Image

പ്രണയനൈരാശ്യം കൊലയിലേക്ക് നയിക്കപ്പെടേണ്ടതാണോ? ലൈംഗിക വിദ്യാഭ്യാസം ആവശ്യമായി വരുന്നത് എവിടെ?(സൂരജ് കെ.ആര്‍.)

സൂരജ് കെ.ആര്‍. Published on 05 October, 2021
 പ്രണയനൈരാശ്യം കൊലയിലേക്ക് നയിക്കപ്പെടേണ്ടതാണോ? ലൈംഗിക വിദ്യാഭ്യാസം ആവശ്യമായി വരുന്നത് എവിടെ?(സൂരജ് കെ.ആര്‍.)
പ്രണയനൈരാശ്യം എന്ന പേരില്‍ നടത്തപ്പെടുന്ന കൊലപാതകങ്ങള്‍ വീണ്ടും കേരളസമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്. മൂന്ന് മാസത്തിനിടെ മൂന്നാമത്തെ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ 'സുഹൃത്തിന്റെ' കൈയാല്‍ കൊല്ലപ്പെടുന്ന പാലാ സെന്റ് തോമസ് കോളജിലെ നിതിന. പ്രണയം നഷ്ടപ്പെടുമ്പോള്‍ അത് കൊലപാതകത്തിലേയ്ക്ക് എത്തുന്ന പ്രവണത ഒട്ടും സ്വാഭാവികമല്ല. പക്ഷേ കേരളത്തിലെയും, ഇന്ത്യയിലെയും മാധ്യമങ്ങളും, സമൂഹവും വലിയൊരു പരിധിവരെ അതിന് സ്വാഭാവികതയുടെ പരിവേഷം നല്‍കുന്നു എന്നതാണ് സത്യം. അതിനാല്‍ത്തന്നെയാണ് സ്‌കൂള്‍ തലംതൊട്ട് പ്രണയം, ലൈംഗികത, വൈകാരികാനുഭൂതികള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്ന വിശദമായ കരിക്കുലം  പാഠ്യപദ്ധതിയില്‍ ഉള്‍പ്പടുത്തണമെന്ന് വിദഗ്ദധര്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്. പക്ഷേ അത് ഇന്നേവരെ നടപ്പിലായിട്ടില്ല എന്നത് ദുഃഖകരമാണ്.

'പ്രണയനൈരാശ്യം മൂലമുള്ള കൊലപാതകം' എന്ന പ്രയോഗം തന്നെ അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണ്. ഒരുപരിധി വരെ കൊലയെ ന്യായീകരിക്കുന്നതാണ് ആ പ്രയോഗം എന്നതാണ് അതിന് കാരണം. ഒരുപക്ഷേ ഇന്ത്യ പോലൊരു രാജ്യത്തിന്റെ അടിസ്ഥാന മാനസികാവസ്ഥയില്‍ നിന്നും ഉരുത്തിരഞ്ഞതാകാം ആ പ്രയോഗം. പ്രണയം സ്വീകരിക്കാത്തവള്‍ കൊല്ലപ്പെടേണ്ടവളാണ്, പ്രണയത്തില്‍ നിന്നും പിന്മാറിയാലോ, മറ്റൊരാളെ പ്രണയിച്ചാലോ ശിഷയായി മരണം നല്‍കണം എന്നെല്ലാം കാലാകാലങ്ങളായി സമൂഹത്തില്‍ ഈ പൊതുബോധം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെയാണ് ഇങ്ങനെ നടക്കുന്ന കൊലപാതകങ്ങളില്‍ പലരും 'അതെന്താ, വഞ്ചിച്ചിട്ടല്ലേ കൊന്നത്' എന്ന് വളരെ സ്വാഭാവികമായി ചോദിക്കുന്നത്. ആ പൊതുബോധത്തെത്തന്നെയാണ് ആദ്യം ഇല്ലാതാക്കേണ്ടത് എന്ന് സാരം.

പ്രണയനഷ്ടം കൊലപാതകത്തിലേയ്ക്ക് എത്തുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിലെ വികസിത രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം നടക്കാറുണ്ട്. പക്ഷേ അവിടുത്തെ മാധ്യമങ്ങള്‍ അതിനെ 'പ്രണയപ്രതികാരം' എന്ന് വിളിക്കാറില്ല. പൊതുസമൂഹവും അതിനെ ഒരു കൊലപാതകമായി തന്നെയാണ് കാണുന്നത്. അതിനെയാണ് 'സാമൂഹികമായ പക്വത' എന്ന് വിളിക്കുന്നത്. പ്രണയനഷ്ടം പ്രതികാരത്തിലേയ്ക്കും, കൊലപാതകത്തിലേയ്ക്കും എത്തേണ്ടുന്ന ഒന്നല്ല എന്ന തിരിച്ചറിവാണത്. പക്ഷേ കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സംഭവിക്കുന്നത്, പ്രതിക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നു എന്നുള്ളതാണ്. അത് ശിക്ഷയെ സ്വാധീനിക്കില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സ്വാഭാവികവല്‍ക്കരിക്കപ്പെടാന്‍ കാരണമാകുന്നു. നേരത്തെ പറഞ്ഞതുപോലെയുള്ള മാധ്യമങ്ങളുടെ തലക്കെട്ടുകളും അതിനൊരു കാരണമാണ്.

അപ്രതീക്ഷിതമായി നടക്കുന്ന കൊലപാതകങ്ങളെ Crime of Passion എന്ന രീതിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ വിലയിരുത്താറുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിലെ വികാരതീവ്രതയില്‍ നടത്തപ്പെടുന്നത്. പക്ഷേ നിതിനയെയും, 2021 ജൂലൈ 31-ന് കോതമംഗലത്ത് ഹൗസ് സര്‍ജനായിരുന്ന മാനസ (24) എന്ന പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയ പ്രതികളെ crime of passion എന്ന വിഭാഗത്തില്‍ ഒരിക്കലും പെടുത്താന്‍ സാധ്യമല്ല. കാരണം റിപ്പോര്‍ട്ടുകളനുസരിച്ച് നിതിനയുടെ കൊലപാതകിയായ അഭിഷേക് ബൈജു (20) സംഭവത്തിന് ഒരാഴ്ച മുമ്പ് തന്നെ ബ്ലേഡ് വാങ്ങിയതായും, കൊലപാതകം പരിശീലനം ചെയ്തതായുമാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ആദ്യ ആക്രമണത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റു എന്നും വ്യക്തമാകുന്നു. ഇത് കാണിക്കുന്നത് കൊലപാതകം ആസൂത്രിതമായിരുന്നു എന്നു തന്നെയല്ലേ? പൊതുബോധത്തിന്റെ ഭാഗമായി സൃഷ്ടിച്ചടുക്കപ്പെട്ട വൈരാഗ്യമല്ലേ ഇത്തരത്തില്‍ ആസൂത്രിതമായി കൊല നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക?

അതുപോലെ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രഖില്‍ പി. രഘൂത്തമന്‍ തോക്കുപയോഗിക്കാന്‍ പരിശീലനം നേടിയതായാണ് റിപ്പോര്‍ട്ട്. ഈ രണ്ട് സംഭവങ്ങളും ആസൂത്രിതമായ കൊലപാതകങ്ങളായി തന്നെ കരുതപ്പെടേണ്ടതാണ്.

നേരത്തെ പറഞ്ഞതുപോലെ കാലങ്ങളായി തുടരുന്ന സമൂഹത്തിന്റെ പൊതുബോധത്തിന്റെ രണ്ട് പ്രകടനങ്ങളാണ് ഈ രണ്ട് യുവാക്കളിലൂടെ പുറത്തുവന്നത്. അതിനാല്‍ത്തന്നെ ഇവര്‍ മാത്രമല്ല, വലിയൊരളവില്‍ ഈ സമൂഹവും പ്രതികള്‍ തന്നെ.

തീര്‍ച്ചയായും പ്രണയനഷ്ടം പലപ്പോഴും മാനസികമായി തളര്‍ത്തിക്കളയുന്ന ഒരു പ്രതിഭാസമാണ്. പ്രണയം പോലെ തന്നെ തീവ്രമായ ദുഃഖവും അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടായേക്കാം. പക്ഷേ അതിനുള്ള പരിഹാരം പ്രതികാരം ചെയ്യലല്ല എന്ന് വരും തലമുറയെയങ്കിലും മനസിലാക്കിക്കൊടുക്കേണ്ടത് സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ടവരുടെ ബാധ്യതയാണ്. ലൈംഗികത എന്ന് ഉറക്കെ പറയാനോ, ചര്‍ച്ച ചെയ്യാനോ ഇന്നും ഇന്ത്യന്‍ സമൂഹം തയ്യാറായിട്ടില്ല. Marrital rape പോലുള്ള ഒട്ടനേകം സംഭവങ്ങളിലേയ്ക്ക് നയിക്കുന്നതും, സ്ത്രീ എന്നാല്‍ ഉപഭോഗം ചെയ്യേണ്ട ഒരു വസ്തുവാണെന്നുള്ള ധാരണയുമെല്ലാം ചെറുപ്പത്തില്‍ ലഭിക്കുന്ന തെറ്റായ ലൈംഗികധാരണകളില്‍ നിന്നാണ് ഉടലെടുക്കുന്നത്. ലൈംഗികതയെപ്പറ്റി വ്യക്തമായ അറിവില്ലാത്ത, ഒരേ പ്രായത്തില്‍ പെട്ടവര്‍ അഥവാ Group of Piers നടത്തുന്ന ചര്‍ച്ചകളില്‍ അപകടരമായ പല ധാരണകളും കുട്ടികളില്‍ കുത്തിവയ്ക്കപ്പെടുന്നു. അത് പിന്നീട് തിരുത്തുക വളരെയേറെ കഠിനവുമാണ്. ഈ മാനസികാവസ്ഥയും ധാരണകളുമായി വളരുന്ന കുട്ടികള്‍ ഭാവിയില്‍ തീര്‍ച്ചയായും പലതരത്തില്‍ സമൂഹത്തിന് അപകടകാരികളാണ്.

ഇന്നും സ്ത്രീക്കും പുരുഷനും പരസ്പരം ശാരീരികമായ പ്രത്യേകതകള്‍ മനസലാക്കി ജീവിക്കാന്‍ നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞിട്ടില്ല. എന്തിനേറെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് എങ്ങനെയെന്ന് പോലും വ്യക്തമായി അറിയാത്ത കോടികകണക്കിന് പുരുഷന്മാരുണ്ട് ഇന്ത്യയില്‍ എന്നത് തന്നെ വലിയൊരു ദുരന്തമല്ലേ? അവിടെയാണ് ഇനിയും നിറവേറ്റപ്പെടാത്ത ലൈംഗികവിദ്യാഭ്യാസം (Sex Education) ഈ സമൂഹത്തില്‍ എത്രത്തോളം പ്രാധന്യമര്‍ഹിക്കുന്നു എന്ന് വെളിവാകുന്നത്.

സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം വേണമെന്ന കേരള വനിതാ കമ്മീഷന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ 'എങ്കില്‍ ഒരു ലേബര്‍ റൂമുമാകാം,' 'പ്രാക്ടിക്കല്‍ കൂടി ഉണ്ടാകുമോ,' 'എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം' എന്നെല്ലാം പറയുന്ന ആളുകളുടെ കമന്റുകള്‍ കണ്ടത് കഴിഞ്ഞ ദിവസമാണ്. ലൈംഗികവിദ്യാഭ്യാസം  എന്നാല്‍ സ്‌കൂളുകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കാണിച്ചുകൊടുക്കുകയാണെന്ന് ധരിച്ചിരിക്കുന്ന ഇത്തരക്കാരുള്ള സമൂഹം എങ്ങനെയാണ് ലൈംഗികമായും, വൈകാരികമായും പക്വത കൈവരിക്കുന്നത്? ഇതൊന്നും അവരുടെ മാത്രം കുഴപ്പമല്ല, വളര്‍ന്നുവന്ന സാഹചര്യങ്ങളുടേത് കൂടിയാണ്.

സ്‌കൂളുകളില്‍ പാഠ്യപദ്ധതിയായി നിലവില്‍ വരും വരെ കാത്തുനില്‍ക്കാതെ സ്വന്തം കുട്ടികള്‍ക്ക്, അവര്‍ക്ക് മനസിലാകുന്ന രീതിയില്‍, ആരോഗ്യകരമായ ലൈംഗികവിദ്യാഭ്യാസം വീടുകളില്‍ നിന്നുതന്നെ നല്‍കാവുന്നതാണ്. 'അയ്യേ ഇതൊക്കെ മക്കളോട് പറയാന്‍ കൊള്ളാവുന്ന കാര്യമാണോ' എന്ന പിന്തിരിപ്പന്‍ ചിന്ത ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്.

കൃത്യമായ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ വീട്ടില്‍ വച്ച് തന്നെ കുട്ടികള്‍ക്ക് നല്‍കാം എന്ന് വ്യക്തമാക്കുന്ന ഒട്ടനവധി വിദഗ്ദധരുടെ പുസ്തകങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്ന് ലഭ്യമാണ്. 'അനുവാദമില്ലാതെ മറ്റൊരാളെ ലൈംഗികമായി സ്പര്‍ശിക്കരുത്' എന്നുള്ള ഉപദേശം പോലും ലൈംഗികവിദ്യാഭ്യാസമാണ്. ചെറുപ്പത്തിലേ അത് കേട്ട് മനസിലാക്കിയ ഒരു ആണ്‍കുട്ടി എത്ര നല്ല പൗരബോധത്തോടെ വളരുമെന്ന് ഊഹിക്കാവുന്നതാണല്ലോ. മറ്റുള്ളവരുടെ വികാരങ്ങളെയും തെരഞ്ഞെടുപ്പുകളെയും മാനിക്കാനുള്ള പരിശീലനം നല്‍കല്‍ കൂടിയാണത്.

പ്രണയവിവാഹത്തെപ്പോലും ഇപ്പോഴും തെറ്റായി കാണുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ദ്രുതഗതിയിലുള്ള ഒരു മാറ്റം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ ആ മാറ്റത്തിനായി അറിഞ്ഞ് ശ്രമിച്ചില്ലെങ്കില്‍ നിതിനമാരും, മാനസമാരും ഇനിയും സൃഷ്ടിക്കപ്പെടും.

Join WhatsApp News
abdul punnayurkulam 2021-10-05 12:42:05
Definitely, sex education will help to deal with desperate love situation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക