Image

പച്ചച്ചെങ്കൊടി സിന്ദാബാദ്... (സോമവിചാരം: ഇ.സോമനാഥ്)

Published on 14 October, 2021
പച്ചച്ചെങ്കൊടി സിന്ദാബാദ്... (സോമവിചാരം: ഇ.സോമനാഥ്)
'ഞമ്മള് പച്ചക്കുപ്പായോമിട്ട്,പച്ചത്തൊപ്പീം വച്ചു,പച്ചക്കാറിലിങ്ങനെ പറന്നു പോകുമ്പോള്‍,ങ്ങ്‌ള് ബിജാരിക്കും ഞങ്ങള് സുഖിക്ക്യാണ്,സുഖിക്ക്യാണെന്ന്. ന്നാല്‍ ഞങ്ങള് ചാണത്തിലെ പുജ്ജിനെപ്പോലെ നുഞ്ച്വാണ്,നുഞ്ച്വാണ്.'
പണ്ടോതോ ലീഗ് മന്ത്രിയുടേതായി കേട്ട വാചകമാണ് ഉദ്ധരണിയുടെ അടിസ്ഥാനം തെറ്റുണ്ടെങ്കില്‍ മാപ്പാക്കണം.പച്ചയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കേരളത്തിലെ ഏക പാര്‍ടി മുസ്ലിംലീഗാണ്.കൊടി പച്ച,തൊപ്പി പച്ച,കാര്‍ പച്ച. പിന്നെ ഗംഗയെന്നു മന്ത്രി മന്ദിരത്തിനു പേരിട്ടാല്‍ അതു ഗ്രേസ് എന്നു മാറ്റും.കാരണം ഗംഗയുടെ നിറം കാവിയോ കറുപ്പോ ആയതു കൊണ്ടു മാത്രമാണ്.അല്ലാതെ ഗംഗയോടും യമുനയോടുംമുള്ള വിരോധം കൊണ്ടല്ല.ബ്രഹ്മപുത്രയോട് പ്രത്യേക സ്‌നേഹവുമുണ്ട്.അത് ആ നദി മാത്രം ആണായതുകൊണ്ടാണന്നു രന്ധ്രാന്വേഷികള്‍ ആരോപിക്കും. 'നദികളില്‍ സുന്ദരി യമുന.' എന്ന പാട്ടിനു ..നദികളില്‍ സുന്ദരി 'യമനാ' എന്നൊരു പാഠഭേദം ലീഗുകാര്‍ തീര്‍ത്തിട്ടുണ്ടത്രേ. യമന്‍ എന്ന രാജ്യത്തെ ആദരിക്കാനാണത്രേ അത്.എന്നല്‍ ഹിന്ദു ദൈവങ്ങളില്‍ ഒരു യമനുണ്ടന്ന കാര്യം അവര്‍ അറിഞ്ഞിട്ടില്ലന്നു വേണം കരുതാന്‍.അറിഞ്ഞിരുന്നെങ്കില്‍ 'നദികളില്‍ സുന്ദരി നൈലാ' എന്ന പാഠഭേദം ആ നിമിഷം തീര്‍ക്കുമായിരുന്നു.

അങ്ങിനെ പച്ചയോട് അടങ്ങാത്ത പ്രണയം കാണിക്കുന്ന ലീഗ് നേതൃത്വത്തെ ഹരിതവിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ചരിത്ര നിഷേധികളോ ചരിത്രമറിയാത്തവരോ ആണ്.ആവിശ്യം വരുമ്പോള്‍ ..മൊയങ്ങട്ടങ്ങെനെ.. മൊയങ്ങട്ടെ,മഞ്ചേര്യങ്ങാടി മൊയങ്ങട്ടെ,പച്ചച്ചെങ്കൊടി സിന്ദാബാദ്..എന്നു വിളിക്കാനും അവര്‍ക്കറിയാം.
             
അവരെയാണ് ഹരിതവിരുദ്ധരായി ചിത്രീകരിക്കുന്നത്.പാവം പെണ്ണുങ്ങള്‍ വീട്ടിലിരുന്നു നെയ്പത്തിരിയും കോയിബിരിയാണിയും ഉണ്ടാക്കട്ടെ എന്നായിരുന്നു ലീഗ് നേതൃത്വം ഏറെക്കാലം ചിന്തിച്ചിരുന്നത്.എന്നാല്‍ കാലം മാറിയപ്പോള്‍ പച്ചയുടെ മാര്‍ക്കറ്റ് കുതിച്ചു കയറുന്നുവെന്ന് ലീഗിലെ ചില ഇന്റെര്‍നെറ്റ്,ഗൂഗിള്‍ വിശാരദര്‍ കണ്ടെത്തി.എങ്കില്‍ പിന്നെ ..ഞമ്മക്കും വേണമൊരു ഹരിത..എന്നു തീരുമാനിച്ചു.അറബിക്കടലില്‍ മഴ പെയ്യുന്നതു മരമുണ്ടായിട്ടാണോ..എന്നു ചോദിച്ച സീതിഹാജിയും, ആനകള്‍ നാട്ടിലിറങ്ങുന്നതു കാട്ടില്‍ തീര്‍ത്തുവെട്ടും തിരഞ്ഞുവെട്ടും നിര്‍ത്തിയതു കൊണ്ടാണന്നു കണ്ടെത്തിയ പി.കെ.ബഷീറിനെയും ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ ലീഗു നേതൃത്വം ഹരിതയ്ക്കു രൂപം കൊടുക്കുമായിരുന്നില്ല.

എന്തായാലും പറ്റിയതു പറ്റി.കന്നിനെ കയം കാണിക്കരുത് എന്നു പറഞ്ഞതു സത്യമായി.ഹരിത യാഥാര്‍ത്ഥ്യമായി.നേതൃത്വത്തില്‍ വന്നത് ..മ്മ്ണി ബല്യ.. ഡിഗ്രിയുള്ളവര്‍.വിദ്യാഭ്യാസം എല്‍.പി(ലോക പരിചയം)മതിയെന്ന കാലം കഴിഞ്ഞുവെന്ന് അവര്‍ ഓര്‍ത്തില്ല.ഹരിതപ്പെണ്ണുങ്ങള്‍ കൊത്തി കൊത്തി മുറത്തില്‍കേറി കൊത്താന്‍ തുടങ്ങിയപ്പോഴാണ് ലീഗു നേതൃത്വത്തിനു വീണ്ടു വിചാരമുണ്ടായത്.പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല എന്ന ചൊല്ലിന് ഒരു ലീഗ് പാഠഭേദം ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയത് യൂത്ത് ലീഗുകാരാണന്നതാണ് ആശ്ചര്യം.നിമിഷനേരം കൊണ്ട് ഹരിതക്കാര്‍ തൊലിച്ചികളായി.സദാചാര വിരുദ്ധരായി.സദാചാര പോലീസിന്റെ അട്ടിപ്പേറ് യൂത്ത് ലീഗ് ഏറ്റെടുത്തു.ഹരിതക്കാര്‍ പരാതിയുമായി മൂത്ത ലീഗുകാരെ സമീപിച്ചു.കൊമ്പന്‍ പോയ വവിയേ മോഴയും പോയി എന്ന കുറ്റമേ യൂത്ത്‌ലീഗ് ചെയ്തിട്ടുള്ളു എന്നായിരുന്നു മൂത്തലീഗിന്റെ തീര്‍പ്പ്.ഭസ്മാസുരനു വരം കൊടുക്കേണ്ടിയിരുന്നില്ല എന്നായിരുന്നു അവരുടെ തീരുമാനം.അതിനുള്ള പാഠഭേദം കണ്ടെത്താന്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചിട്ടുണ്ട്.ഏതായാലും ഹരിതയെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ പൊടിതൂളാക്കി.

എന്നാല്‍ പെണ്ണുങ്ങളുണ്ടോ അടങ്ങിയിരിക്കുന്നു.? വനിതാ കമ്മീഷനായി, മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യ മൊഴിയായി,കേസായി,അറസ്റ്റായി,ജാമ്യമായി,ആകപ്പാടെ അലാക്കിന്റെ അവിലും കഞ്ഞിയായി.പെണ്ണുങ്ങള്‍ പത്തിരിയും ബിരിയാണിയും വെച്ച് അടങ്ങിയിരിക്കുന്ന ലക്ഷണം കാണുന്നില്ല.കന്നിനെ കയം കാണിച്ചാല്‍ ഇതല്ല, ഇതിനുമപ്പുറം സംഭവിക്കും.ഈശ്വരോ രക്ഷതു! ഇതിനു പാഠഭേദം കണ്ടുപിടിക്കാന്‍ സമിതികളെ നിയോഗിക്കേണ്ടി വരുമെന്നു തോന്നുന്നില്ല.പണ്ടൊരിക്കല്‍ കണ്ണു വൈദ്യന്റെ അടുത്തു പോയാല്‍ കൃഷ്ണമണി എന്നു പറയരുതെന്നും പകരം അള്ളാമണിയെന്നു പറഞ്ഞാല്‍ മതിയെന്നും ഒരു ഉന്നതാധികാരസമിതി കണ്ടെത്തിയിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.റിപ്പോര്‍ട്ടിന്റെ കോപ്പി കൈവശമില്ല.

എന്തായാലും ഏതായാലും എക്കലത്തും പൊളിറ്റിക്കലി കറക്ടായി മാത്രം സംസാരിക്കുന്ന മുനീര്‍ സായ്‌വ് ഇക്കാര്യത്തില്‍ ഇതുവരെ ഖണ്ഡിതമായി ഒരഭിപ്രായം പറഞ്ഞതായി കേട്ടില്ല.ഫിസിക്കലി ഡിസേബിള്‍ഡ്് എന്നു പറയരുതെന്നും ഡിഫറന്റെലി ഏബിള്‍ഡ് എന്നു വേണം പറയാന്‍ എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നതു കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.ഗുഡ് ടച്, ബാഡ് ടച് എന്നിവയെ സായ്‌വ്് വിദ്വദ്ജനോചിതമായി പറയുന്നത് പലവട്ടം കേട്ടിട്ടുണ്ട്.സായ്‌വേ,ഇനിയെങ്കിലും ഇതിനൊരു പൊളിറ്റിക്കല്‍ ക്ലാരിറ്റി വരുത്തണം മിണ്ടുക.. മഹാമുനേ..! അതുമല്ലെങ്കില്‍ നമുക്കു പച്ചച്ചെങ്കൊടി സിന്ദാബാദ് എന്നു വീണ്ടും വിളിക്കാം.

ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.                          
            
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക