Image

ചാരുത എന്ന മകള്‍ (കവിത : അശോക് കുമാര്‍ കെ)

അശോക് കുമാര്‍ കെ Published on 06 October, 2021
 ചാരുത എന്ന മകള്‍ (കവിത : അശോക് കുമാര്‍ കെ)
ഒരു ചെറു കാറ്റൊരു
പൂവിതളില്‍
തലോടിയപോലൊരു ചിരി
പൈതലിന്‍ ചുണ്ടുകളില്‍
കണ്ടൊരമ്മ....
കടന്നുപോകും വഴിയില്‍,
കൂടില്‍ മുറ്റത്തെ
പൂക്കളത്തിന്നരികില്‍ ....

മകളേ,
നിന്‍ ചിരിപ്പൂക്കളില്‍
ഉണര്‍ന്നുവരും പ്രഭാതമെന്റെ
ഓര്‍മകളെയുണര്‍ത്തുന്നുവല്ലോ....

എനിക്കുമുണ്ടായിരുന്നു
ഇതുപോലൊരോമലാള്‍
ശലഭത്തിന്‍ ചിറകുപോല്‍
ഒരു ഭംഗിയാള്‍......

അവളെ കണ്ടു കൊണ്ടോ
കവിയൊരാള്‍
പാടിയതിങ്ങനെ...

ആവണി തിങ്കളൊഴുകുന്ന
പുഴ പോലെ
കുഞ്ഞണിപദചലനംചെയ്യുന്നോള്‍

മേഘച്ചുരുളുകള്‍ പോല്‍
ചികുര നിര കോതിയൊതിക്കിയോള്‍...

കണ്ണാടിക്കവിളിലൊരു
നക്ഷത്ര ബിന്ദു വരച്ചവള്‍...

മുല്ല മലര്‍ മൊട്ടുകള്‍ പോല്‍
ദന്തനിര തിളങ്ങിയോള്‍...

നീലാകാശംതൊട്ടഞ്ജനമെഴുതിയ
കണ്ണഴകുള്ളോള്‍ ....

കൊഞ്ചല്‍ മൊഴികളില്‍
കല്‍ക്കണ്ടമലിയുമ്പോല്‍ .

അവള്‍ നാള്‍ക്കൂനാള്‍ വലുതായി
എന്‍ കണ്ണിനുത്സവമായി
വളരവേ....

അയ്യോ...
പെട്ടെന്നൊരുനാളവളെ കണ്ടതില്ല,
പ്രഭാതമൊരു പേമഴ പോലെ
എന്‍ കൂടില്‍ നിറഞ്ഞൊഴുകവേ...
കണ്ണീരിന്റെ ഉപ്പളങ്ങളായി
കണ്ണുകള്‍ തളം കെട്ടി നിറയവേ...

കണ്ടു ഞാന്‍ ...
അവളുടെ പൊട്ടിച്ചിതറിയ
കരിവളകള്‍
അവള്‍ വരച്ചൊരാ മുറ്റത്തിന്‍
ആവണിപ്പൂക്കളത്തിനു
ചുറ്റിലും.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക