Image

യോഗം സ്വകാര്യം (നർമ്മഭാവന: സുധീർ പണിക്കവീട്ടിൽ)

Published on 14 October, 2021
യോഗം സ്വകാര്യം (നർമ്മഭാവന: സുധീർ പണിക്കവീട്ടിൽ)
“ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസ്സേ” എന്ന പഴയ മുദ്രാവാക്യം പ്രിയസുഹൃത്ത് ശ്രീ ആൻഡ്രുസ് ഇക്കഴിഞ്ഞ സായാഹ്നസല്ലാപത്തിൽ പറഞ്ഞപ്പോൾ ഓർത്തത് ഇയ്യിടെ നടന്ന ഒരു യോഗത്തെപ്പറ്റിയാണ്. യോഗം വളരെ സ്വകാര്യമായി കുടുംബക്കാർ സംഘടിപ്പിച്ചതുകൊണ്ട് അവർ പഴയ മുദ്രാവാക്യം പോലെ ചോദിച്ചു ഞങ്ങടെ വീട്ടുക്കാർ, ഞങ്ങടെ കാശു ചിലവാക്കി ഞങ്ങൾക്കിഷ്ടമുള്ളേടത്ത് ഞങ്ങൾ നൽകിയ പേരിൽ ഒത്തുകൂടി ഞങ്ങടെ നാട്ടിലെ മുത്തശ്ശിയെ ആദരിച്ചതിനു നിങ്ങൾക്കെന്താ  ചേതം നാട്ടുകാരെ. കേൾക്കുന്നവരൊക്കെ ശരി വയ്ക്കുന്ന ഈ അഭിനവ മുദ്രാവാക്യം നാട്ടുകാർക്ക് മുഴുവനായി സ്വീകാര്യമാകുന്നില്ല. കാരണം ഈ യോഗം കൂടിയ വ്യക്തികളും നാട്ടുകാരുമൊക്കെ അങ്ങ് കുന്നത്തുനാട്ടിൽ നിന്നും വന്നവരാണ്. കുന്നത്തുനാട്ടിലെ ഭാഷയും അവർ കൂടെ കൊണ്ടുവന്നു. ഭാഷയുടെ പേരിൽ അവർ കൂട്ടം ചേർന്നു. അങ്ങനെ ചേരുമ്പോൾ കുറച്ച് കുടുംബക്കാർ മാത്രം തീരുമാനം എടുത്താൽ മതിയോ എന്ന ചോദ്യാത്തരപംക്തി ഹനുമാന്റെ വാൽ പോലെ നീണ്ടുപോയി അവസാനം തീപ്പൊരി ഉണ്ടായി.

വന്നവരെല്ലാം ഒരു നാട്ടുകാരെങ്കിലും അവർ തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. സ്വരങ്ങൾ നന്നായില്ലെങ്കിൽ പിന്നെ പാട്ട് എന്തിനു കൊള്ളാം. എന്നാലും കോതകൾ പാടി തിമിർത്തു. അതിൽ ചില നല്ല സ്വരങ്ങൾ പാട്ടു നിർത്തിപോയി. പിന്നെയുള്ളവർ കലപില ശബ്ദങ്ങൾ ഉണ്ടാക്കി, അവർ തമ്മിൽ തമ്മിൽ ആസ്വദിച്ചു. എന്നാൽ ഇത്തരം യോഗങ്ങൾ മാനസികസമ്മർദ്ദം കുറയ്ക്കാൻ സഹായകമാകുന്നു. അങ്ങനെയുള്ള ആസ്വാദനവേളകളിൽ മാനുഷികദൗർബല്യങ്ങളുടെ അമിട്ടുകൾ പൊട്ടി നമുക്ക് ആനന്ദം പകരുന്നത് രസകരമാണ്. ഏതോ പരിപാടിയിൽ രണ്ടു വാക്കു പറയാനെത്തിയ ഒരു കാമരൂപനെ കണ്ടു മൂന്നു തൈകിഴവികൾ എന്നോട് ചോദിച്ചു. "സുധീറേ ഏതാണാ സുന്ദരൻ, സുമുഖൻ" അവരുടെ ആകാംക്ഷാഭരിതമായ അന്വേഷണങ്ങളിൽ മോഹകുരുവികളുടെ ചിറകടിയൊച്ച കേൾക്കാമായിരുന്നു.
അവരുടെ അടക്കിയ സ്വരങ്ങളിൽ ഞാൻ കേട്ടത് വയലാറിന്റെ ഭാഷയിൽ പറഞ്ഞാൽ “വിരിയും വികാരത്തിൻ  പൂവ്വുകൾ കണ്ടു അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു.” അവരുടെ ചുറ്റിലും അപ്പോൾ ലൈംഗിക വാസന പരക്കുന്നുണ്ടായിരിക്കണം. വയലാർ കണ്ടത് ഇരുന്നൂറു പൗർണമി ചന്ദ്രികകൾ അതായത് പതിനേഴ് താണ്ടിയ പെൺകിടാവിന്റെ പരവേശമായിരുന്നു. തൈകിഴവികൾ കണ്ടത് കോസ്‌മെറ്റിക് കമ്പനികളടെ ഉദാരതയിൽ കാലം കുത്തികീറിയ പരിക്കുകൾ പരിഹരിച്ച യുവകോമളനായ വ്യക്തിയെയെയാണ്. രേഖകളിൽ കാണുന്ന വയസ്സ് കൃത്യമാകണമെന്നില്ല. വിദേശത്ത് ജനിച്ചവരുടെ ജനനത്തീയതി മൂന്നു പകർത്തുമ്പോൾ തെറ്റിപോകുന്നത് പലർക്കും അറിയണമെന്നില്ല. അവരെ വയസ്സന്മാരായി ആരെങ്കിലും കരുതുന്നതിൽ അവരെ തെറ്റ് പറയാനും പറ്റില്ല. ഇക്കാലത്ത് തൈകിഴവികൾ എന്ന പ്രയോഗം ശരിയല്ല. അവരും യുവത്വം വീണ്ടെടുത്തവർ.

അതുകൊണ്ടല്ലേ ആ കല്യാണരൂപനെ കണ്ണെടുക്കാതെ നോക്കിനിന്നു നിശ്ശബ്ധരായി പി ഭാസ്കരന്റെ  വരികൾ പാടിയത്. "അറിയുന്നില്ല ഭവാൻ അറിയുന്നില്ല  അനുദിനം അനുദിനം ആത്മാവിൽ നടക്കുമെൻ അനുരാഗപൂജ ഭവാൻ അറിയുന്നില്ല". അവരുടെ മിഴിമുനകൾ കൊണ്ട് കാമശാസ്ത്രത്തിന്റെ ഏടുകളിൽ ആരും കേൾക്കാത്ത മന്മഥമന്ത്രങ്ങൾ കുറിച്ചിട്ടത്. വത്സായൻ അർത്ഥഗർഭമായ പുഞ്ചിരി തൂകിയത്. ഇതൊക്കെ ഒന്നിച്ചുചേരലിൽ അറിയാതെ അറിയാതെ മനസ്സുകൾ കാണുന്ന ദിവാസ്വപനങ്ങൾ.  എന്നാൽ പ്രപഞ്ചമെന്ന അനുരാഗയമുനയിലെ പ്രണയമരാളങ്ങൾ കുഞ്ഞോളങ്ങളിൽ തത്തിക്കളിക്കുന്നത് സമൂഹം ഇഷ്ടപ്പെടുന്നില്ല. അവിടേക്ക് നൂപുരധ്വനികൾ കേൾപ്പിക്കാതെ മന്ദം മന്ദം നടന്നുപോകുന്ന തൈകിഴവികളോട് കാർമേഘവർണ്ണന്റെ രാധ പറയുന്നു ഞാനും ഇങ്ങനെ കണ്ണനെ തേടി ശബ്ദംമ ഉണ്ടാക്കാതെ നടന്നുപോയിട്ടുണ്ട്. അപ്പോൾ കിഴവിക്കൂട്ടം പറയുന്നു ഞങ്ങളുടെ മുട്ടുകൾ വഴങ്ങുന്നില്ല അതുകൊണ്ടാണ് പതുക്കെ നടക്കുന്നതെന്ന്. പാവം മാനവഹൃദയങ്ങൾ അങ്ങനെ തുടിക്കുമ്പോൾ അവിടെ ഒന്നിനും മെരുങ്ങാത്ത സദാചാരഗുണ്ട മുഷ്ടിചുരുട്ടി നിൽക്കുന്നു. ഇത് യോഗത്തിനു മുമ്പ്  നടന്ന ഒരു ചെറിയ ഇടവേള.

കുന്നത്തുനാട്ടിൽ നിന്നെത്തിയവർ യോഗം കൂടി. ഒരു സ്വകാര്യയോഗം എന്നു വിളിച്ചാലും തെറ്റല്ല. അവർ അവരുടെ തായ്‌വഴിയിലുള്ള മറ്റുള്ളവരെയൊന്നും പരിഗണിച്ചില്ല. വാസ്തവത്തിൽ പലർക്കും പണം ചിലവാക്കി സദ്യയിൽ പങ്കുചേരാൻ താല്പര്യമില്ലാഞ്ഞിട്ടായിരുന്നു എന്നത് സത്യം. പിന്നെ സദ്യ കഴിഞ്ഞുവരുമ്പോൾ ദക്ഷിണ കിട്ടാനുള്ള വകുപ്പൊന്നും കാണാത്തവരും യോഗം ബഹിഷ്കരിച്ചു. എന്നാൽ യോഗത്തിൽ നടന്ന കാര്യങ്ങളിൽ അവർക്ക് അഭിപ്രായമുണ്ടായിരുന്നു. യോഗത്തെപ്പറ്റി അതു സംഘടിപ്പിച്ചവർ മുന്നോടിയായി അതൊക്കെ ഒരു പത്രദ്വാര അറിയിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ഇതിനെ ഒരു തിരണ്ടുകല്യാണമായി കണക്കാക്കിയവരും ഉണ്ടായിരുന്നു. ഗ്രാമവാസികളെ അറിയിച്ചുകൊണ്ട് തിരണ്ട പെൺകുട്ടിയെ പുഴയിലോ  കുളത്തിലോ ഒക്കെ പരിവാരങ്ങളുമായി പോയി കുളിപ്പിച്ച് നാട്ടിലെ ആൺകുട്ടികളെ വിവരം അറിയിക്കുന്ന ഏർപ്പാട് മാറ്റി വീട്ടുകാർ മാത്രം കൂടുന്ന  ചടങ്ങാക്കി ചുരുക്കിയ മാതൃകയിൽ  നടത്തുന്ന ഒരു തിരണ്ടുകല്യാണം. തീർച്ചായായും അത്തരം ആഘോഷങ്ങളിൽ മുത്തശ്ശിമാർക്ക് പരിഗണനയുണ്ടാകും.
താംബൂലപൊതികളും പുകയിലക്കെട്ടും കൊടുത്ത് മുത്തശ്ശിമാരുടെ ചുണ്ടുകളെ മുറുക്കി ചുവപ്പിക്കുക. മുത്തശ്ശിയുടെ ചുണ്ടിൽ നിന്നും കൊഴിഞ്ഞുവീണ മുത്തുമണികൾ കൊച്ചുമക്കൾ പെറുക്കിയെടുത്ത് സഭയിൽ പ്രദർശിപ്പിച്ചു. നനയുന്ന രാത്രിയുടെ ഈറൻപുടവ മാറ്റി നിലാവ് മന്ദഹസിച്ചു. ഒരു ഭ്രാന്തിയെപ്പോലെ അലറിയ മഴയും അതിൽ കുഴഞ്ഞ രാത്രിയും കാണികളെ ആകർഷിച്ചു. പക്ഷെ കുന്നത്തുനാട്ടിലെ മറ്റു തായ്വഴി മക്കൾ ചോദിച്ചു നാട്ടിൽ കിടന്നു അന്തരിച്ച മുത്തശ്ശിയെ എന്തിനു ഇവിടെ എഴുന്നള്ളിക്കുന്നു. ഇവിടെ ഉണ്ടല്ലോ മുത്തശ്ശിമാർ, അല്ലെങ്കിൽ തലയും താടിയും നരക്കാത്ത മുത്തശ്ശന്മാർ. അവരുടെ രചനാസാഗരം ഇവിടെ അലയടിക്കുന്നുണ്ടല്ലോ.  “സാഗരങ്ങളെ പാടി പാടി ഉണർത്തുന്ന സാമഗീതങ്ങൾ” രചിക്കുന്നവർ. എന്തേ അവരെ പരിഗണിച്ചില്ല.

അല്ലെങ്കിൽ തന്നെ നാട്ടിലെ ബന്ധുക്കൾ പരിഹസിക്കുകയും നമ്മളിൽ നിന്നും കാശു പിടുങ്ങകയുമല്ലാതെ അവർ എന്ത് ചെയ്തു. നമുക്ക് സ്വന്തമായി നിൽക്കാൻ കഴിവുള്ളപ്പോൾ എന്തിനു നാട്ടിലെ സ്വന്തക്കാരെ കൊണ്ടുവന്നു പണവും സമയവും കളയുന്നു.  പക്ഷെ ഇവിടത്തെ തായ്വഴിയുള്ളവരിൽ ഭൂരിപക്ഷം നാട്ടിലെ ചേട്ടന്മാരുടെ കാൽക്കൽ വീണു നമസ്കരിക്കാൻ താൽപ്പര്യം കാട്ടി. അവർ പറഞ്ഞു കുന്നത്തുനാട്ടിലെ സാഹിത്യകൃഷി ബഹുകേമം. നമ്മൾ അങ്ങനെ കൃഷി ചെയ്യാൻ പഠിക്കണം. നമ്മൾ ഇവിടെ നടുന്ന ചെടികൾ ഒന്നും കൊള്ളുകയില്ല. എല്ലാം നാട്ടിലുള്ളവർ നട്ടുവളർത്തുന്നവ ശ്രെഷ്ടം. ഇവിടെയുള്ളവർ പേന കൊണ്ട് കിളക്കുന്നു. അപ്പോൾ മണ്ണ് ശരിക്ക് ഇളകില്ല, വിത്തിട്ടാൽ മുളക്കില്ല. എന്നാൽ നാട്ടിലുള്ളവർ കലപ്പ കൊണ്ട് ഉഴുതു മറിക്കയാണ്.

നാട്ടിലുള്ളവരോട്  കൂടുതലായി വിധേയത്വം പുലർത്തുന്നവർ തിരണ്ടുകല്യാണം സംഘടിപ്പിച്ചെങ്കിലും അതിൽ സന്നിഹിതരായവരെ കാര്യമായി ഗൗനിച്ചില്ല. പ്രത്യേകിച്ച് പെൺകിടാങ്ങളെ, പൂത്താലം ഏന്തി മുന്നിൽ നിൽക്കേണ്ടവരെ പുരുഷമേധാവിത്വമോ പ്രണയനിലാവ് അസ്തമിച്ച ശുഷ്കനിശപോലെയുള്ള അവരുടെ വിരസതയോ പിന്നിലാക്കി. അതോ കാമദേവനെ അപ്പോൾ ആരോ ദഹിപ്പിച്ച് കളഞ്ഞോ. ആർക്കെങ്കിലും ഇത്തിരി പ്രണയമുണ്ടായിരുന്നെങ്കിൽ സുന്ദരിമാരെ നോക്കി അവർ ഇങ്ങനെ  പാടുമായിരുന്നു. ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളെ, ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളെ, രാഗം നീയല്ലേ, താളം നീയല്ലേ, കന്യകമാരോ സുമംഗലിമാരോ ആയിക്കോട്ടെ അവരൊക്കെ അതുകേട്ട് സുസ്മേരവദനർ ആകുമായിരുന്നു. അഭിനന്ദനങൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? ഔചിത്യം പാലിച്ച് അടുത്ത വരികൾ പാടാതിരിക്കുമ്പോൾ പരിസരം സൗഹാർദ്ദസാന്ദ്രമാകുമായിരുന്നു. രാവിന് മുഖപ്രസാദം വരുമായിരുന്നു. ആഹ്ളാദം തിരയടിച്ച് താളമിടുമായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കഷ്ടമായി എന്ന് മൂക്കത്ത് വിരൽ വച്ച് ചിലർ പറഞ്ഞു. തിരണ്ടുകല്യാണത്തിനു പോകാതിരുന്നവർ പോയവരോട് പറഞ്ഞു. “അപ്പോഴും പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു.”
അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകം സ്വന്തം ചിലവിൽ താങ്ങിക്കൊണ്ടുപോയി പ്രദർശിപ്പിച്ച് തിരിച്ചുവരുമ്പോൾ പുസ്തകത്തിന്റെ എണ്ണം കുറഞ്ഞുവെന്നല്ലാതെ അതേപ്പറ്റി ആരും അന്വേഷിച്ചില്ലത്രെ. എണ്ണം കുറഞ്ഞത് ആരോ അടിച്ചുമാറ്റിയതായിരിക്കുമെന്നു ഊഹിക്കുന്നത് ഭംഗിയല്ല.

എല്ലാവരും മുത്തശ്ശിയുടെ അപദാനങ്ങൾ പാടുന്നതിൽ ഉത്സുകരായിരുന്നു. പ്രിയമുള്ള ഏതോ     വായനക്കാരൻ വരുവാനുണ്ടെന്നു വെറുതെ മോഹിച്ച് ബാക്കി  പുസ്തകങ്ങൾ അവയെ ഒക്കത്തുവച്ച് കൊണ്ടുവന്ന മാതാവിന്റെ കൂടെ മടങ്ങിപ്പോയി. മാതാവല്ല പിതാവാണു. കാരണം മാതാവ് അങ്ങ് കുന്നത്തുനാട്ടിലാണെന്നു ഇവിടെയുള്ളവർ തീരുമാനിക്കുന്നു. നാട്ടിലെ മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും അവരുടെ കൊച്ചുമക്കളെയും മാത്രം ആരാധിക്കുക. അവരുടെ സൃഷ്ടികൾ ഉത്കൃഷ്ടം ഇവിടെയുള്ള മുത്തശ്ശി, മുത്തശ്ശന്മാരുടെ, അവരുടെ കൊച്ചുമക്കളുടെയൊക്കെ സൃഷ്ടികൾ പരിഗണനാർഹമല്ലാത്തവ. ആരാണ് തീരുമാനം എടുക്കുന്നത്.? ഇവിടത്തെ എഴുത്തുകാരെ അവരുടെ രചനകളെ വായിക്കാത്തവർ. ഇതിനെ എഴുത്തുകാരുടെ ദുരവസ്ഥ എന്ന് പറയും. നിരൂപണത്തെപ്പറ്റി അറിവില്ലായ്മകൊണ്ടായിരിക്കണം ഇവിടത്തെ സാഹിത്യസൃഷ്ടികളുടെ വിലയിരുത്തലുകളെ ഒരു പാവത്താൻ "പുറം ചൊറിയൽ" എന്നു അധിക്ഷേപിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ ശക്തിയില്ലാതെ വാലുകൊണ്ട് കോണകം ഉടുത്തു വിറച്ചു  നിൽക്കുന്ന കന്നിപ്പട്ടികളെ പോലെ പ്രേക്ഷകസമൂഹം അയാളുടെ കാൽകീഴിൽ കിടക്കുന്നതും സാഹിത്യചർച്ചകളെയും സാഹിത്യപുരോഗതിയെയും സാരമായി ബാധിക്കുന്നു. പട്ടി യജമാനന്റെ കാല്കീഴില് കിടക്കുന്നത് യജമാനന്റെ കഴിവിനേക്കാൾ പട്ടികളുടെ കഴിവുകേടാണ്. സാഹിത്യം പുരോഗമിക്കണമെങ്കിൽ അത് ചർച്ച ചെയ്യപ്പെടണം. നാട്ടിലുള്ളവരുടെ കൃതികൾ ഇവിടെ ചർച്ച ചെയ്യുന്നതുകൊണ്ട് ഇവിടെ സാഹിത്യം വളരുകയില്ല.

തിരണ്ടു കല്യാണത്തിന് പോയതിനു പകരം നല്ല നാടൻ പാട്ടുകൾ പാടി, കേരളത്തനിമയിൽ തൂശനില മുറിച്ചുവച്ച്  തുമ്പപ്പൂ പോലുള്ള ചോറൊക്കെ നല്ല രുചിയുള്ള പച്ചക്കറികൾ കൂട്ടി ഭക്ഷിച്ച്  "മലരൊളി തിരളും  മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി" അമേരിക്കൻ മലയാള സാഹിത്യം ഇവിടെ വളരണമെന്ന് എഴുതാമായിരുന്നില്ലേ പ്രിയമുള്ളവരേ എന്നു ആർക്കും ചോദിക്കണമെന്നില്ലന്നുള്ളതും അതിശയം. പെൺകുട്ടികൾ തിരളുന്ന പരിപാടികളെക്കാൾ എത്ര ഗഹനമാകുമായിരുന്നു അത്.

ചില വഴിപാടുകൾ "വഴിപാടു" പോലെ ഭക്തന്മാർ കഴിക്കുന്നു. മൂർത്തി അതറിയുന്നില്ല. അതൊക്കെ പൂജാരി അടിച്ചുമാറ്റുകയാണ് പതിവ്. അങ്ങനെ ചില വഴിപാടുകൾ, കൊടിയേറ്റങ്ങൾ നമ്മുടെ മുന്നിൽ അരങ്ങേറുന്നു. അതിനെ രസകരമായി കാണുക, ആസ്വദിക്കുക. അതിന്റെ പോരായ്മകളോ അതൊക്കെ എങ്ങനെ നടത്തണമായിരുന്നെന്നോ, അതിൽ നിന്നും എന്തെല്ലാം പ്രതിഫലമായി ലഭിക്കണമായിരുന്നെന്നോ എന്നൊക്കെ ചിന്തിക്കുന്നതു സമയനഷ്ടമുണ്ടാക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഒരു തിരണ്ടുകല്യാണമെങ്കിൽ അതു, അങ്ങനെയൊന്നു തട്ടികൂട്ടിയതിനെ അഭിനന്ദിക്കുക. തട്ടിക്കൂട്ടുന്നവർ അവരുടെ ആശയാഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതും മനസ്സിലാക്കുക. ഇതിന്റെ തുടക്കത്തിൽ ഉദ്ധരിച്ച മുദ്രാവാക്യം പോലെ ആരെങ്കിലും എന്തെങ്കിലും ചെയ്തതിനു മറ്റുള്ളവർക്ക് എന്തു ചേതം. പരാതി അത് മൊത്തം എഴുത്തുകാരെ പ്രതിനിധീകരിക്കുന്നു എന്ന ചിന്താഗതിയാണ്.
ഒരു കാര്യം തീർച്ചയാണു ഇവിടെയുള്ളവർ പ്രായഭേദമെന്യേ പറയുന്നതു ഒരു കാര്യമായിരിക്കും. "എല്ലാം അവിടെ, ഇവിടെ ഒന്നുമില്ല".  ഓം, ആമേൻ.

ശുഭം

Join WhatsApp News
abdul punnayurkulam 2021-10-14 12:42:52
This Writing is like nice literary lyric, though it is somewhat sarcastic. I enjoyed the convention, did not lose hardly any books. But, the literary judging committee should have appropriately distributed the literary awards.
padvalR Raju 2021-10-14 16:47:53
Dear Mr. Abdul Punnayurkulam, which convention you are mentioning? From sarcastic writing and from Punnayurkalam I guess it is recent LANA Meet convention at Chicago. It was a kind of failoure. Some so called (Really not writers) as usual inagurated the convention. Very few people attended the convetion. Each other praised, scarched, oiled the back (Back scartches is a praising techinque). Abdul mentioned about the judging committee. Who are those judging committee members? Mention atleast their names? If they are the culprits punish them. I sent my novels, oems, essays for competition. But I never hhhard anything from LANA. What happenened? Who are the winners. I contacted one Chairman there, they said the juging committe did their job, but the LANA administration (The big shots decied not give any awards to anybody. Actually it is blow to literature and they should be accountable to the poor participants. Please raise your voice against this injustice.
Vayanakaaran 2021-10-14 20:27:40
അതു ഞാനോ കർത്താവേ എന്നു ചോദിച്ച ജൂദാസിനെപോലെ പലരും അത് ഞാനോ സുധീറേ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നു. ആരാണാ സുമുഖൻ സുന്ദരൻ ? പറയു സുധീർ. ഒരു ക്ലൂ എങ്കിലും. അതോടൊപ്പം ആ തൈകിഴവികളും ആരാണെന്നു പറയുക.
അളിയനും അളിയനും 2021-10-14 23:09:21
അളിയനും അളിയനും പിന്നെ മച്ചാനും അച്ചാനും, പിന്നെ കുറെ പുറം ചൊറിയലുകാരും അതാണ് ഇപ്പോൾ ലാന. ശ്രീ അബ്‌ദുൾ പുന്നയൂർക്കളത്തിനെ എനിക്ക് വളരെ ഏറെ കാലമായി അറിയാം. അദ്ദേഹം എല്ലാ മീറ്റിങ്ങിലും എടുക്കാൻ മേലാത്തവിധം അനേകം പുസ്തകങ്ങളുമായി വരും. ആരും സഹായിക്കില്ല എങ്കിലും അദ്ദേഹം പുസ്തകങ്ങൾ എല്ലാം നിരത്തി വെക്കും. ചിലർ അദ്ദേഹത്തെ പരിഹസിക്കും. കളിയാക്കും. ഡാലസിൽനിന്നും വന്ന ഒരു സിൽക്ക് ജുബക്കാരൻ ഒരിക്കൽ ചിലരുടെ പുസ്തകം അബു ലാന മീറ്റിങ്ങിൽ വച്ചതിനു അദ്ദേഹത്തെ ശകാരിച്ചു. സ്വന്തം വീട്ടുപേര് പോലും ശരിക്കു എഴുതുവാൻ അയാൾക്ക്‌ സാധിക്കില്ല. അഷര തെറ്റ് അയാൾ ഗൂഗിളിൽ പഴിചാരി. ഇത്തരം സ്വാർത്ഥരും പ്രാദേശിക വാദികളുടെയും കൂട്ടായ്മ്മയാണ് ലാന. അബ്‌ദുൾ പുന്നയൂർക്കുളത്തിനെ ലാനയുടെ പ്രസിഡണ്ട് ആക്കണമെന്ന് ഒരുവൻ നിർദേശിച്ചപ്പോൾ അവിടെ നടന്ന തെറിവിളി ഇപ്പോഴും മറന്നിട്ടില്ല. ലാനയെ രക്ഷിക്കാൻ ഒരു പോംവഴി കാണുന്നു. പിരിച്ചു വിടുക. അതല്ല എങ്കിൽ അഹംകാരികൾ അല്ലാത്തവരെ നേതിര്ത്തത്തിൽ കൊണ്ടുവരിക. -നാരദൻ
Vayanakkaran 2021-10-15 03:35:19
ലാനയുടെ സമ്മേളനം തികച്ചും ഒരു പ്രഹസനമായിരുന്നു. അതിന്റെ സംഘാടകർ വളരെ ശോചനീയമായ ഒരു പ്രസൻറെഷൻ ആണ് കാഴ്ചവച്ചത്. അവിടെ ഇങ്ങനെ ഒരു ദ്വൈവാർഷിക സമ്മേളനം നടത്തിയതുകൊണ്ട് ആർക്കെന്തു പ്രയോജനം?അമേരിക്കൻ മലയാളി എഴുത്തുകാരെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരെ കൂടുതൽ പ്രശോഭിതരാക്കുവാൻ പ്രചോദനം നൽകുക എന്ന അടിസ്ഥാന ചിന്ത ഇന്ന് അന്യം നിന്നിരിക്കയാണ്. ഏതായാലും സുധീർ സർ ഇത് വീണ്ടും ചിന്തോദ്ദീപകമാക്കിയതിനു നന്ദി. തിരണ്ടു കല്യാണം ഇതിനേക്കാൾ എത്ര വലിയ സംഭവമാണ്! ലോക സൃഷ്‌ടിയുടെ ശില്പിയാകുന്ന മാതൃത്വത്തിലേക്കു പ്രവേശിക്കാൻ യോഗ്യത നേടുന്ന വലിയ സംഭവമാണ് തിരണ്ടു കല്യാണം. എന്നാൽ തിരണ്ടിയ പെണ്ണിന്റെ പാടു വൃത്തിയാക്കാനുള്ള യോഗ്യത പോലും ഇതിലെ നേതാക്കന്മാർക്കില്ലെന്നുള്ളതാണ് സത്യം. സമയോചിതമായി സഹൃദയരുടെ ശ്രദ്ധ ക്ഷണിച്ച സുധീർ സാറിന് അഭിനന്ദനങ്ങൾ! നന്ദി.
Booby 2021-10-15 08:15:54
Make America great.trump made America the great country in the nation. people are saying bad things about him the democrats. trump did not go to Russia and had no golden shower. please donate. He is running again in 2024
Rajan Jose Nilayil 2021-10-15 22:33:24
ഞങ്ങടെ മോൾടെ തിരണ്ടുകല്യാണം ഭംഗിയായി നടന്നു.ഇനി അവളുടെ താലിക്കെട്ട് അതും ഗംഭീരമാക്കും.അവാർഡ് മോഹിച്ചവർക്കും അംഗീകാരം കൊതിച്ചവർക്കും കൊതിക്കെറുവാണ്. അവരെയൊക്കെ ന്യയോർക്കിലേക്ക് വിടുക. അവർ ഇപ്പ ശരിയാക്കാം എന്ന് പറഞ്ഞു നിൽക്കുന്നുണ്ട്. പട്ടികൾ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് അവിടെ കാണാം. കന്നിപ്പട്ടികളാണോ അറിയില്ല.
Rafeeq Tharayil 2021-10-18 21:12:46
ലാന നല്ല ഉദ്ദേശയത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ്. അങ്കലാപ്പോടെ ചെന്നതും നല്ല സ്വീകരണം ആയിരുന്നു. സത്യം പറഞാൽ നല്ലൊരു അനുഭവം ആയിരുന്നു. Thank you!
kunjiraaman 2021-10-18 23:49:26
അഭിപ്രായം ഇരുമ്പുലക്കയല്ല വായനക്കാരെ.. അത് സന്ദർഭം അനുസരിച്ച് മാറ്റാവുന്നതാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക