മുതൽ പ്രപഞ്ചം പിന്നെയും തളിർക്കുന്നു' വരെ നീണ്ടു നിൽക്കുന്ന ഈ ആഖ്യാന കാവ്യത്തിൽ മലയാള ഭാവുകത്വത്തിന്റെ ആധുനിക ദശയിലെ സവിശേഷമായ ജീവിതമാനങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ചരിത്ര പശ്ചാത്തലത്തിൽ എഴുതപ്പെട്ട വ്യക്തി ജീവിതത്തിന്റെയും ജീവിത സംഘർഷങ്ങളുടെയും കഥ എന്ന ഒരു ലളിത സമവാക്യത്തിനപ്പുറത്ത് ഈ നോവൽ എന്നും മലയാളികളെ സ്വാധീനിച്ചു കൊണ്ടിരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക