Image

അനഘ (ഡോളി തോമസ് കണ്ണൂർ)

Published on 05 October, 2021
അനഘ (ഡോളി തോമസ് കണ്ണൂർ)
" മോളേ സൂക്ഷിച്ചു പോണേ.."
   അമ്മ ഓർമ്മപ്പെടുത്തി.
   
     അനഘ  ചെരുപ്പിട്ടു. ഉമ്മറ തിണ്ണയിൽ വച്ചിരുന്ന കുടയെടുത്തു.
     
     " ഓ .  സൂക്ഷിച്ചോളാമേ."
     
 അവൾ അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു . കണ്ണുകൊണ്ട് ഒരിക്കൽ കൂടി യാത്ര ചോദിച്ചു ഗേറ്റ് തുറന്ന്  റോഡിലേക്കിറങ്ങി.

     ശിവന്റെ അമ്പലത്തിനടുത്താണ് സ്കൂൾ. ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ സ്കൂൾ എത്തും.
     
     താൻ ആദ്യക്ഷരം കുറിച്ച വിദ്യാലയ
ത്തിൽ തന്നെ അധ്യാപികയായി ജോലി കിട്ടിയതിൽ അനഘക്ക് അതിയായ സന്താഷവും അഭിമാനവും തോന്നി.

     അനഘ വേഗം നടന്നു  .
      ആദ്യത്തെ വളവ് തിരിയുന്നിടത്ത്   പ്ലാസ്റ്റർ ഓഫ് പാരീസിൽ   ദൈവങ്ങളുടെ പ്രതിമകൾ നിർമിച്ച് വിൽപന നടത്തുന്ന ഒരു നാടോടി കുടുംബത്തെ കണ്ടു.
      അവർ  അവിടെ തമ്പടിച്ചിരിക്ക
 യാണ്.
ഇന്നലെ രാത്രി എപ്പോളോ വന്നതാണ്.
      എത്ര മനോഹരമായ  പ്രതിമകൾ.
കൂടുതലും നീലപ്പീലി ചൂടിയ ശ്രീകൃഷ്ണ
ന്റെ പ്രതിമകളാണ്.
  നിറം കൊടുക്കാത്ത പ്രതിമകളിൽ കുട്ടികൾ  ഭംഗിയായി ചായം തേക്കുന്നു
  ണ്ട്.. എത്ര സൂക്ഷ്മതയോടെയാണ് അവരുടെ കുഞ്ഞുവിരലുകൾ പ്രതിമകൾക്ക് നിറമിടുന്നത്.
 
     ജോലിക്കിടയിൽ അവർ മറ്റൊന്നും തന്നെ ശ്രദ്ധിക്കുന്നേയില്ല. പാകമല്ലാത്ത, അയഞ്ഞു തൂങ്ങിയ ഷർട്ടും നിക്കറുമായിരുന്നു അവരുടെ വേഷം.
      അതിൽ നിറയെ ചായം പറ്റിയിരി
 ക്കുന്നു.  പച്ചയും മഞ്ഞയും,ചുവപ്പും വെള്ളയും .  അങ്ങനെ  വിവിധ നിറങ്ങളിൽ കുട്ടികളെക്കാണാൻ നല്ല
 ചന്തം തോന്നി.

   അനഘ അവരെ കടന്ന് അമ്പലത്തിനു മുന്നിൽ എത്തി. ശ്രീകോവിലിന് നേരെ നിന്ന് തൊഴുതു.  
   സ്കൂളിൽ ചെല്ലുമ്പോൾ സമയം ഒമ്പതര.
   
      കുട്ടികൾ ഓടിയും നടന്നുമൊക്കെ വന്നു കൊണ്ടിരിക്കുന്നു.

അനഘ  അറ്റന്റൻസ്  രജിസ്റ്റ
റിൽ ഒപ്പിട്ടിട്ട്  സ്റ്റാഫ് റൂമിലേക്ക് ചെന്നു.

സ്റ്റാഫ് റൂമിൽ ചെല്ലുമ്പോൾ അവിടെ എല്ലാവരുമുണ്ട്.

"ഹായ് . അനഘടീച്ചർ . ഗുഡ് മോർണിംഗ്”
    എല്ലാവരും അനഘ യെ   സ്വാഗതം ചെയ്തു .

      ചെറിയ കുട്ടികളെ അക്ഷരം പഠിപ്പി
ക്കുക . അത് ഏറ്റവും രസം ഉള്ളതായി അനഘയ്ക്കു തോന്നി. കുഞ്ഞു കണ്ണുകളിലെ നിഷ്കളങ്കതയും കൗതുകവും പുഞ്ചിരിയും ഒക്കെ കൂടി സ്വർഗ്ഗത്തിലെത്തിയ പ്രതീതി!

   വിഷയം കണക്ക് ആയിരുന്നതിനാൽ അവർ പഠിച്ചതിന്റെ ബാക്കി എണ്ണൽ സംഖ്യകൾ ബോർഡിൽ എഴുതിയിട്ടു.
     എന്നിട്ട് ഓരോ അക്കങ്ങളായി പറ
ഞ്ഞുകൊടുത്തു പഠിപ്പിച്ചു.  കുട്ടികൾ അത് ഈണത്തിൽ ഏറ്റുചൊല്ലി.

.     വൈകുന്നേരം
  പ്രതിമകൾ വിൽക്കുന്നവരുടെ  ടെന്റിന് മുന്നിൽ പാറിപ്പറന്ന മുടിയും അഴുക്കു അഴുക്കുപുരണ്ട  വസ്ത്രങ്ങളുമായി ഒരു കൊച്ചു പെൺകുട്ടി പൊട്ടിയ മൺകലത്തിലെ വെള്ളത്തിൽ പാത്രം കഴുകുന്നുണ്ടായിരുന്നു.
  അവളുടെ കണ്ണുകളിൽ എന്തൊരു ദൈന്യതയാണ്.  . തന്റെ ക്ലാസ്സിലെ കുട്ടികളുടെ അതേ പ്രായം.   പാവം ....
 
   സ്വപ്നം കണ്ടു പാറിപ്പറന്നു നടക്കേണ്ട കാലത്ത് ...അവൾ..
   
   അനഘയ്ക്ക് വലിയ വിഷമം തോന്നി.

അടുത്ത ദിവസം സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ ആ കുട്ടിയെ അവളുടെ അച്ഛൻ തല്ലുന്നതും അവൾ ഉറക്കെ നിലവിളിച്ചു കൊണ്ട് ഓടുന്നതും കണ്ടു.  നിസ്സഹായയായ അമ്മ അയാളെ തടയുന്നതും അയാൾ അവരെ തള്ളി മാറ്റുന്നതും അനഘ കണ്ടു.   കൂടെയുള്ള  രണ്ട് ആൺകുട്ടികൾ പേടിച്ചരണ്ടു നിൽക്കുന്നു.

പാവം കുട്ടി ! എന്തിനാണവളെ ആ മനുഷ്യൻ ഇങ്ങനെ തല്ലുന്നത്.
അവൾക്കു സങ്കടം തോന്നി. കഷ്ടം ...

    പിറ്റേന്ന് അവളെ  കണ്ടപ്പോൾ അനഘ, അവളുടെ അടുത്തു ചെന്നു .      ദയനീയത.
      ആ കുഞ്ഞു കണ്ണുകളിൽ കൗതുകം, അത്ഭുതം !
      ,
  പിന്നീട്  അവളെ കാണുമ്പോഴൊക്കെ അനഘ അവളെ നോക്കി  പുഞ്ചിരി
ക്കാൻ മറന്നില്ല.  
   മെല്ലെമെല്ലെ അവളും  വിഷാദം കലർന്ന ഒരു പുഞ്ചിരി അനഘയ്ക്ക് കൈമാറുവാൻ തുടങ്ങി.
       ഇടയ്ക്കിടെ അയാൾ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ച അനഘയിൽ നൊമ്പരം ഉണർത്തി.  തനിക്ക് എന്ത് ചെയ്യാൻ കഴിയും. ?

      അയാൾ അവിടെ ഇല്ലാതിരുന്ന ഒരു സമയത്ത്  പെൺകുട്ടിയുടെ അമ്മയോടു  അവളെപ്പറ്റി ചോദിച്ചു.
    "മോളെ കൂടി സ്കൂളിൽ വിട്ടു കൂടെ? ഞാൻ പഠിപ്പിക്കുന്ന സ്കൂൾ ഒരു ഗവൺമെൻറ് സ്കൂൾ ആണ്  . അവിടെ പഞ്ചമിയെ നമുക്ക് ചേർക്കാം."

അരുതാത്തതെന്തോ കേട്ട മാതിരി അവർ അനഘയെ മിഴിച്ചു നോക്കി.  പിന്നെ തമിഴ് ചുവയുള്ള മലയാളത്തിൽ മെല്ലെ പറഞ്ഞു .
    "ഞങ്ങൾ കുട്ടികളെ സ്കൂളിൽ അയക്കാറില്ല ടീച്ചർ . പ്രത്യേകിച്ച് പെൺകുട്ടികളെ.
    എന്തെങ്കിലുമൊക്കെ കൈത്തൊഴിൽ അവരെ പഠിപ്പിക്കും".

    കുട്ടികൾ അക്ഷരാഭ്യാസം നേടേണ്ട ആവശ്യകതയെക്കുറിച്ചും അനഘ അവരോട് വിശദീകരിച്ചു. അവർ അതി
നു മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും കണ്ണുകളിൽ അജ്ഞാതമായ ഒരു ഭീതി നിഴലിക്കുന്നത് അനഘ കണ്ടു.  
    ആ സ്ത്രീ ഒന്നും മിണ്ടാതെ ടെന്റിനക
ത്തേക്ക് കയറിപ്പോയി .അനഘ വീട്ടിലേക്കും.

പിന്നീട് ഒരിക്കൽ വഴിയരികിൽ അവരെ കണ്ടപ്പോൾ അനഘ ചോദിച്ചു
"എന്തിനാണ് ഈ കുട്ടിയെ അയാൾ ഇങ്ങനെ  ഉപദ്രവിക്കുന്നത്.?

   അവർ ഒന്നു മടിച്ചു .  പിന്നെ പറയാൻ തുടങ്ങി.
" പഞ്ചമി എൻറെ ആദ്യ ഭർത്താവിലുള്ള കുട്ടിയാണ്  . അയാൾ എന്നെ ഉപേക്ഷിച്ചു പോയതിനു ശേഷം ഇയാൾ എൻറെ കൂടെ കൂടിയതാണ്."

    പിന്നെ രഹസ്യം പറയുന്നതുപോലെ അനഘയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നു കൊണ്ട് ആ സ്ത്രീ  ഞെട്ടിക്കുന്ന ഒരു വിവരം പറഞ്ഞു :
   
" ഇവിടുന്നു പോകുമ്പോൾ അവളെ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കളയാനാണ് അയാളുടെ ഉദ്ദേശം.  അല്ലെങ്കിൽ  ഇവളെ അയാൾ കൊല്ലും."

 അനഘ ഞെട്ടിപ്പോയി.   .  അങ്ങനെയെങ്ങാനും സംഭവിച്ചാൽ ... എൻറെ ഈശ്വരാ !
  അനഘയ്ക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല.  

.  " എങ്കിൽ പിന്നെ ഏതെങ്കിലും അനാഥമന്ദിരത്തിൽ കൊണ്ടുപോയി ആക്കി കൂടെ?.
    അവൾ അവരോടു ചോദിച്ചു.
   
   "അനാഥമന്ദിരമോ? അതെവിടെ ? എനിക്ക് അതേ പറ്റി ഒന്നും അറിയില്ല. അയാൾ അതിനൊന്നും സമ്മതി
ക്കുമെന്നു തോന്നുന്നില്ല."

   അന്നു രാത്രി അനഘക്ക് കിടന്നിട്ട് ഉറക്കം വന്നില്ല  . തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുതരത്തിൽ നേരം വെളുപ്പിച്ചു.

    രാവിലെ അമ്മയോട് അവൾ വിവരം പറഞ്ഞു. അതിനെ എങ്ങനെയെങ്കിലും രക്ഷിക്കണം .

   "വേണ്ട മോളെ  നീ ആവശ്യമില്ലാത്ത വയ്യാവേലി ഒന്നും എടുത്തു തലയിൽ വയ്ക്കാൻ നിൽക്കണ്ട. പിന്നീട് അത് വലിയ പുലിവാലാകും."

   "അമ്മ ഒന്നാലോചിച്ചുനോക്കൂ ആ കുഞ്ഞു ഒറ്റയ്ക്ക് റെയിൽവേ സ്റ്റേഷനിൽ !
 
 "എൻറെ മോളെ , നിന്നെക്കൊണ്ട്  എന്താണ് ചെയ്യാൻ സാധിക്കുക. ? ഇതിൻറെ വരും വരായ്കകൾ നീ വല്ലതും ആലോചിച്ചുവോ?. ഓരോന്ന് വലിച്ചു തലയിൽ വയ്ക്കാൻ എളുപ്പമാണ് പിന്നെ അതിൽ നിന്ന് ഊരിപ്പോരാൻ ആണ് പാട്."
 
   അനഘ പിന്നെ ഒന്നും മിണ്ടിയില്ല. അമ്മയോട് യാത്ര പോലും പറയാതെ അവൾ  സ്കൂളിലേക്കു നടന്നു.

വൈകുന്നേരം തിരിച്ചു വരുമ്പോൾ പ്രതിമകൾ ഇരുന്നിടം ശൂന്യം.   അവളുടെ കണ്ണുകൾ ടെന്റ് ഇരുന്നിടത്തേക്ക്  പാളി.
    അവിടെ അവർ ഭക്ഷണം ഉണ്ടാക്കാൻ അടുപ്പ് കൂട്ടിയ കല്ലിന്മേൽ പഞ്ചമി ഇരുന്നു കരയുന്നതു കണ്ട്  അനഘ അവളുടെ അടുത്തേക്ക് ചെന്നു.

   എല്ലാവരും എവിടെ? എന്ന്  ചോദിച്ചതിനു മറുപടിയായി അവൾ; എല്ലാവരും പോയി എന്ന് കരച്ചിലിനി
ടയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു.

    ഇനിയിപ്പോ എന്ത് ചെയ്യും ഈശ്വരാ ? ഇതിനെ ഇവിടെ ഉപേക്ഷിച്ചു പോകാൻ വയ്യ  . നേരവും വൈകുന്നു.
      .  ഇനി അഥവാ ആളുകൂടി അവരെ കണ്ടുപിടിച്ചു ഇതിനെ അവരുടെ കൂടെ വിടാം എന്ന് വെച്ചാൽ ഈ കുട്ടിയുടെ അവസ്ഥ എന്താകും. ?

 അനഘ ധർമ്മസങ്കടത്തിലായി.
 പിന്നെ വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ആ കുട്ടിയുടെ കൈയും പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു.

     അജയൻ വന്നപ്പോൾ കുറെയേറെ ബഹളമുണ്ടാക്കി.  ഇന്നു രാത്രി കുട്ടി ഇവിടെ നിൽക്കട്ടെ  . നാളെ രാവിലെ പോലീസിൽ അറിയിച്ച് എന്തെങ്കിലും വഴിയുണ്ടാക്കാം എന്നുള്ള ഉറപ്പിന്മേൽ അജയൻ അടങ്ങി.
      രാത്രി അനഘയുടെ കട്ടിലിന് താഴെ  വിരിച്ച പായയിൽ ,   അന്നാദ്യമായി       പഞ്ചമി  സുഖമായി  ഉറങ്ങി.

പഞ്ചമി രാവിലെ ഉണർന്നു നോക്കുമ്പോൾ അനഘയെ കട്ടിലിൽ കണ്ടില്ല. പായ ചുരുട്ടി കട്ടിലിനടിയിൽ വെച്ചതിന് ശേഷം, പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കുന്ന ഇടം ലക്ഷ്യമാക്കി അവൾ നടന്നു.

അടുക്കളയിൽ അനഘയുടെ അമ്മ ഭക്ഷണം ഉണ്ടാക്കുന്നു.  കഴുകാനുള്ള പാത്രങ്ങൾ ബേസിനിൽ കിടക്കുന്നത് കണ്ടു പഞ്ചമി, അങ്ങോട്ടു നീങ്ങി.  പാത്രം എടുത്തു കഴുകാൻ തുടങ്ങി.

ഇഡ്ഡലിത്തട്ടിൽ മാവ് പകരുകയായിരുന്ന
 അമ്മ  തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു.  

"മോളെ നീ ഇത്ര വേഗം കുളി കഴിഞ്ഞോ?

തട്ട്, ശ്രദ്ധാപൂർവ്വം ചെമ്പിലേയ്ക്ക് ഇറക്കി വച്ചു.  വിറക് ഉന്തി അടുപ്പിലേയ്ക്ക് കയറ്റി ഒന്നു ഊതി. അപ്പോഴും മറുപടിയൊന്നും കിട്ടാഞ്ഞു മെല്ലെ തിരിഞ്ഞു നോക്കി.

അവർക്ക് ഈർഷ്യ തോന്നി.
"വായും മുഖവും കഴുകാതെയും കുളിക്കാതെയും ആണോ പെണ്ണേ അടുക്കളയിൽ കയറുന്നത് പോയി കുളിച്ച് പല്ലുതേച്ച് വാ."

പഞ്ചമി ക്ക് ഒന്നും മനസ്സിലായില്ല.  അതിനാൽ അവൾ പിന്നെയും തൻറെ പ്രവർത്തി തുടർന്നു.

"അനഘേ... എടീ മോളേ.". അമ്മ പുറത്തേക്ക് നീട്ടി വിളിച്ചു.

കിണറ്റുകരയിലെ കുളിമുറിയിൽ നിന്നും അവൾ വിളികേട്ടു.

"എന്താമ്മേ.."

"ദേ ഈ പെണ്ണ് അടുക്കളയിൽ.."

"ദാ ഞാൻ വരുന്നു അമ്മേ.. അതിനെ ഒന്നും പറയല്ലേ."

അവൾ  തലയിൽ ഒരു ടവ്വലും ചുറ്റിക്കൊണ്ടു ഓടി വന്നു.

അനഘ വന്നപാടെ പഞ്ചമിയുടെ കയ്യിൽനിന്നും പാത്രം വാങ്ങി ബേസിനിൽ ഇട്ടു.

എന്നിട്ട് പഞ്ചമിയുടെ കൈപിടിച്ചു കൊണ്ട്
കിണറ്റിൻ കരയിലേക്ക് പോയി.
കിണറിന്റെ ഭിത്തിയിൽ ഇരുന്ന ടൂത്ത് പേസ്റ്റ് എടുത്ത് അവളുടെ വിരൽ പിടിച്ചു അതിൽ തേച്ചു കൊടുത്തു.  പല്ലു തേയ്ക്കുന്നത് എങ്ങനെ എന്നു കാണിച്ചു കൊടുത്തു.  

 കിണറിന്റെ അരികിൽ നിന്ന തൈതെങ്ങിൽ നിന്നും  ഓലക്കാൽ ഉരിഞ്ഞെടുത്ത് ഒരറ്റം ഒടിച്ചു ഓല കീറിക്കളഞ്ഞു.  ഈർക്കിലിന്റെ അറ്റം   രണ്ടായി പിളർന്ന് അവളുടെ കയ്യിൽ കൊടുത്തു. നാക്ക് വടിക്കുന്ന വിധം കാണിച്ചുകൊടുത്തു.

പഞ്ചമിക്ക് എല്ലാം പുതുമയായിരുന്നു.  

 പിന്നെ പോയി ഒരു തോർത്തും, എണ്ണയും; അനഘയുടെ ചെറുതായ ചുരിദാറും എടുത്തു കൊണ്ടുവന്നു.
പഞ്ചമി അപ്പോഴേക്കും  പല്ലു തേച്ചു കഴിഞ്ഞിരുന്നു.

അനഘ പഞ്ചമിയെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി. തലയിൽ നല്ലവണ്ണം എണ്ണ തേച്ചു.  കിണറ്റിലെ നല്ല തണുത്ത വെള്ളം  ദേഹത്ത് വീണപ്പോൾ പഞ്ചമി ചെറുതായി വിറയ്ക്കാൻ തുടങ്ങി.  ജഡ പിടിച്ച മുടി ഷാമ്പൂ ഇട്ടു കഴുകി.

കുളി കഴിഞ്ഞപ്പോളേക്കും അവൾക്ക് ചെറിയൊരുന്മേഷം തോന്നി.  
 
 അമ്മ ഒരു പ്ലേറ്റിൽ ഇഡ്ഡലിയും സാമ്പാറും എടുത്തു വച്ചു.
ഇത്രയും രുചിയായി ആദ്യമായാണ് അവൾ  ഭക്ഷണം കഴിക്കുന്നത്.    പഞ്ചമി ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്നത്  അൽപ്പനേരം അമ്മ നോക്കി നിന്നു.  പിന്നെ തിരിഞ്ഞ് തന്റെ ജോലിയിൽ വ്യാപൃതയായി.  

ജോലിയെടുത്ത് ശീലിച്ച കുട്ടിയല്ലേ അവൾക്ക് വെറുതെയിരിക്കാൻ തോന്നിയില്ല. താൻ കഴിച്ച പാത്രത്തിന്റെ കൂടെ മറ്റുള്ള പാത്രങ്ങളും കഴുകി അടുക്കി വച്ചു.  ഇനിയെന്തു വേണ്ടൂ എന്ന് ഓർത്തു നിൽപ്പായി.

"നീ എന്തിനാ കൊച്ചേ കുന്തം വിഴുങ്ങിയ മാതിരി നിൽക്കുന്നേ അവിടെങ്ങാനും ചെന്നിരിക്ക്"
അമ്മ പറഞ്ഞത് അവൾക്ക്  മനസ്സിലായില്ല എങ്കിലും വെറുതെ അങ്ങനെ നിൽക്കുന്നതിൽ കാര്യമില്ല എന്നു തോന്നിയത് കൊണ്ട്, അവിടെ കിടന്ന പഴയ ബെഞ്ചിൽ കയറി ഇരുന്ന് അടുക്കള മൊത്തമായി ഒന്നു വീക്ഷിച്ചു.  

ഭംഗിയായി അടുക്കി വെച്ച വിവിധയിനം പാത്രങ്ങൾ അലമാരയിൽ.  ടിന്നുകളിൽ ധാന്യങ്ങൾ, ഉപ്പ്, മുളക് തുടങ്ങിയവയും വെടിപ്പായി യാഥാസ്ഥാനങ്ങളിൽ ഇരിക്കുന്നത് പഞ്ചമി കൗതുകത്തോടെ കണ്ടു.  ഒരു അത്ഭുതലോകം കാണുന്നത് പോലെ.

"മോളേ നീ സ്കൂളിൽ പോകുന്നില്ലേ...?
അമ്മ അനഘയെ വിളിച്ചു ചോദിച്ചു.

ഇല്ലമ്മേ ചേട്ടൻ പോലീസിന് ഫോൺ ചെയ്യുന്നത് കേട്ടു.  അവർ വരട്ടെ വന്നിട്ട് തീരുമാനം അറിഞ്ഞിട്ടേ ഞാൻ സ്കൂളിൽ പോകുന്നുള്ളൂ.

ഒരു പോലീസ് ജീപ്പ് വീടിന് മുന്നിൽ വന്നു നിൽക്കുന്നത് കണ്ടു കഥയറിയാനായി അയലത്തെ മതിലുകൾക്ക് അപ്പുറം നിന്നും ഓരോ തലകൾ ഉയരാൻ തുടങ്ങി.  വഴിയിലും ചെറിയൊരു ആൾക്കൂട്ടം ഉണ്ടായിരുന്നു.

വനിതാ എസ്. ഐ സുധർമ,  ജീപ്പിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് കയറി.  വരാന്തയിൽ ഉണ്ടായിരുന്ന അജയനോടായി ചോദിച്ചു.

"കുട്ടി എവിടെ?"

'അനഘാ...'
അജയൻ നീട്ടിവിളിച്ചു.

ദാ വരുന്നു ഏട്ടാ..
എന്താണ് കാര്യം എന്ന് അറിയാൻ ഓടിവന്ന അനഘയുടെ മുഖം, പോലീസിനെ കണ്ടു വിവർണമായി.

അവൾ ഏട്ടനെ ദയനീയമായി ഒന്ന് നോക്കി.
അജയൻ ഒരു മയവുമില്ലാതെ നിൽക്കുകയാണ്.

"കുട്ടി എവിടെ?"
 എസ് ഐ വീണ്ടും ചോദിച്ചു.
അനഘ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.  അല്പസമയത്തിനുശേഷം പഞ്ചമിയുടെ കൈയും പിടിച്ച് പുറത്തേക്ക് വന്നു.

ആഗതരെ കണ്ടു പഞ്ചമിയുടെ കണ്ണുകളിൽ ഭീതി പടർന്നു. അവൾ അനഘയുടെ പിന്നിലൊളിച്ചു.

അവർ അനഘയോടു കാര്യങ്ങൾ ആരാഞ്ഞു.  വള്ളി പുള്ളി വിടാതെ ഓരോ കാര്യങ്ങളും അനഘ വിശദമായിത്തന്നെ എസ് ഐ യോട് പറഞ്ഞു.

 "സർ, പഞ്ചമി ഇവിടെ നിൽക്കട്ടെ ഞാൻ നോക്കിക്കോളാം ഇവളുടെ കാര്യങ്ങൾ." അനഘ കൈകൂപ്പി.

"അതെങ്ങനെ ടീച്ചറെ അതിന് ഒരുപാട് നിയമതടസ്സങ്ങൾ ഉണ്ട്. തൽക്കാലം കുട്ടിയെ നമുക്ക് ബാല മന്ദിരത്തിൽ ഏൽപ്പിക്കാം.". ഈ അവസ്ഥയിൽ ആ കുടുംബത്തെ തേടിപ്പിടിച്ച് കുട്ടിയെ അവരുടെ കൂടെ അയക്കാം എന്ന് വെച്ചാൽ ഈ കുട്ടിക്ക് അത് ദോഷം ആകുകയെ ഉള്ളു.  അല്പം ഹൃദയമുള്ള സ്ത്രീയായിരുന്നു എസ് ഐ സുധർമ.  പെട്ടെന്നുതന്നെ എസ്ഐ നിയമ നടപടികൾ പൂർത്തിയാക്കി.  കുട്ടിയെ കൈപ്പറ്റി.

"സർ ഇവളെ സ്കൂളിൽ ചേർക്കണം പഠന കാര്യങ്ങളും മറ്റും  എന്ത് ചിലവ് വന്നാലും ഞാൻ നോക്കിക്കൊള്ളാം."

"ശരി ആയിക്കോട്ടെ പഞ്ചമിയെ സ്കൂളിൽ ചേർക്കാനുള്ള നടപടികളും ബാലമന്ദിരം അധികാരികളോട് പറഞ്ഞ് ഞാൻ ശരിയാക്കാം."

"ഉദയഗിരി യിൽ ഒരു ബാലമന്ദിരം ഉണ്ടല്ലോ അവളെ തൽക്കാലം അവിടെ ആക്കാം.  അതിന് അടുത്തല്ലേ ടീച്ചറുടെ സ്കൂളും."

"അതെ സർ വളരെ സന്തോഷം.."

പഞ്ചമിക്ക് അനഘയെ വിട്ടുപോകാൻ മടിയായിരുന്നു. അവളുടെ അടുത്ത് വല്ലാത്തൊരു സുരക്ഷിതത്വം പഞ്ചമി അനുഭവിക്കുന്നുണ്ടായിരുന്നു.  എങ്കിലും അവൾ എസ്ഐയുടെ കൂടെ പോയി.

പഞ്ചമിയേയും  കൊണ്ട് പോലീസ് വാഹനം ഗേറ്റ് കടന്നു പോയതിന് ശേഷം അനഘ ഏട്ടനെ ഒന്ന് കൂർപ്പിച്ചു നോക്കി അകത്തേക്ക് കയറിപ്പോയി.

പിറ്റേന്ന് അനഘ പതിവിലും നേരത്തേ ഒരുങ്ങുന്നത് കണ്ടു.

"ഇന്നെന്താ മോളെ ഇത്ര നേരത്തെ? എന്ന ചോദ്യത്തിന് മറുപടിയായി അവൾ..

ബാലഭവനിൽ പോകണം.  

ചോറ്റു പാത്രത്തിൽ ചോറ് നിറയ്ക്കുന്നതിനിടയിൽ അമ്മ പറഞ്ഞു..
എന്റെ മോളെ നിന്റെ ഉത്തരവാദിത്തം തീർന്നു.  ഇനി സർക്കാർ നോക്കിക്കോളും അവളുടെ കാര്യം..

"അതു പോരാ അമ്മേ..നിയമം അനുവദിക്കുകയാണെങ്കിൽ എനിക്കവളെ ഏറ്റെടുക്കണം.."

അമ്മ അമ്പരപ്പോടെ അനഘയെ മിഴിച്ചു നോക്കി..

"ങ്ങേ..നീയെന്താ ഈ പറയുന്നത്.  നിനക്ക് ഒരു വിവാഹവും കുടുംബവും ഒക്കെ വേണ്ടേ..നീയൊരു പെണ്കുട്ടിയല്ലേ, ഇതിന്റെ വരുംവരാഴികകൾ എന്തെങ്കിലും നീ ആലോചിച്ചോ?  

"അതൊക്കെ അപ്പോൾ അല്ലെ..ഇപ്പൊ ഇത് നടക്കുമൊന്നു നോക്കട്ടെ. അനഘ പ്ലേറ്റ് കഴുകി റാക്കിൽ വെച്ചിട്ട് ബാഗ് എടുക്കാനായി പോയി.

എന്റീശ്വരാ ഈ പെണ്ണ് എന്തിനുള്ള പുറപ്പാടാ, അച്ഛന്റെ തനി സ്വഭാവം.  മുന്നും പിന്നും നോട്ടമില്ലാതെ ഓരോന്നിൽ ചെന്നു ചാടിക്കോളും. എന്നിട്ടോ ഇതിന്റെയെല്ലാം ഭവിഷ്യത്ത് കുടുമ്മത്ത് എല്ലാരും കൂടി അനുഭവിച്ചോണം. ചോറ്റു പാത്രം അടച്ചു സ്ലാബിന് മുകളിൽ വെച്ചിട്ട് അവർ നെഞ്ചിൽ കൈചേർത്തു മുകളിലേക്ക് നോക്കി വിളിച്ചു..ന്റെ..കൃഷ്ണാ..

അനഘ കാൽ നീട്ടി വലിച്ചു നടന്നു.  ആദ്യമായല്ല ബാലഭവനിൽ പോകുന്നത്.  അവിടുന്നുള്ള കുട്ടികൾ തന്റെ സ്കൂളിൽ പഠിക്കുന്നുണ്ട്.  തീർത്തും അനാഥർ അല്ലാത്തവർ.  നിസ്സഹായമായ ചുറ്റുപാടിൽ നിന്നും വന്നവർ.  സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നത്.  പല സംഘടനകളും പലവിധത്തിൽ അവരെ സഹായിക്കുന്നുണ്ട്.  ചിലർ പഠിക്കാൻ കഴിവും താല്പര്യം ഉള്ള കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്നു.  നാട്ടിപുറത്ത് ആയതു കൊണ്ട് തന്നെ വലിയ അല്ലലില്ലാതെ കാര്യങ്ങൾ നടന്നു പോകുന്ന ബാലഭവൻ.  

വലിയൊരു നീളൻ വരാന്തയും അരഭിത്തിയും ഉള്ള നീളമുള്ള ഒരു രണ്ടുനില കെട്ടിടം.  അനഘ പടികൾ കയറി മുൻവാതിലിന് അടുത്തുള്ള സ്വിച്ചിൽ വിരലമർത്തി.  അകത്തു ദീർഘമായ മണി നാദം.  അല്പനേരത്തിന് ശേഷം മേട്രൻ മേരിക്കുട്ടി മാഡം വന്നു വാതിൽ തുറന്നു..

ഹാ..അനഘയോ..വരു.

" എസ്,ഐ സർ പറഞ്ഞിരുന്നു.  ടീച്ചർ രാവിലെ എത്തുമെന്ന്.."

 മേരിക്കുട്ടി മാഡവുമായി പഞ്ചമിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു.  തനിക്ക് അവളെ ദത്തെടുക്കാൻ സാധിക്കുമോ എന്നും ആരാഞ്ഞു.

ഇപ്പോഴത്തെ നിയമവ്യവസ്ഥയിൽ അതിന് സാധുതയില്ല.  എല്ലാ നിയമവശങ്ങളെയും കുറിച്ചു മാഡം അവൾക്ക് പറഞ്ഞു കൊടുത്തു.  പിന്നെ ഈ സ്ഥാപനത്തിന്റെ കാര്യം ആയതുകൊണ്ട് അവധി ദിവസങ്ങളിൽ രക്ഷകർത്താക്കൾക്ക് കുട്ടികളെ വീട്ടിൽ കൊണ്ടുപോകാം.  കൃത്യ ദിവസം തിരിച്ചു കൊണ്ടുവരികയും വേണം..

എങ്കിൽ മാഡം അവളെ സ്കൂളിൽ ചേർക്കുന്നതിന് വേണ്ടത് ചെയ്തോളൂ.  അവളുടെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുത്തോളാം.  അവൾക്ക് പഠിക്കാൻ താല്പര്യം ഉള്ളിടത്തോളം അവളെ പഠിപ്പിക്കാം.

വൈകുന്നേരം അനഘ വരുന്നതും കാത്ത് അമ്മ ഉമ്മറപ്പടിമേൽ ഉണ്ടായിരുന്നു   അവരുടെ ഉള്ളിൽ ആധിയായിരുന്നു.  ആ പൊട്ടിപ്പെണ്ണ് ഇനി എന്താണ് ഒപ്പിക്കുന്നതെന്ന് അറിയില്ലല്ലോ..

അനഘ തനിയെ വരുന്നത് കണ്ട് അവർ ആശ്വാസം കൊണ്ടു.  

"അമ്മക്കുട്ടി."അവൾ വന്നപാടെ അമ്മയുടെ കവിളിൽ കുസൃതിയോടെ ഒന്നു നുള്ളി...

"ഒന്നു പൊയ്ക്കോ പെണ്ണേ  അവിടുന്ന്.  മനുഷ്യന്റെ ഉള്ളിൽ തീ കോരിയിട്ടിട്ട് തമാശ കളിക്കുന്നോ"

അമ്മ കെറുവിച്ചു..

"അച്ചോടാ...ഇങ്ങനാണോ ഭാസ്കരപ്പിള്ളയുടെ സഹധർമ്മിണി വേണ്ടത്.  വെറും തൊട്ടാവാടി...അല്പം ധൈര്യം ഒക്കെ വേണ്ടേ..വെറുതെ അച്ഛനെ നാണം കെടുത്താൻ". അവൾ അമ്മയെ ഒന്നു കൂടി ശുണ്ഠി പിടിപ്പിച്ചു.   ബാഗ്  മടിയിലേയ്ക്ക് ഇട്ടു കൊടുത്തു..എന്നിട്ട് അമ്മയുടെ കൈ പിടിച്ചു വലിച്ചു..

"എനിക്ക് നല്ല വിശപ്പ്.  വന്നേ"

"കുട്ടിയോളെ പഠിപ്പിക്കാൻ പോണ ടീച്ചർ അതിലും ചെറിയ കുട്ടി ആവുന്നോ..നാണമില്ലേ പെണ്ണേ നിനക്ക്.."

"അയ്യോ ..അമ്മയ്ക്കറിയാഞ്ഞിട്ടാ..കുട്ടിയോളെ പഠിപ്പിക്കണം എങ്കിൽ നമ്മളും അതിലും ചെറിയ കുട്ടി ആവണം"

"ഓ..ഈ പെണ്ണിന്റെ ഒരു നാക്ക്.."  അവർ ദേഷ്യപ്പെട്ട് അകത്തേയ്ക്കു പോയി.  പിന്നാലെ  പുഞ്ചിരിച്ചുകൊണ്ട് അനഘയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക