Image

മറിമായം..! (കവിത: ഇയാസ് ചുരല്‍മല)

Published on 07 October, 2021
മറിമായം..! (കവിത: ഇയാസ് ചുരല്‍മല)
വഴി വക്കിൽ
മണ്ണോടു ചേർന്നിരിക്കും
പരുപരുത്തൊരു കല്ലിനെ
വകഞ്ഞെടുത്തു ഞാൻ

ഉറച്ച പ്രതലമായതിൽ പിന്നെ
നെഞ്ചേറ്റു വാങ്ങിയ
ചെരുപ്പടികളൊന്നുമേ
പതിഞ്ഞു കണ്ടതില്ല

അമ്മ കുഞ്ഞിനെ
ഒരുക്കിയെടുക്കും പോൽ
ഞാനും വെള്ളമൊഴിച്ച്
തേച്ചുരച്ച് ചേർപോക്കി

എൻ വിശപ്പടക്കും
ആയുധം കയ്യിലേന്തി
ചെത്തി മിനുക്കി
മിനുസ്സപ്പെടുത്തി
കണ്ണ് തള്ളിക്കും ശിൽപ്പം
പണി കഴിപ്പിച്ചെടുത്തു

കണ്ടവർ കണ്ടവർ
പുകഴ്ത്താൻ മറന്നില്ല
പലരും കാണിക്ക
വെക്കാൻ മടിച്ചില്ല

അന്യമാണിന്ന്
രൂപം നൽകിയ ഞാനും
ദൂരെ നിന്നു കൈ തൊഴാനായ്
അവസരം കാത്തു നിൽപ്പൂ

ഒരു ചാണ്
വയറിൻ പശിയടക്കാനായ്
വീണ്ടും വഴിവക്കിലൂടെ
പരുപരുത്ത കൽചീളുകൾ
തേടിയിറങ്ങി

ആരോ അഴിച്ചിട്ട
പന്നിക്കൂട്ടം പോലെ
അതു വഴിവന്ന
ചില വർഗീയവാദികൾ

എന്നെയും ബലിയെടുത്തു
ഞാനാൽ പണിത
വിശ്വ ഗോപുരത്തിൻ
നാമത്തിലായ്

ഇന്നും മൂർച്ചയുള്ളോരായുധം
ദിശതെറ്റി ചുംബിച്ചും
അടർന്നു വീഴും കൽചീളുകൾ
ഇറുകെ പുണർന്നും
കീറിയ മുറിവുകളിൽ
വൃണം വന്നത് മിച്ചം...!

അവസാന ശ്വാസം
പടിയിറങ്ങുന്ന നേരത്ത്
ഞാൻ തനിയെ മൗനമായ്
എന്നോട് ചോദിച്ചു
ഞാൻ നിന്നെയാണോ
നീ എന്നെയാണോ
പടച്ചത്...?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക