Image

അംശവടി( കവിത : ജോയി പാരിപ്പള്ളില്‍)

ജോയി പാരിപ്പള്ളില്‍ Published on 05 October, 2021
അംശവടി( കവിത : ജോയി പാരിപ്പള്ളില്‍)
കിട്ടിയാലൊട്ടുമേ ചേതം വരാത്തൊരു
അംശവടിയുണ്ട് വില്‍പ്പനക്കായി
നാണയതുട്ടുകള്‍ കോടിയായി നല്‍കിയാല്‍
യൂദാസിന്‍ നാണയം സ്വന്തമാക്കാം...!!

ആര്‍ത്തി പിടിച്ചവര്‍ കൊള്ളപ്പലിശക്കാര്‍
കള്ളപ്പണവുമായി ഓടിയെത്തി
അത്ഭുതമുള്ള വിളക്കിന്ന് വാങ്ങണം
അംശവടി സ്വന്തമാക്കീടേണം...!!

വ്യാപാരി വല്ലഭന്‍ വാഗ്‌ധോരണിക്കാരന്‍
 വലവീശി കോടികള്‍ കൊയ്‌തെടുത്തു
ആഘോഷരാവുകള്‍ ആര്‍ഭാടമാക്കുവാന്‍ 
കോടി വാരിയെറിഞ്ഞുടച്ചു....!!

സുന്ദരിമാരവര്‍ നൃത്തം ചവിട്ടുന്നു
മന്ത്രിപരിഷകള്‍ കെട്ടിപിടിക്കുന്നു
താരരാജാക്കന്മാര്‍ പൊട്ടിച്ചിരിക്കുന്നു
ഏമാനന്മാരവര്‍ കൈകൂപ്പി നില്‍ക്കുന്നു

ടിപ്പു ഇരിക്കാത്ത സിംഹാസനത്തില്‍
ടിപ്പുവിനേപ്പോലെ വാളും പിടിച്ചവര്‍
കാലിന്മേല്‍ കാലേറ്റി ചിത്രം പിടിക്കുന്നു
വിഡ്ഢികൊശവന്മാര്‍ പുംഗവന്‍മാരവര്‍

മാവേലി വാണൊരു കേരള മണ്ണിലെ
കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും
കേള്‍ക്കുമ്പോള്‍ എ്‌ന്തൊരു കഷ്ടമേ!
നമ്മുടെ 'സാക്ഷരകേരളംസുന്ദര കേരളം'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക