Image

ഭാഷയിലേക്ക് തിരിഞ്ഞുനടന്നവൻ (മായ കൃഷ്ണൻ)

Published on 05 October, 2021
ഭാഷയിലേക്ക് തിരിഞ്ഞുനടന്നവൻ (മായ കൃഷ്ണൻ)

"എന്തുമാവട്ടെ; സംസാരിക്കണമെങ്കിൽ മനുഷ്യന് ഭാഷവേണമെന്ന് പറഞ്ഞത് ബെർണാഡ്ഷാ ആണല്ലോ........ "എന്ന് അർധോക്തിയെ വായുവിൽ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ പിന്നിലേക്ക്, എല്ലാ വാഗ്സമരങ്ങളുടെയും പിന്നിലേക്ക് മറിഞ്ഞുമറിഞ്ഞുപോയി...

പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം.എന്‍. വിജയന്‍ മാഷ് വിടവാങ്ങിയിട്ട്  ഒക്ടോബർ മൂന്നിന് പതിനാലു  വര്‍ഷം തികഞ്ഞു .

1930 ജൂണ്‍ 8നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായാണ് വിിജയന്‍മാഷുടെ ജനനം. പതിനെട്ടരയാളം എല്‍.പി. സ്‌കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ. 1952ല്‍ മദിരാശി ന്യൂ കോളെജില്‍ അദ്ധ്യാപകനായി. 1959ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ അദ്ധ്യാപകനായി. 1960ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകനായി. 1985ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.

മലയാളസാഹിത്യനിരൂപണരംഗത്ത് എം എൻ വിജയനുണ്ടാക്കിയ അലയൊലികൾ ഭാഷാകാലത്തോളം നീളുകതന്നെ ചെയ്യും. വിശിഷ്യാ കവിതാനിരൂപണരംഗത്ത്. മലയാളത്തിൽ, സധൈര്യം  മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ്.  

കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമര്‍ശകന്‍. മാര്‍ക്‌സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചു. കാളിദാസന്‍, കുമാരനാശാന്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ,വൈലോപ്പിള്ളി, ബഷീര്‍ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്. ഇവരിൽത്തന്നെ, വൈലോപ്പിള്ളിക്കവിതകൾക്ക് അദ്ദേഹം ചെയ്ത മനഃശാസ്ത്രവിശകലനങ്ങൾ /അപഗ്രഥനങ്ങൾ (ശീർഷാസനം) ഏറെ ഒച്ചപ്പാടുണ്ടാക്കി.

 കവിയടക്കം പലരും രോഷാകുലരാവുകയും വാളെടുക്കുകയും ചെയ്തപ്പോൾ ഫ്രോയ്ഡിയൻ തത്വസംഹിതകളെ ഉദ്ധരിച്ച് തന്റെ വ്യാഖ്യാനങ്ങൾ അദ്ദേഹം യുക്തീകരിച്ചു. ഒരു വ്യക്തിയുടെ എഴുത്തിനെ ഏറ്റവും സ്വാധീനിക്കുക അയാളുടെ വ്യക്തിമനസ്സാണെന്നും അതേ വ്യക്തിമനസ്സിനെ പ്രസ്തുത വ്യക്തിപോലും തിരിച്ചറിയാനിടയില്ലെന്നുമുള്ള എം എൻ വിജയൻറെ അപഗ്രഥനത്തെ ഉൾക്കൊള്ളാൻ പാരമ്പര്യവാദികൾക്കായില്ല. 

അന്നേവരെ, "അഹാ ഭേഷ് ","അഹോ കഷ്ടം "മാതൃകയിൽ സൃഷ്ടിക്കപ്പെട്ടിരുന്ന ഖണ്ഡന -മണ്ഡന വിമർശനങ്ങളെ (വിമർശകരെയും) തലകുത്തിനിന്നുചിന്തിപ്പിക്കുന്നതായിരുന്നു ശീർഷാസനമെന്ന കൃതി. പെണ്ണ് മുതൽ ആനവരെയുള്ള ചരവസ്തുക്കളുടെ പുരോഭാഗ (പിൻഭാഗ) സൗന്ദര്യാസ്വാദനത്തിലും ഗന്ധം, ധൂപം (പുക), സ്‌ഫോടം (പൊട്ടിത്തെറി) എന്നിവയിൽ കവി പ്രകടിപ്പിക്കുന്ന ആസക്തിയും അദ്ദേഹത്തിന്റെ ലൈംഗിക ചോദനകളെയാണ് പ്രകടമാക്കുന്നതെന്ന്, വൈലോപ്പിള്ളിക്കവിതകളെ എം എൻ വിജയൻ വ്യാഖ്യാനിച്ചത് സാഹിത്യ നിരൂപണ മേഖലക്ക് അതിനൂതന മാനങ്ങൾ നൽകി. 

പിന്നീട് വൈലോപ്പിള്ളിയുടെ "സാരി നീ ചേരിച്ചേറ്റിപ്പോകെ, നിൻ മൃദുരോമചാരുവാം കണങ്കാൽ കണ്ടെനിക്ക് പാവം തോന്നി... "(കണ്ണീർപ്പാടം) എന്ന വരികൾ വിജയവ്യാഖ്യാനത്തിലൂന്നി വായിക്കേ, നാം അന്തംവിട്ടു.. നവ്യമായ ഏതൊരു കാൽവെപ്പും പുഷ്പദളങ്ങളിലേക്കാവില്ല എന്നതുപോലെ, എം എൻ വിജയൻറെ കാഴ്ചപ്പാടുകളും ആദ്യഘട്ടത്തിൽ ഘോരവിമര്ശനങ്ങൾക്ക്‌ തന്നെയാണ് പാത്രീഭവിച്ചത്. എന്നാൽ തുടർക്കാല ഗവേഷകരടക്കമുള്ള എല്ലാ സാഹിത്യാസ്വാദകർക്കും അദ്ദേഹത്തിന്റെ വഴിയിലൂടെയുള്ള യാത്രയാണ് രോചകമായതും..

 പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സഹയാത്രികനായിരുന്നു വിജയന്‍ മാഷ്. പിന്നീടതിന്‍റെ  സംസ്ഥാന അധ്യക്ഷനായി. സി. പി. എം ന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ കൂടിയായിരുന്നു ഒരു കാലഘട്ടത്തില്‍. സി.പി.എം. മലപ്പുറം സമ്മേളനത്തിനു മുന്‍പ്  പാര്‍ട്ടിയില്‍ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ 'പാഠം' മാസികയുടെ പത്രാധിപ ചുമതല അദ്ദേഹം ഏറ്റെടുത്തു. അതോടെ ദേശാഭിമാനി  വാരികയുടെ പത്രാധിപ ചുമതല രാജിവച്ചു. 

ഇടതുപക്ഷചിന്തകനായിരുന്ന അദ്ദേഹം സാഹിത്യത്തെയും ജീവിതത്തെയും  നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്തിനോടും കലമ്പുവാൻ അദ്ദേഹത്തിന്റെയുള്ളിലെ വാഗ്മിക്ക് സാധിച്ചു. അന്ത്യയാത്രവരെ !!

മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍, ചിതയിലെ വെളിച്ചം, മരുഭൂമികള്‍ പൂക്കുമ്പോള്‍, പുതിയ വര്‍ത്തമാനങ്ങള്‍, നൂതന ലോകങ്ങള്‍,വര്‍ണ്ണങ്ങളുടെ സംഗീതം, കവിതയും മനഃശാസ്ത്രവും, ശീര്‍ഷാസനം, കാഴ്ചപ്പാട്, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍, വാക്കും മനസും, ഫാസിസത്തിന്റെ മനഃശാസ്ത്രം, സംസ്‌കാരവും സ്വാതന്ത്ര്യവും, അടയാളങ്ങള്‍ ചുമരില്‍ ചിത്രമെഴുതുമ്പോള്‍ എന്നിവയാണ് പ്രധാനകൃതികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക