Image

വിധിയില്‍ അതൃപ്തയെന്ന് ഉത്രയുടെ അമ്മ മണിമേഖല

ജോബിന്‍സ് Published on 13 October, 2021
വിധിയില്‍ അതൃപ്തയെന്ന് ഉത്രയുടെ അമ്മ മണിമേഖല
തങ്ങളുടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയും വിഷമവും പങ്കുവെച്ച് ഉത്രയുടെ അമ്മ മണിമേഖല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇത്തരം പഴുതുകളാണ് കൂടുതല്‍ ക്രിമിനലുകളെ സൃഷ്ടിക്കുന്നതെന്ന് മണിമേഖല മാധ്യമങ്ങളോട് പറഞ്ഞു. 
 
വധ ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും അത് ലഭിക്കാതിരുന്നതില്‍ അതൃപ്തയാണെന്നും പറഞ്ഞ മണിമേഖല വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന സൂചനയും നല്‍കി. ഈ വിധിയിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു
 
മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാത്തതില്‍ നിരാശനാരായി ഉ്രതയുടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും. പ്രതി സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുകുടുംബം. എന്നാല്‍ 17 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷയെന്ന് അറിഞ്ഞതോടെ കുടുംബ നിരാശയിലായി.
 
ശിക്ഷാവിധി പ്രഖ്യാപിച്ച് കഴിഞ്ഞ കോടതി പരിഞ്ഞിട്ടും 20 മിനിറ്റോളം കോടതി മുറിയില്‍ ഇരുന്നശേഷമാണ് പിതാവും സഹോദരനും മടങ്ങിയത്. മാധ്യമങ്ങളോട് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും കഴിയാത്ത നിരാശയായിരുന്നു അദ്ദേഹത്തിന്. പിന്നീട് പ്രതികരിക്കാമെന്ന്് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു. 
 
 
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്
 
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി സൂരജ്. ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണ്. അപ്പീല്‍ പോകുമെന്നും സൂരജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
 
ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ ഉപയോഗിച്ച്‌ നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി
 
വിധി സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷന്‍.
 
ഉത്ര വധക്കേസില്‍ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷന്‍. പ്രതിക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു. വധശിക്ഷ തിരുത്തല്‍ നടപടിയാണെന്ന് പറയാന്‍ കഴിയില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
 
ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 17 വര്‍ഷത്തെ തടവിന് ശേഷമാകും ഇരട്ട ജീവപര്യന്തം ആരംഭിക്കുക. പ്രതിയുടെ പ്രായവും മുമ്ബ് ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
 
അതേസമയം കോടതി വിധിയില്‍ ഉത്രയുടെ അമ്മ മണിമേഖല നിരാശ രേഖപ്പെടുത്തി. വിധിയില്‍ തൃപ്തിയില്ല. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നത്'മണിമേഖല പറഞ്ഞു.
 
പരമോന്നത ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ കുറ്റകൃത്യം നടത്തിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ സമൂഹം എങ്ങോട്ടാകും പോവുകയെന്നും മണിമേഖല പറഞ്ഞു. അതേസമയം വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
 
ന്യായമായ വിധിയാണെന്ന് വാവ സുരേഷ്.
 
ഉത്ര വധക്കേസില്‍ കോടതിയുടെത് ന്യായമായ വിധിയാണെന്ന് വാവ സുരേഷ്. തൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധിയാണിത്. വധശിക്ഷ വിധിച്ചാല്‍ കുറച്ച് പേര്‍ അതിനെതിരെ രംഗത്തെത്തും. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടില്‍ വധശിക്ഷയ്‌ക്കെതിരെ അവര്‍ കോടതിയില്‍ പോകും. അതിലും ഭേദം ഈ ശിക്ഷയാണ്. വിധി എല്ലാവര്‍ക്കും പാഠമാകട്ടെ. വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു. അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസ്സിലാകുമെന്നാണ് കരുതുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 
 
ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു എന്ന് കേട്ടപ്പോള്‍ തന്നെ അസ്വഭാവികത തോന്നിയിരുന്നു. രണ്ടാംനിലയില്‍ കയറി അണലി കടിക്കുന്നത് ഇതുവരെ തന്റെ അനുഭവത്തിലില്ല. അണലി ഒരിക്കലും രണ്ടാം നില വരെ കയറില്ല. രണ്ടാമത് മൂര്‍ഖന്‍ കടിയേറ്റു എന്നു കേട്ടപ്പോഴും അസ്വഭാവികത തോന്നി. സൂരജും ഭാര്യയും കിടന്നുറങ്ങുന്ന മുറിയില്‍ സൂരജിനെ മറികടന്ന് മൂര്‍ഖന്‍ ഉത്രയെ കടിക്കാന്‍ ഒരു സാധ്യതയുമില്ല.
 
കേരളത്തില്‍ ഇതിനു മുന്‍പ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തു തന്നെ മൂന്നാമത്തെ കേസാണിത്. ആദ്യ രണ്ടു കേസുകളില്‍ തെളിവുകളില്ലാത്തതിനാല്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ കേസില്‍ പോലീസും പ്രോസിക്യുഷനും വനംവകുപ്പും മറ്റെല്ലാ വിഭാഗങ്ങളും ഒരുമിച്ച് നടത്തിയ നീക്കമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതെന്നും വാവ സുരേഷ് പറഞ്ഞു.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക