Image

പിഞ്ചു കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു

ജോബിന്‍സ് Published on 16 October, 2021
പിഞ്ചു കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു
കണ്ണൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു.  തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിട്ടതാണെന്ന് അമ്മ സോന പൊലീസിന് മൊഴി നല്‍കി. ഇന്നലെയാണ് സംഭവം. പുഴയില്‍ വീണ ഇരുവരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ആദ്യം അപകടമാണെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോന ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയത്. 

തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുമാണ് ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയായ ഭാര്യ സോനയെയും ഒന്നര വയസ്സുകാരിയായ അന്‍വിതയെയും പുഴയിലേക്ക് തള്ളിയിട്ടത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം .പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. 

പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി  കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് കതിരൂര്‍, പാനൂര്‍ പോലീസ്, കൂത്തുപറമ്പ്, പാനൂര്‍ അഗ്നിരക്ഷാസേന, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി.മോഹനന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക