മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിയതോടെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇനിയുള്ള ദിനങ്ങളില്‍ നമ്പര്‍ 956 റിമാന്‍ഡ് പ്രതി. കോവിഡ് പരിശോധനയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ആര്യന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ജയിലിലേക്ക് മാറ്റിയത്. ഇന്നലെ വരെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു താമസം.
ഹിന്ദിയില്‍ 'ബണ്ടി നമ്പര്‍ 956' എന്നായിരിക്കും ആര്യന്‍ ഖാന്‍ അറിയപ്പെടുക. ഈ നമ്പര്‍ ആയിരിക്കും ജയിലില്‍ വിളിക്കുക. ജയിലിലെ തടവുകാര്‍ക്കെല്ലാം തിരിച്ചറിയാന്‍ പ്രത്യേകം നമ്പര്‍ നല്‍കി ആ നമ്പരിലാണ് വിളിക്കപ്പെടുക.
ആര്യന്റെ കാന്റീന്‍ ചെലവിലേക്കായി കുടുംബം 4500 രൂപ ജയിലിലേക്ക് മണി ഓര്‍ഡര്‍ ആയി അയച്ചുനല്‍കി. ജയില്‍ ചട്ടം അനുസരിച്ച്, പ്രതിമാസം 4500 രൂപയാണ് ഓരോ റിമാന്‍ഡ് തടവുകാര്‍ക്കും ചെലവിലേക്ക് മണി ഓര്‍ഡറായി അയക്കാന്‍ കഴിയുക.
ഈ മാസം 20 നാണ് ആര്യന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുക. ജയിലില്‍ ഏറെ അസ്വസ്ഥനും പിരിമുറുക്കത്തിലുമാണ് ആര്യനെന്ന് റിപ്പോര്‍ട്ടുണ്ട്. സുരക്ഷാകാരണങ്ങള്‍ ഉള്ളതിനാല്‍ ലഹരി കേസുകളിലെ പ്രതികളെ പ്രത്യേക സെല്ലുകളിലാണ് പാര്‍പ്പിക്കുക. ജയിലില്‍ നിന്ന് നല്‍കിയ ഭക്ഷണം ഇഷ്ടമില്ലാതെയാണെങ്കിലും വിശപ്പടക്കാനായി ആര്യന് കഴിക്കേണ്ടിവന്നു. പുലര്‍ച്ചെ ആറ് മണിക്ക് എഴുന്നേല്‍ക്കുകയും ഏഴ. മണിക്ക് വിതരണം ചെയ്ത പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. 11 മണിക്കാണ് ഉച്ചഭക്ഷണം. വൈകിട്ട് ആറിന് അത്താഴവും നല്‍കും. അതിനു ശേഷം സെല്‍ അടച്ചുപൂട്ടും. വീട്ടില്‍ നിന്ന് എത്തിച്ചുനല്‍കിയ വസ്ത്രങ്ങള്‍ ആര്യന് ധരിക്കാം.
ജയിലില്‍ നിന്ന് അധികൃതരുടെ അനുമതിയോടെ ആര്യന്‍ മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനുമായും വീഡിയോ കോള്‍ വഴി സംസാരിച്ചു.
ആഡംബര ലഹരിപ്പാര്‍ട്ടിക്കിടെ ഒക്‌ടോബര്‍ രണ്ടിനാണ് ആര്യനും സുഹൃത്തുക്കളുമടക്കം എട്ടു പേര്‍ കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്.