Image

അച്ഛമ്മ (കവിത: മറിയംബീവി പുറത്തീൽ)

Published on 06 October, 2021
അച്ഛമ്മ (കവിത: മറിയംബീവി പുറത്തീൽ)
അച്ഛമ്മ പാവമായിരുന്നത്രെ
ഉമ്മറത്തിണ്ണയിൽ കാലും നീട്ടി -
യിരുന്നിട്ടവർ പറഞ്ഞതൊക്കെയും
നേരായിരുന്നത്രെ ...
നാലും കൂട്ടി മുറുക്കീട്ടവർ,
കോലായിൽ വരച്ച ചെഞ്ചോരപ്പൂക്കൾക്ക് -
തെച്ചിപ്പൂവിന്റെ അഴകായിരുന്നത്രേ
വൃത്തിയില്ലാ തള്ളയെന്നമ്മ -
പുലമ്പിയപ്പോളച്ഛമ്മ
ആരും കാണാതെ കരഞ്ഞിരുന്നത്രേ
അന്നേരം പെയ്ത മഴപ്പെയ്ത്തിന്
ചെഞ്ചോരയുടെ നിറമായിരുന്നത്രേ
വയറ് വിശന്നിട്ടവർ ഏങ്ങിക്കരഞ്ഞത്
കോന്തല പറഞ്ഞാണറിഞ്ഞതത്രേ ...
ചുരുട്ടിക്കൂട്ടിയ പച്ചിലക്കൂട്ട്,
പല്ലില്ലാ മോണയിൽ ഞെരിഞ്ഞമരുമ്പോൾ
കിനിഞ്ഞിറങ്ങിയ ചെമന്ന നീരിനൊപ്പം
ഉള്ള വ്യഥകളത്രയും ഉള്ളിലിറക്കിയിരുന്നത്രേ
കണ്ണും ചുവന്നമ്മ കലിതുള്ളി നിന്നപ്പോൾ
കണ്ണുനീർ വാർത്തത് കടലോളമത്രേ ...
ദേഹി വിട്ടകന്ന ദേഹത്ത് -
വെൺമ പുതച്ചവർ നിദ്രയിലാണ്ടപ്പോൾ
ചെവിയിൽ പെരുമ്പറ,
കൊട്ടുമാറുച്ചത്തിൽ നെഞ്ചത്തലച്ചമ്മ
ഏങ്ങിക്കരഞ്ഞത് കള്ളക്കരച്ചിലെന്നാ-
മടപ്പള്ളീലെ മൂലക്കിരിക്കുന്ന
അമ്മിക്കല്ലിനുമറിഞ്ഞിരുന്നത്രേ ...
അച്ഛമ്മയുടെ ജീവനാശത്തിൽ
ഒറ്റപ്പെട്ടുപോയ മച്ചിൻ പുറത്തെ
വെറ്റിലച്ചെല്ലം ഇന്നാള് പറഞ്ഞത് .



അച്ഛമ്മ (കവിത: മറിയംബീവി പുറത്തീൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക