Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ

Published on 15 October, 2021
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശനിയാഴ്‌ച മൂന്നിന്‌ പ്രഖ്യാപിക്കും. സിനിമകളുടെ സ്‌ക്രീനിങ്ങ്‌ അന്തിമ ജൂറിയുടെ നേതൃത്വത്തില്‍ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കി. ഏതെങ്കിലും സിനിമകള്‍ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വെളളിയാഴ്‌ച വീണ്ടും കാണാം. പ്രശസ്‌ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ്‌ അന്തിമജൂറിയുടെ അധ്യക്ഷ. കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരായിരുന്നു പ്രാഥമിക ജൂറിയുടെ അധ്യക്ഷര്‍. കഴിഞ്ഞ വര്‍ഷത്തെ 80 സിനിമകള്‍ അവാര്‌ഡിനു മത്സരിക്കുന്നുണ്ട്‌.

40 സിനിമകള്‍ വീതം പ്രാഥമിക ജൂറികള്‍ കണ്ടു. അതില്‍ മികച്ച 30 ശതമാനം സിനിമകളാണ്‌ അന്തിമ ജൂറിയുടെ പരിഗണനയ്‌ക്കായി ശുപാര്‍ശ നല്‍കിയത്‌. ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും അംഗങ്ങളാണ്‌. പ്രാഥമിക റൗണ്ടില്‍ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്‌ചവച്ചിട്ടുണ്ടെങ്കില്‍ ആ ചിത്രം അന്തിമ ജൂറിക്കു മുമ്പാകെ വിളിച്ചു വരുത്താമെന്നാണ്‌ വ്യവസ്ഥ.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ്‌ നിര്‍ണ്ണയം ആണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ശേഷാദ്രിക്കും ഭദ്രനും പുറമേ, ഛായാഗ്രാകന്‍ സി.കെ മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട്‌ ഡിസൈനര്‍ എം.ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങളാണ്‌.

ഇവര്‍ക്കു പുറമേ രചനാ വിഭാഗം അവാര്‍ഡ്‌ നിര്‍ണ്ണയിക്കുന്നതിനു പ്രശസ്‌ത നിരൂപകന്‍ ഡോ.പി.കെ രാജശേഖരന്റെ അധ്യക്ഷതിയില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.കെ അജോയ്‌ ആണ്‌ എല്ലാ ജൂറികളുടെയും മെമ്പര്‍ സെക്രട്ടറി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക