Image

ജീവനുണ്ടെങ്കിലേ ജീവിതത്തിന് പ്രസക്തിയുള്ളൂ (ഉഷ കാരാട്ടിൽ)

Published on 05 October, 2021
ജീവനുണ്ടെങ്കിലേ ജീവിതത്തിന് പ്രസക്തിയുള്ളൂ (ഉഷ കാരാട്ടിൽ)

ഒരു ക്ലാസ് മുറിയിലിരിക്കുന്ന  കുട്ടികളെല്ലാം സമാനതകളില്ലാത്ത ജനിതക മൂല്യങ്ങളും ജീവിത സാഹചര്യങ്ങളും ഉള്ളവരാണ്. അതുകൊണ്ട് അധ്യാപക ജീവിതത്തിന്റെ ദിനങ്ങളത്രയും നൂതനവും വ്യത്യസ്തവുമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. സഹപഠിതാവെന്ന തലത്തിലേക്കുയർന്ന് കുട്ടിയെ അറിയാനും അവരിലൊരാളാവാനും ശ്രമിച്ചാൽ ഓരോ കുട്ടിയും പുതിയ പാഠ്യപദ്ധതിയായി നമുക്കനുഭവപ്പെടും.
      രണ്ടു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിന്റെ മുക്കാൽപങ്കും എൽ. പി ക്ലാസിലെ കുട്ടികളോടൊത്തായിരുന്നു. നിഷ്ക്കളങ്ക ബാല്യങ്ങൾക്ക് സത്യസന്ധതയുടെ സുഗന്ധവും സ്നേഹത്തിന്റെ നിറവും കാണാറുണ്ടെങ്കിലും, വളരും മുമ്പേ മുതിർന്നുപോയ ചിലർ
പൊള്ളും പൊരുളും തിരിച്ചറിയാനാകാത്തവിധം കാണികളെ അമ്പരപ്പിച്ചു കൊണ്ട് കണ്ടു പരിചയിച്ച ജീവിത നാടകങ്ങൾ അനുകരിച്ചു തുടങ്ങും. ഒത്തിരി കുട്ടികൾ പല തരത്തിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഒരു വ്യാഴവട്ടത്തിനു മുമ്പ് ജീവിതത്തിലെ വലിയൊരു പാഠം പഠിപ്പിച്ചു തന്ന അഭിജിത്തിനെക്കുറിച്ചാണ് എന്റെ ഓർമ്മക്കുറിപ്പ്.
      കഥാനായകനന്ന് പത്തു വയസ്സ് തികഞ്ഞിട്ടില്ല. ഞാൻ ഡ്രൈവിംഗ് പരിശീലനം നേടി ഓണാവധിക്കു ശേഷം പുതുതായി വാങ്ങിയ ഇരുചക്രവാഹനത്തിൽ യാത്ര തുടങ്ങിയ കാലം. മഞ്ചേരി മലപ്പുറം റോഡിൽ കച്ചേരിപ്പടി ബസ്റ്റാൻഡിന്റെ മൂക്കിൻതുമ്പത്തുള്ള മഞ്ചേരി ജി.എൽ.പി സ്കൂളിലാണ്  അക്കാലത്തെനിക്ക് ജോലി. സ്കൂളിലെത്താൻ കുത്തനെയുള്ള ഒരു കയറ്റം കയറണം. ഈ റോഡ് വശങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കല്ലും മണ്ണും നിറഞ്ഞ് വീതിയുള്ള പുള്ളിയോന്തിന്റെ പുറംപോലെയായിട്ടുണ്ട്. ഉൾഭയം വിട്ടുമാറാത്ത പൈതൃക സ്വത്തായി കിട്ടിയതിനാലും, വഴി നടത്തക്കാർ വരിയിലും നിരയിലും ഒതുങ്ങി
പതം വരാത്ത കുസൃതിപ്പട്ടാളമായതിനാലും പതുക്കെ അതീവ ശ്രദ്ധയോടെയാണ് ഈ വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചിരുന്നത്.
        സ്കൂൾ വിട്ടാലുണ്ടാവാറുള്ള ശലഭമഴയുടെ ഒഴുക്ക് കുറഞ്ഞതിനു ശേഷമാണ് അന്നും  തിരിച്ചു പോന്നത്. മെയിൻ റോഡിലേക്ക് എത്താറായപ്പോൾ വണ്ടി ചരിഞ്ഞ് കാലുകൊണ്ട് താങ്ങിയിട്ടും ബാലൻസ് ചെയ്യാനാവാതെ ഇടതു വശത്തേക്ക് മറിഞ്ഞു. "അയ്യോ.... ന്റെ ടീച്ചറേ...." എന്ന് പറഞ്ഞ് കരച്ചിലിന്റെ വക്കോളമെത്തി കുട്ടിക്കൂട്ടം ഓടി വന്നു. "ഏയ്.... കുഴപ്പമൊന്നും ഇല്ല." ഞാനവരെ സമാധാനിപ്പിച്ചു. പക്ഷേ വണ്ടിയെനിക്ക് നിവർത്താൻ കഴിയുന്നില്ല. നിവർത്താൻ ശ്രമിക്കുമ്പോൾ വീണ്ടും ചരിയും. ഞാൻ ഇടതുകാൽ പുറത്തെടുത്ത്  വണ്ടിയിൽ നിന്ന് സ്വതന്ത്രയായി. പ്രശ്നമില്ലെന്ന് കണ്ടപ്പോൾ ചുറ്റുപാടുമുള്ള മുഖങ്ങളും തെളിഞ്ഞു. പിന്നീട് രണ്ടു തവണ നിവർത്താനായി ഹാന്റിലിൽ പിടിച്ചപ്പോൾ വണ്ടിയും ഞാനും മെയിൻ റോഡിലൂടെ വെള്ളവരയും കടന്ന് മുന്നോട്ടു നീങ്ങി. മഞ്ചേരിയിൽ നിന്ന് വന്നിരുന്ന ബസ് ഡ്രൈവർ ദൂരെ നിന്നേ ഇതു കണ്ടിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
         "ടീച്ചറേ...ടീച്ചറെന്ത് പണിയാ ഈ കാട്ടണേ? വണ്ടി ഓഫാക്കൂ. ആക്സിലേറ്ററിൽ കൈ വന്നിട്ടാണ് ഇത് ഇങ്ങനെ നീങ്ങണത്. " അഭിജിത്താണ്.പഠനത്തിൽ അല്പം പിറകിലാണെങ്കിലും അതിമനോഹരമായ കൈപ്പടയുള്ളവൻ.
ഓണാവധിക്ക് കോറിയിൽ നിന്നു മീൻ പിടിച്ചു വിറ്റ് സാധ്യതകളുടെ വലിയ ലോകത്തെ ചൂണ്ടയിൽ കുരുക്കിയ നാലാംക്ലാസിലെ ചുരുണ്ടമുടിക്കാരൻ.
    ഡ്രൈവിംഗ് ക്ലാസിലോ ലേണേഴ്സ് ടെസ്റ്റിന് തയ്യാറാവാനായി അവർ  തന്ന പുസ്തകത്തിലോ പ്രതിപാദിക്കാത്ത സുരക്ഷയുടെ പുതിയൊരു പാഠമാണവൻ പകർന്നു തന്നത്.  നാടോടിക്കാറ്റിലെ കഥാപാത്രം ദാസൻ പറഞ്ഞതുപോലെ, "ഈ ബുദ്ധിയെന്താ നേരത്തെ തോന്നാതിരുന്നത്?" എന്ന് വിചാരിച്ച് തല പുകയ്ക്കാനൊന്നും നേരം കിട്ടിയില്ല. വാഹനങ്ങൾ ചീറിപ്പായുന്ന റോഡാണ്. ഏതോ ഒരദൃശ്യശക്തിയാവണം ഇത്തിരിപ്പോന്ന ആ കുഞ്ഞിനെക്കൊണ്ട് അങ്ങനെ പറയിച്ചത്.
          വണ്ടി ഓഫാക്കിയപ്പോൾ എനിക്കത് നിവർത്താൻ കഴിഞ്ഞു. ഇടതു ഭാഗത്തെ കണ്ണാടി പൊട്ടി തൂങ്ങിയിട്ടുണ്ട്. വണ്ടിയും എന്റെ കാലും ചിരകിപ്പൊളിഞ്ഞിട്ടുണ്ട്. അപ്പോഴേക്കും മഞ്ചേരി ബി.ആർ.സിയിൽ ജോലി ചെയ്തിരുന്ന സ്മിതട്ടീച്ചറും ഭർത്താവും അവിടെയെത്തി. "പുതിയ വണ്ടിയല്ലേ? ഷോറൂമിൽ കൊണ്ടുപോയി കൊടുക്കൂ" എന്ന് അവർ പറഞ്ഞു.
          "ജീവനുണ്ടെങ്കിലേ
 ജീവിതത്തിന് പ്രസക്തിയുള്ളൂ.."
അധ്യാപന യോഗ്യതകൾ ഒന്നുമില്ലെങ്കിലും പ്രായോഗിക പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നവരെയൊക്കെ ടോട്ടോചാന്റെ കൊബായാഷിമാസ്റ്റർ അധ്യാപകനെന്ന് സംബോധന ചെയ്യും പോലെ മഹത്തായ ഈ പാഠം പറയാതെ പകർന്നു തന്ന അഭിജിത്തിനെ ഓർമ്മയുടെ ചിതലരിക്കാത്ത നിലവറയ്ക്കുള്ളിൽ എന്റെ ഗുരുസ്ഥാനത്ത് ചാരുകസേരയിൽ ഇരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക