Image

നിങ്ങള്‍ ഗുരുവിന്റേയും ക്രിസ്തുവിന്റേയും സന്ദേശങ്ങള്‍ മറക്കരുത്.. (സനൂബ് ശശിധരൻ)

Published on 06 October, 2021
നിങ്ങള്‍ ഗുരുവിന്റേയും ക്രിസ്തുവിന്റേയും സന്ദേശങ്ങള്‍ മറക്കരുത്.. (സനൂബ് ശശിധരൻ)
കേരളത്തിന്റെ സാംസ്‌ക്കാരിക സാമൂഹിക മുന്നേറ്റത്തിന് വിവിധ മതവിഭാഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഏറെയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം മതത്തിന്റേയും ജാതിയുടേയും പേരില്‍ കലഹങ്ങളും കലാപങ്ങളുമെല്ലാം അരങ്ങേറിയപ്പോഴും കേരളത്തില്‍ ശാന്തിയും സമാധാനവും നിലനിന്നിരുന്നത് വിവിധ മതവിഭാഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരുടേയും വിശ്വാസികളുടേയും ഇടപെടലുകള്‍ കൊണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായി ഇടപെട്ടും പ്രശ്‌നം വഷളാകാതെ നോക്കിയും മതനേതാക്കളും രാഷ്ട്രീയനേതാക്കളും ഒത്തൊരുമിച്ച് നിന്നതിന്റെ ഫലമാണ് വലിയ കലാപങ്ങളൊന്നും തന്നെ കേരളത്തില്‍ ഉണ്ടാകാതിരുന്നതിന്റെ കാരണം. മാറാട് കലാപം പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും അത് പടരാതെ സൂക്ഷിക്കാന്‍ കേരളത്തിന്റെ സെക്ക്യുലര്‍ മനസ്സിന് സാധിച്ചു. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ രാജ്യമെങ്ങും അക്രമങ്ങള്‍ അരങ്ങേറിയപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്ന സംസ്ഥാനവും കേരളമാണ്. അക്കാലത്ത് ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതത്തേയും ജാതിയേയും ചൊല്ലിയുളള തെറ്റായ പ്രവണതകളെ ഒറ്റക്കെട്ടായി തന്നെ എല്ലാവരും ഒരുപോലെ എതിര്‍ക്കാന്‍ തയ്യാറായിരുന്നു. ഒറ്റപ്പെടുത്തേണ്ടവരെ ഒറ്റപ്പെടുത്താനും എതിര്‍ക്കേണ്ടവരെ പരസ്യമായി തന്നെ എതിര്‍്ക്കാനും ആരും മടികാട്ടിയില്ല.

പക്ഷെ കേരളത്തിലെ സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ സിനിമയുടെ പേരിന്റെ പേരില്‍ പോലും വിവാദങ്ങളും മതവികാരം വ്രണപ്പെടുകയും ജനം നാലായി തിരിയുകയും ചെയ്യുന്ന അവസ്ഥയിലിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ഒരു ദശകമായി കേരളത്തിന്റെ സെക്യുലര്‍  ഫാബ്രിക്കില്‍ ഇങ്ങനെ വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ തീവ്രവാദി സംഘത്തില്‍ ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള 5 യുവാക്കള്‍ കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടതോടെയാണ് കേരളത്തിലും മതതീവ്രവാദവും ഭീകരവാദവുമെല്ലാം വേരോടാന്‍ തുടങ്ങിയെന്നത് കേരളം ഞെട്ടലോടെ അറിഞ്ഞത്. പിന്നാലെ കോഴിക്കോടടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതെങ്കിലും ഭീതിയേറ്റിയ സ്‌ഫോടനങ്ങള്‍ അരങ്ങേറിയതും പാക്ക് ഭീകരവാദസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ റിക്രൂട്ടര്‍ ആയ തടിയന്റെവിട നസീര്‍ എന്ന കണ്ണൂര്‍ സ്വദേശി പിടിയിലാവുകയും ചെയ്തതോടെ കേരളവും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ റഡാറില്‍ ഉള്‍പ്പെട്ടു. ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ കേരളത്തില്‍ നിന്ന് നിരവധി പേര്‍ ചേരുകയും അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും ഭകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ കടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകനായ ജോസഫിന്റെ കൈ  ഒരു സംഘം മുസ്ലീം വര്‍ഗീയ വാദികള്‍ പട്ടാപകല്‍ വെട്ടിമാറ്റിയതോടെ മതതീവ്രവാദമെന്നത് അവഗണിക്കാനാവാത്ത വിധം കേരളത്തെ കാര്‍ന്നുതിന്നുവെന്നത് മലയാളികള്‍ തിരിച്ചറിഞ്ഞു.

എന്നാല്‍ അക്കാലത്തൊന്നും തന്നെ കേരളത്തില്‍ പരസ്യമായി വര്‍ഗ്ഗീയത പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മാത്രവുമല്ല പരസ്യമായി തള്ളിപറയാന്‍ രാഷ്ട്രീയ മതനേതൃത്വം തയ്യാറുമായിരുന്നു. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. മത-സാമുദായിക രാഷ്ട്രീയ നേതൃത്വമെല്ലാം തന്നെ ഇപ്പോള്‍ പച്ചക്ക് വര്‍ഗീയത പരസ്യമായി പറയാന്‍ ആരംഭിച്ചിരിക്കുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലും ഫാദര്‍ റോയി കണ്ണഞ്ചിറയുമെല്ലാം നടത്തിയ പ്രസ്താവനകള്‍ അതിന്റെ നേര്‍ സാക്ഷ്യമാണ്. കൃസ്തുവിന്റെ ഭാഷയായ സ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്ന പുരോഹിതര്‍ തന്നെ മറ്റ് മതവിഭാഗങ്ങളെ ലക്ഷ്യംവെച്ച് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്ന സ്പര്‍ദ്ദ ചില്ലറയാവില്ല. പ്രത്യേകിച്ച് സംഘപരിവാര്‍ ഈ പ്രസ്താവനകളെല്ലാം ആയുധമാക്കുന്ന പശ്ചാത്തലത്തില്‍.   നര്‍ക്കോട്ടിക്ക് ജിഹാദ് ഇതിനോടകം തന്നെ സംഘപരിവാര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒട്ടും അടിസ്ഥാനമില്ലാത്തതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും മയക്കുമരുന്നിന് ജാതിയോ മതമോയില്ലെന്നും മുഖ്യമന്ത്രി കണക്കുസഹിതം വിശദീകരിച്ചുവെങ്കിലും അത്ര നിസാരമല്ല കാര്യങ്ങള്‍.

കൃസ്ത്യന്‍ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പ്രലോഭിപ്പിച്ച് ഇസ്ലാമിലേക്ക് മതം മാറ്റാന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പുതിയ ബോംബ് പൊട്ടിച്ചുകൊണ്ട് ബിഷപ്പ് പള്ളിമേടയിലിരുന്ന് പ്രസംഗിച്ചത്. ഇത്തരത്തില്‍ നിരവധി കൃസ്ത്യാനി പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരായി എന്നും പിതാവ് പറഞ്ഞു. പിന്നാലെ തന്നെ ഒരു ഇടവകയിൽ മാത്രം  9 കൃസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ വിഭാഗത്തില്‍ പെട്ടചെറുപ്പക്കാര്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന് ഫാ. റോയ് കണ്ണഞ്ചിറയുടെ പ്രസ്താവനയുമെത്തി. ഈഴവ സമുദായ നേതാവ് വെള്ളാപള്ളി നടേശന്‍ ശക്തമായ ഭാഷയില്‍ മറുപടിയുമായി എത്തിയതോടെ ഫാദര്‍ കണ്ണഞ്ചിറ മാപ്പ് പറഞ്ഞു പിന്‍വാങ്ങി. എന്നാല്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. പരാമര്‍ശം വിവാദമായതോടെ കക്ഷിഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തിറങ്ങി. പാലായിലെ ബിഷപ്പ്് ഹൗസിലെത്തി ബിഷപ്പ് പണ്ഡിതനാണെന്ന് മന്ത്രിയും ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നേതാക്കളും അരമന കയറിയിറങ്ങി. ബിജെപി നേതാക്കള്‍ ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിഷപ്പിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതാണോയെന്നതും എന്തുകൊണ്ട് ബിഷപ്പ് ഇപ്പോഴും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനുമുമ്പ് കേരളത്തിലെ വിവിധ 'ജിഹാദു'കളുടെ ചരിത്രവും അതിന് പിന്നിലെ വസ്തുതകളുമൊന്ന് പരിശോധിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം തീവ്രവാദസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളെല്ലാം അവര്‍ക്ക് ജിഹാദാണ്. ജിഹാദ് എന്നാല്‍ വിശുദ്ധയുദ്ധം എന്നാണര്‍ത്ഥം. സമാധാനം എന്നസന്ദേശം ചൊരിയുന്ന ഇസ്ലാം മതത്തിന്റെ പേരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികള്‍ക്കുനേരെ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളുമെല്ലാം വിശുദ്ധമാണെന്ന്! ജിഹാദികള്‍ കേരളത്തിലുമുണ്ടെന്നാണ് മേല്‍ വിശദീകരിച്ച സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ബോംബാക്രമണങ്ങളും മറ്റുമാണ് മറ്റിടങ്ങളിലെ ജിഹാദ് എങ്കില്‍ കേരളത്തിലതിന് പലരൂപങ്ങളും ഭാവങ്ങളുമുണ്ടെന്നാണ് ഇസ്ലാമിതര മതവിഭാഗങ്ങള്‍ അവകാശപ്പെടുന്നത്. ലൗ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നിങ്ങനെ പലതരത്തില്‍.

പ്രണയിച്ച് മതം മാറ്റുന്നതിനെയാണ് ലൗ ജിഹാദ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലൗ ജിഹാദ് എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെട്ടത് മലയാളത്തിലെ ഒരു പത്രവാര്‍ത്തയിലാണ്. 2000 ത്തിന്റെ അവസാനത്തില്‍ പത്തനംതിട്ടയിലെ രണ്ട് പെണ്‍കുട്ടികളുടേത് നിര്‍ബന്ധമതപരിവര്‍ത്തനമാണെന്നും ലൗ ജിഹാദ് ആണെന്നും പരാതിയുയര്‍ന്നു. വിശ്വഹിന്ദ് പരിഷത്ത്, ഹിന്ദു ഐക്യ വേദി തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ ലൗ ജിവാദ് വിഷയം ഏറ്റെടുക്കുകയും മുസ്ലീം വിഭാഗത്തിനെതിരെ ആയുധമാക്കുകയും ചെയ്തു. ഹൈക്കോടതിയിലെത്തിയ കേസില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര  മന്ത്രാലയവും ഇത് സംബന്ധിച്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ലൗ ജിഹാദ് എന്ന ഒന്നില്ലെന്ന് കണ്ടെത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും ലൗ മാരേജിനെ വിവാദമാക്കാന്‍ വേണ്ടി മാത്രമാണ് ലൗജിഹാദ് എന്ന് പേരിട്ട് പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നും കേന്ദ് സംസ്ഥാനസര്‍ക്കാരുകള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി കേസ് തള്ളി. വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീസംസ്ഥാനങ്ങളിലും വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ലൗ ജിഹാദ് ആരോപണമുയര്‍ത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ലൗ ജിഹാദ് ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ ഹാദിയ സംഭവത്തോടെ വീണ്ടും ലൗ ജിഹാദ് കേരളത്തില്‍ വിവാദമായി ഉയരുകയായിരുന്നു. സുപ്രീംകോടതി വരെ നീണ്ട കേസിലും ലൗ ജിഹാദ് എന്ന ഒന്ന് രാജ്യത്ത് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് സംഭവത്തില്‍ അന്വേഷണം നടത്തിയ ദേശിയ അന്വേഷണ ഏജന്‍സിയടക്കം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാജ്യത്ത് ഇതുവരേയും ഒരു അന്വേഷണ ഏജന്‍സിയും ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ലാത്ത ലൗ ജിഹാദിന്റെ പേരിലിപ്പോഴും വിവാദങ്ങളും സാമുദായിക സ്പര്‍ദ്ധയുമുണ്ടാക്കാനാണ് പലപ്പോഴും സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. അതിന് ചാലകശക്തിയാകുന്നതാണ് വിവിധ കൃസ്ത്യന്‍ സഭകളും ബിഷപ്പുമാരും അച്ചന്‍മാരുമെല്ലാം നടത്തുന്ന പ്രസ്താവനകള്‍.

മയക്കുമരുന്നുപയോഗം ചെറുപ്പക്കാരില്‍ ഏറുന്നുണ്ടെന്നത് വിവിധ ഏജന്‍സികളുടേയും സന്നദ്ധസംഘടനകളുടേയും പഠനങ്ങളെല്ലാം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പേരില്‍ ചുരുക്കാനാവില്ല. മയക്കുമരുന്ന് ഉപയോഗമെന്നത് സമൂഹത്തിന് നേരെയുള്ള ആക്രമണമാണ്. മുഖ്യമന്ത്രി തന്നെ ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കണക്കുകള്‍ പ്രകാരം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രതിചേര്‍ക്കപ്പെട്ടവരില്‍ പകുതിയോളം പേരും ഹന്ദുമതത്തില്‍പെട്ടവരാണ്. 49.8 ശതമാനം പേര്‍. മസ്ലീംങ്ങള്‍ 34.47 ശതമാനം പേരും കൃസ്ത്യന്‍ മതത്തില്‍ പെട്ട 15.73 ശതമാനവും കേസുകളില്‍ പ്രതികളായി.

ഇനി മതപരിവര്‍ത്തനത്തിന്റെ കണക്ക് പരിശോധിച്ചാല്‍ കൃസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരും ഹിന്ദുമതത്തിലേക്കാണ് മതം മാറിയിരിക്കുന്നത്. ഇസ്ലാമിലേക്കല്ല. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 166 പേരാണ് കൃസ്തുമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയത്. 45 പേര്‍ മാത്രമാണ് ഇസ്ലാം മതം സ്വീകരിച്ച കൃസ്ത്യാനികള്‍. 3 ഇസ്ലാം മത വിശ്വാസികള്‍ കൃസ്തുമതത്തിലേക്കും ഈ കാലയളവില്‍ മാറിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.115 ഹിന്ദുക്കള്‍ ഇസ്ലാം മതത്തിലേക്ക് വിശ്വാസം മാറ്റിയപ്പോള്‍ 105 ഹിന്ദുക്കള്‍ കൃസ്റ്റിയാനിറ്റിയിലേക്കും മാറിയിട്ടുണ്ട്. അതായത് കഴിഞ്ഞ 7 മാസത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തിയത് ഹിന്ദുമതത്തിലുള്ളവരാണ്. 211 കൃസ്ത്യാനികള്‍ മറ്റ് മതങ്ങളിലേക്ക് മാറിയപ്പോള്‍ 220 ഹിന്ദുമതവിശ്വാസികൾ  കൃസ്ത്യാനിയായും മുസല്‍മാനായും മാറി. 18 മുസ്ലീമുകളും മതപരിവര്‍ത്തനം നടത്തിയവരില്‍ ഉള്‍പ്പെടും. കേരളത്തില്‍ നിര്ബന്ധിത മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒറ്റകേസുപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കികഴിഞ്ഞു. അതായത് പാല ബിഷപ്പിന്റെ വാദങ്ങള്‍ എല്ലാ അടിസ്ഥാനത്തിലും തെറ്റാണെന്ന് സാരം.

ഏറ്റവും കൂടുതല്‍ കൃസ്ത്യനികള്‍ ഹിന്ദുമതത്തിലേക്കാണ് മാറിയതെങ്കിലും ബിഷപ്പ് എന്തുകൊണ്ടാണ് ഹിന്ദുമതത്തെ വിമര്‍ശിക്കാതിരുന്നത് എന്ന സംശയം സ്വാഭാവികമായും ഉയരും. അതിനുള്ള ഉത്തരമാണ് അദ്ദേഹം ഇപ്പോഴും പ്രസ്താവന തിരുത്തിയിട്ടില്ല എന്നതിനും പിന്നിലുള്ളത്. ലൗ ജിഹാദ് എന്ന ആരോപണം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയപ്പോള്‍ മുതലേ അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കൃസ്ത്യന്‍ സഭകള്‍ കൈക്കൊണ്ടിട്ടുള്ളത് എന്ന് പഴയരേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. സീറോ മലബാര്‍ സഭയുടെ സിനഡടക്കം സംഘപരിവാരങ്ങള്‍ക്കൊപ്പം മുസ്ലീം വിഭാഗത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയുള്ള ലൗ ജിഹാദ് (രാജ്യത്തെ ഒരു അന്വേഷണഏജന്‍സിയും ഇതുവരേയും കണ്ടെത്തിയിട്ടില്ലാത്ത അതേ ലൗ ജിഹാദ്) ഉണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്. അതേസമയം ഈഴവരും ലൗ ജിഹാദ് നടത്തുന്നുവെന്ന റോയി കണ്ണഞ്ചിറയുടെ പ്രസ്താവന പിന്‍വലിക്കുകയും തിരുത്തുകയും ചെയ്തുകഴിഞ്ഞു. എന്തുകൊണ്ടാണ് ഈ നിലപാട് എന്നതിന് ഒറ്റക്കാരണമേയുള്ളു. ഈഴവര്‍ക്കെതിരെ നടത്തുന്ന ആരോപണം തിരിച്ചടിക്കുമെന്ന തിരിച്ചറിവ്. മുസ്ലീമുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് സംഘപരിവാറിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ ഹിന്ദുമതത്തിലെ പ്രബലസമുദായങ്ങളില്‍ ഒന്നായ ഈഴവര്‍ക്കെതിരെ വാളെടുത്താല്‍ സംഘപരിവാറിന്റെ കയ്യില്‍ നിന്നും വാങ്ങിക്കൂട്ടുമെന്ന ബോധ്യം തന്നെ. കേരളത്തിന് പുറത്ത് പലയിടത്തും ഇപ്പോള്‍ തന്നെ ഹിന്ദുത്വ ഭീകരര്‍ കൃസ്ത്യാനികള്‍ക്കെതിരെ വലിയതോതില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന കാലത്ത് ഹിന്ദുമതത്തിലെ ഒരു വിഭാഗത്തിനെതിരെ നടത്തുന്ന ഏതൊരു നീക്കവും ആത്മഹത്യാപരമാണെന്ന തിരിച്ചറിവുകൂടിയാണ് ലൗജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദുമെല്ലാം മുസ്ലീം വിഭാഗത്തിന് നേരെ മാത്രമായി ഒതുക്കുന്നതിന് പിന്നിലെ രഹസ്യം.

കഴിഞ്ഞ കുറേ കാലമായി മോദിയോടും  ബിജെപിയോടും അടുപ്പം പുലര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ കൃസ്ത്യന്‍ സഭാധിപന്‍മാരുടേത്. തെരഞ്ഞെടുപ്പ് കാലത്തും അതിനുമുമ്പുമെല്ലാം മിസോറാം ഗവര്‍ണറായിരുന്ന അഡ്വക്കേറ്റ് പി ശ്രീധരന്‍പിള്ളയെ ഇതിനായി ബിജെപി കേന്ദ്രനേതൃത്വം തന്നെ ചുമതലപ്പെടുത്തിയിരുന്നു. മധ്യകേരളത്തില്‍ ശക്തമായ സ്വാധീനം കൃസ്ത്യന്‍ സഭയ്ക്കുണ്ടെന്നതിനാല്‍ ഇവിടങ്ങളിലെ വോട്ടും രാഷ്ട്രീയലാഭവും കണക്കിലെടുത്ത് തന്നെയായിരുന്നു ഈ നീക്കം. തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഗുണം ചെയ്തില്ലെങ്കിലും ഭാവിയില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടല് ബിജെപി വിട്ടിട്ടില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രവര്‍ത്തനം സംഘപരിവാര സംഘടനകളില്‍ നിന്ന് പ്രശ്്‌നങ്ങളില്ലാതാക്കുന്നതിന് കൃസ്ത്യന്‍ സഭകള്‍ക്ക് കേന്ദ്രത്തിലെ ബിജെപിയുടെ പിന്തുണ അനിവാര്യമാണ് എന്ന ചിന്തയും ഈ നീക്കുപോക്കുകള്‍ക്ക് പിന്നിലുണ്ട്. ഒപ്പം തന്നെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ - മുസ്ലീം ജനസംഖ്യ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ലകളില്‍ - ഒരുകാലത്ത് കൃസ്ത്യന്‍ സഭകള്‍ കയ്യടക്കിവെച്ചിരുന്ന വിദ്യാഭ്യാസരംഗത്ത് മുസ്ലീം സംഘടനകള്‍ ആധിപത്യം നേടിയതും സഭകളേയും ബിഷപ്പുമാരേയും ചൊടിപ്പിച്ചിട്ടുണ്ട്.

ഇതിനുപുറമെ മുസ്ലീം ജനസംഖ്യ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വലിയതോതില്‍ ഉയര്‍ന്നതും സഭകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 1901 ല്‍ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 17.5 ശതമാനമുണ്ടായിരുന്ന മുസ്ലീങ്ങള്‍ 2011 ലെ സെന്‍സസ് പ്രകാരം 26.56 ശതമാനമായാണ് വളര്‍ന്നത്. അതേസമയം കൃസ്ത്യാനികളാകട്ടെ 16.3 ശതമാനത്തില്‍ നിന്ന് വെറും 18.3 ശതമാനമായി മാത്രമാണ് വളര്‍ന്നത്. ഹിന്ദുക്കളുടെ എണ്ണമാകട്ടെ 68.5 ശതമാനത്തില്‍ നിന്ന് 54.9 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.  

താല്‍ക്കാലിക സ്വാര്‍ത്ഥ നേട്ടത്തിനുവേണ്ടിയാണ് കൃസ്ത്യന്‍ നേതൃത്വം സംഘപരവാരങ്ങള്‍ ഉയര്‍ത്തുന്ന വിഭാഗീയ പ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നത്. തന്നെ പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന സ്‌നേഹവചനം പഠിപ്പിച്ച യേശുനാഥന്റെ സന്ദേശം ജനങ്ങളിലേക്ക് പകരാന്‍ നിയോഗിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. ഭിന്നിപ്പിന്റെയല്ല, സ്‌നേഹത്തിന്റെ ഭാഷയാണ് അവര്‍ സംസാരിക്കേണ്ടത്. പക്ഷെ എന്തുകൊണ്ടോ ലൗ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ നുണപ്രചാരണങ്ങള്‍ക്ക് അതേ പുരോഹിതന്‍മാര്‍ തന്നെ വഴിമരുന്നിടുന്നുവെന്നതാണ് ഖേദകരം.

ബിഷപ്പിന്റെ പ്രസ്താവനയെ തള്ളി മറ്റ് കൃസ്ത്യന്‍ സമുദായക്കാര്‍ തന്നെ ആദ്യം രംഗത്തത്തിയെന്നത് സന്തോഷം നല്‍കുന്നതാണ്. യാക്കോബായ ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസാണ് ഇതിനെതിരെ ആദ്യമായി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. കൃസ്തുമതമെന്നല്ല, കേരളത്തില്‍ ഒരു മതവിഭാഗവും ഭീഷണി നേരിടുന്നില്ലെന്ന് മലങ്കര യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി. വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും അള്‍ത്താര ഉപയോഗിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ മതേതരത്വം തകര്‍ക്കുന്ന നടപടികള്‍ക്ക് വേഗം കൂട്ടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മയക്കുമരുന്നിനെ മയക്കുമരുന്നായി തന്നെ കാണണമെന്നായിരുന്നു പരാമര്‍ശത്തോട് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവയുടെ പ്രതികരണം. ഇതരമതങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന നിലപാടുകള്‍ ഒഴിവാക്കണമെന്നും മതങ്ങളെ ബഹുമാനത്തോടെ കാണുന്ന സാഹചര്യമാണ് ഒരുക്കേണ്ടതെന്നം ക്ലിമിസ് ബാവ ഓര്‍മിപ്പിച്ചു. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ വിവേകപൂര്‍വ്വം പ്രതികരിച്ചുവെന്നതിനാല്‍ മാത്രം വലിയ പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടായില്ല എന്നതില്‍ ആശ്വസിക്കാം. പക്ഷെ നയിക്കുന്നവര്‍ അലക്ഷ്യമായി എറിയുന്ന തിപ്പെട്ടിക്കൊള്ളികള്‍ വലിയ തീയിന് തന്നെ വഴിവെക്കുമെന്ന് ഏവരും ഓര്‍ക്കണം. തെറ്റ് ചൂണ്ടിക്കാട്ടാതെ കേവലം വോട്ട് ബാങ്ക് മാത്രം ലക്ഷ്യംവെച്ച് ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കുന്ന രാഷ്ട്രീയനേതാക്കളും തെറ്റുകള്‍ തിരുത്തണം. അര്‍ദ്ധസത്യങ്ങള്‍ മാത്രമല്ല, നുണകളും സമൂഹത്തിന് വലിയദോഷം ചെയ്യും. സത്യം എന്താണെന്ന് ജനം തിരിച്ചറിയും മുമ്പേ പക്ഷെ നുണ വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ചിരിക്കും. വെറുക്കാനല്ല, സ്‌നേഹിക്കാനാണ് നാം പഠിപ്പിക്കേണ്ടത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ നാടാണ് കേരളം, മറക്കരുത്.  


Join WhatsApp News
True Freedom 2021-10-06 20:34:47
The reason for the more compassionate stand of The Church towards Hindus likely have to do with couple of truths - historically , there have been more respect from Hindus who understood even some of the good in Christianity ; sadly for Islam , such has not been the history , thus need for more vigilance . The author likely have not read Mathew Ch. 23 , yet feel superior to the Bishop to dictate to him how to convey the truth - ' woe to you , you hypocrites ..' enough times too .The quote of the guru as to how the faith does not matter - well, from a background that is filled with errors and lies , such slogans are no surprise . ' The greatness of man is not in self sufficiency but in child like trust in God as a good Father ( the goodness of The Father is what is most distorted in other faiths from the enemy lies ) and true freedom comes from The Cross - recent exhortations and it is the yearning to come to know and love The Truth who is The Person of The Lord is what moves those who try to share same . True , at times there could be difference in opinion as to how to handle an issue such as that mentioned in the article . Those who have compassion for the manner in which the occasion came to the attention of many , for both fear and empathy - all such too to be expected in a culture that has benefitted much from the Freedom from The Cross , the respect for human life and dignity from trusting that a Good Father also forgives offenses when there is repentance and rewards the intent and efforts of those for things said and done willing the good of another ,which is the definition of love . The Church has ever been in efforts of both temporal and eternal good of all . A vibrant holy Church is the best blessing for any land and it is time that those who only seek political power short term would hear that truth loud and clear , remove obstacles that obstruct the role .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക