Image

ത്രിദോഷങ്ങളും ആയുര്‍വേദവും (അബിത് വി രാജ്)

Published on 05 October, 2021
ത്രിദോഷങ്ങളും ആയുര്‍വേദവും (അബിത് വി രാജ്)
“വായുപിത്ത കഫശ്ചേദി
ത്രയോ ദോഷ സമാ സതഃ”

ദോഷങ്ങളും, ധാതുക്കളും മലങ്ങളും ചേര്‍ന്ന് നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നു. സ്വയം ദുഷിക്കുകയും മറ്റുള്ളവയെ ദുഷിപ്പിക്കുകയും ചെയ്യുന്നവയെ “ദോഷങ്ങള്‍” എന്ന് പറയാം. സദാസമയവും നമ്മുടെ ശരീരത്തില്‍ വാത - പിത്ത - കഫ ദോഷങ്ങള്‍ സ്ഥിതി ചെയ്യുന്നു.

നമ്മുടെ ശരീരത്തിന്റെ ഹൃദയവും, നാഭിയും വച്ച് വേര്‍തിരിച്ച് ഈ മൂന്ന് ദോഷങ്ങള്‍ക്കും മൂന്ന് സ്ഥാനങ്ങള്‍ ആചാര്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട് അത് ഹൃദയത്തിന് മുകളില്‍ കഫത്തിനും, ഹൃദയത്തിനും നാഭിക്കും മദ്ധ്യേ പിത്തത്തിനും, നാഭിക്കു താഴെ വാതത്തിനും പ്രാധാന്യം കൂടുന്നു. ഈ ഭാഗങ്ങളില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ മനസ്സിലാക്കി ദുഷിച്ച ദോഷങ്ങളെ പുറത്ത് കളയുകയോ, പൂര്‍വ്വ സ്ഥിതിയിലെത്തിക്കുകയോ ചെയ്യുന്നതിന് ആയുര്‍വേദ ചികിത്സകള്‍ പ്രാധാന്യം നല്‍കുന്നു.

അതിനാല്‍ ആയുര്‍വേദം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ആയുര്‍വേദം ജീവിതശൈലിയുടെ ഒരു തിരഞ്ഞെടുപ്പാണ്, അത് പൂര്‍ണ്ണമായും സ്വീകരിക്കുമ്പോള്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് പൊതുവായ ക്ഷേമത്തിന്റെ ഒരു തരംഗം നല്‍കുന്നു. വ്യായാമം ചെയ്യുക, സജീവമായ ഒരു ദിനചര്യ, വേണ്ടത്ര സൂര്യപ്രകാശം, ഉചിതമായ ചികിത്സകള്‍, വൈകാരിക ക്ഷേമം എന്നിവ മനസ്സിനെയും, ആത്മാവിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

ഇത് ആരോഗ്യകരമായ മനസ്സും, ശരീരവും, തിളങ്ങുന്ന ചര്‍മ്മവും, പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നിവയ്ക്ക് ഉണര്‍വ്വും നല്‍കുന്നു. ആയുര്‍വേദം ഇതര മരുന്നുകളുമായി തികച്ചും യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു അതിനാല്‍ ഇത് ദൈനംദിന ഉപയോഗത്തിന് പ്രായോഗികമാണ്. സമീകൃതാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഫലപ്രദമായ ഉറക്ക രീതികള്‍, വീട്ടുവൈദ്യങ്ങള്‍, പഥ്യക്രമങ്ങള്‍, ദൈനംദിന - കാലാനുസൃതമായ ദിനചര്യകള്‍, യോഗ, വ്യായാമ രീതികള്‍ എന്നിവ ഉപയോഗിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ആയുര്‍വേദം സഹായിക്കുന്നു.

യോഗ, ധ്യാനം, ഔഷധസസ്യങ്ങള്‍, എണ്ണകള്‍, തൈലങ്ങള്‍ തുടങ്ങിയവ മൂലം മതിയായ ഉറക്കം ലഭിച്ച് ഏകാഗ്രത വര്‍ദ്ധിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിലെ മാനസികവും ലക്ഷ്യാധിഷ്ഠിതവുമായ ജീവിതരീതി പുനക്രമീകരിക്കപ്പെടുന്നു. ആയുര്‍വേദ ചികിത്സകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും വിശപ്പും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ മഹാമാരിയുടെ കാലഘട്ടത്തില്‍പ്പോലും “സ്വാസ്ഥന്മാരും” (സ്വന്തം ആരോഗ്യത്തെ പരിപാലിക്കുന്നവരും), രോഗാവസ്ഥയില്‍ ആയിരിക്കുന്നവരും ആയുര്‍വേദ ആചാരന്മാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ബാഹ്യമായ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നതിനായി എന്നെപ്പോലെയുള്ള പാരമ്പര്യ പരിചാരകന്മാരെ വീടുകളിലേക്ക് ക്ഷണിച്ചുവരുത്തി ആയുര്‍വേദ ചികിത്സകള്‍ ചെയ്യിപ്പിക്കുന്നതും.

ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കരുത്, പകലുറങ്ങരുത്, അമിതമായി അത്താഴം കഴിക്കരുത്, താമസിച്ച് ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക, ദിവസവും ആറ് ലിറ്റര്‍ ശുദ്ധമായ വെള്ളം കുടിക്കുക, ജൈവ ഉല്‍പന്നങ്ങള്‍ കഴിക്കുക, പുകവലി, മദ്യപാനം തുടങ്ങിയ ലഹരി ഉപയോഗം ഒഴിവാക്കുക, സജീവമായ ഒരു ജീവിതരീതി നിലനിര്‍ത്തുക, ജീവിതത്തില്‍ ദിനചര്യയ്ക്ക് പ്രാധാന്യം കൊടുക്കുക. അങ്ങിനെ നമ്മുടെ ആരോഗ്യം നമുക്ക് ആയുര്‍വേദത്തിലൂടെ നിലനിര്‍ത്താം. നമുക്കും, പിന്നാലെ വരുന്ന നമ്മുടെ തലമുറകള്‍ക്കുമായി...     

അബിത് വി രാജ്
(പാരമ്പര്യ ആയുര്‍വേദ പരിചാരകന്‍)
9562667847
abiaathira@gmail.com

Join WhatsApp News
Manoj P V 2021-10-06 10:51:36
താങ്കളുടെ ലേഖനങ്ങൾ മുടങ്ങാതെ വായിക്കുന്നുണ്ട്. ആയുർവേദെത്തെ പറ്റി അറിവു പകരുന്ന രചനകളാണ്.. താങ്കളിൽ നിന്നും ആയുർവേദ ചികിത്സ നേടുവാൻ ആഗ്രഹിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക