MediaAppUSA

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

Published on 16 October, 2021
യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

'യേശുദേവന്‍' എന്ന ജീവചരിത്രത്തില്‍ കെ.പി. കേശവമേനോന്‍ യേശുവിന്റെ ബാല്യകാലത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ജോസഫും മറിയമും നസ്‌റത്തില്‍ താമസം തുടങ്ങിയപ്പോള്‍ യേശുവിനു നാലുവയസ്സായിരുന്നു. അക്കാലം മുതല്‍ യേശുവിന്റെ 'തിരുക്കുടുംബജീവിതം' അനുകരണീയമായ ഒരു മാതൃകാജീവിതമായിട്ടാണ് മറ്റ് എഴുത്തുകാരെപ്പോലെ കെ.പി. കേശവമേനോനും രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മ അടുക്കളയില്‍ പണിയെടുക്കുമ്പോഴും മറ്റു വീട്ടുജോലികള്‍ നോക്കുമ്പോഴും ബാലനായ യേശു സഹായത്തിനു കൂടെ ഉണ്ടായിരിക്കും. അമ്മ വെള്ളം കോരാന്‍ കിണറ്റിന്‍കരയിലേക്കു പോകുമ്പോള്‍ യേശുവും സഹായത്തിനുണ്ടാവും. അടുക്കളയിലേക്കു ചുള്ളിക്കമ്പും ഉണക്കയിലയും ശേഖരിക്കുന്ന ജോലിയും യേശുവിനായിരുന്നു. കുറച്ചുകൂടി പ്രായമായപ്പോള്‍ ജോസഫിന്റെ കൂടെ പണിശാലയില്‍ യേശു പണിയെടുത്തു. 'അവന്‍ തച്ചന്റെ മകന്‍' എന്നാണല്ലോ മുപ്പത്തിമൂന്നാം വയസ്സിലും യേശുവിനെ ചിലര്‍ വിശേഷിപ്പിച്ചിരുന്നത്. എന്തായാലും തിരുക്കുടുംബത്തില്‍ യേശു അമ്മയെയും അപ്പനെയും ജോലികളില്‍ സഹായിച്ചു. അവന്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം വൃത്തിയും ഭംഗിയും ഉള്ളതായിരുന്നു. അതുപോലെ അപ്പനും അമ്മയും സ്‌തോത്രം ചെയ്യുമ്പോള്‍ യേശു അതേറ്റു ചൊല്ലുമായിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവും അതുപോലെ പ്രാര്‍ത്ഥിച്ചു. ജോസഫും മറിയമും പറയുന്നത് ഒരു വ്യത്യാസവും കൂടാതെ യേശു അനുസരിച്ചു. ഭക്ഷണമേശയില്‍ അവര്‍ ഒന്നിച്ചിരുന്നും ആസ്വദിച്ചും ആശയവിനിമയം നടത്തിയും ഭക്ഷണം പങ്കിട്ടു.
ഇപ്രകാരം ഒന്നിച്ചുള്ള അധ്വാനം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, ഒന്നിച്ചുള്ള ഭക്ഷണം, ഒന്നിച്ചുള്ള ആലോചനകള്‍ എന്നിവയെല്ലാം തിരുക്കുടുംബത്തിന്റെ പ്രത്യേകതകളായിരുന്നു. തിരുക്കുടുംബം ഒരു ദേവാലയമായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനളും ആകുലതകളും സന്തോഷങ്ങളും തിരുക്കുടുംബം പങ്കുവച്ചു. അന്നത്തെ ആചാരനുഷ്ഠാനങ്ങള്‍ മുടക്കംകൂടാതെ നടത്തുന്നതിനും ദേവാലയത്തില്‍ പോയി ആരാധനയില്‍ പങ്കാളിയാകുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ബാലനായ യേശു ഭംഗമൊന്നും വരുത്തിയിട്ടില്ല. തിരുക്കുടുംബത്തെപ്പറ്റി പറയാന്‍ ഇങ്ങനെ ഏറെ കാര്യങ്ങളുണ്ട്.
തിരുക്കുടുംബത്തെപ്പറ്റി ഇപ്പോള്‍ ഞാനോര്‍ത്തത് വാഴൂര്‍ മറ്റത്തില്‍ അന്ത്രയോസ് മത്തായിയുടെ ബാല്യകാലകഥകള്‍ നേരിട്ടു കേട്ടപ്പോഴാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒമ്പതാമത്തെ കാതോലിക്കാ ആയി സ്ഥാനമേറ്റിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ജീവിതത്തിലേക്കു എത്തിനോക്കുമ്പോള്‍ എനിക്കു തിരുക്കുടുംബത്തിന്റെ അനുഭവമാണ് - മറ്റത്തില്‍ അന്ത്രയോസ് മത്തായി എങ്ങനെ മലങ്കരസഭയുടെ അധിപതിയായി?

പരിശുദ്ധ ബാവയും ഡോ. പോൾ  മണലിലും 

ആ കഥ ഞാന്‍ നേരിട്ട് പരിശുദ്ധ മാത്യൂസ് ത്രിതീയന്‍ ബാവായില്‍ നിന്നു കേട്ടു. അഭിവന്ദ്യ പിതാവിന്റെ ജീവിതത്തെപ്പറ്റിയും ദര്‍ശനത്തെപ്പറ്റിയും സാക്ഷ്യത്തെപ്പറ്റിയും സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നപ്പോള്‍ ഞാനദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിലെ ഉള്ളത്തെ കണ്ടെത്തുന്നതിനു മുമ്പ് അദ്ദേഹം തന്റെ ഉള്ളിന്റെ ഉള്ളിലെ പിടയുന്ന ആത്മാവിനെ പിടിച്ചു പുറത്തിട്ടു!
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്റെ ജീവിത്തെ രൂപാന്തരപ്പെടുത്തിയതു വാഴൂര്‍ മറ്റത്തില്‍ കുടുംബത്തിലെ ആ ജീവിതമായിരുന്നു. അപ്പന്‍ അന്ത്രയോസിനും അമ്മ മറിയാമ്മയ്ക്കും അഞ്ചു മക്കള്‍. എന്തൊരു ജീവിതമായിരുന്നു അവരുടേത്! ദാരിദ്രം, രോഗങ്ങള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍, ആകുലതകള്‍, കഷ്ടപ്പാടുകള്‍.... ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത പ്രതികൂല സാഹചര്യങ്ങള്‍. അതിനെയെല്ലാം അന്ത്രയോസും കുടുംബവും അതിജീവിച്ചതു 'തിരുക്കുടുംബ' മാതൃക പകര്‍ത്തിക്കൊണ്ടായിരുന്നു. ഒന്നിച്ചുള്ള അധ്വാനം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, ഒന്നിച്ചുള്ള ഭക്ഷണം, ഒന്നിച്ചുള്ള ആലോചനകള്‍...
ഇങ്ങനെ ഒരു 'തിരുക്കുടുംബ'ത്തില്‍ നിന്നാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ ഉയര്‍ന്നു വന്നത്. ഇച്ഛാശക്തി, കഠിനാധ്വാനം, ദൈവഭക്തി, മനുഷ്യസ്‌നേഹം, പ്രാര്‍ത്ഥന, അനുസരണം എന്നിവയുടെ ചിറകേറിയാണ് മറ്റത്തില്‍ അന്ത്രയോസ് മത്തായി പിന്നെ വളര്‍ന്നു വളര്‍ന്നു ഫാദര്‍ എം.എ. മത്തായി ആയതും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്താ ആയതും മലങ്കര മെത്രാപ്പോലിത്താ ആയതും പൗരസ്ത്യ കാതോലിക്കാ ആയതും! അഭിവന്ദ്യ പിതാവിനു സ്വന്തം ഭവനം ഒരു പരീക്ഷണശാലയും പരിശീലനശാലയും പഠനശാലയുമായിരുന്നു. അഭിവന്ദ്യ മാത്യൂസ് ത്രിതീയന്‍ ബാവായുടെ വേദശാസ്ത്രപഠനത്തിന്റെയും ദൈവശാസ്ത്രപഠനത്തിന്റെയും വേദപുസ്തകപഠനത്തിന്റെയും ആരാധനാ പഠനത്തിന്റെയും ജീവിതപഠനത്തിന്റെയും ഈറ്റില്ലം സ്വന്തം ഭവനമായിരുന്നു. അതൊരു പ്രചോദനശാല കൂടിയായിരുന്നു. കഠിനാദ്ധ്വാനവും ഏതു തരത്തിലുള്ള തൊഴിലും ചെയ്തു കുടുംബം പുലര്‍ത്താന്‍ മടിയില്ലാത്തവരുമായിരുന്നു അഭിവന്ദ്യ തിരുമേനിയുടെ മാതാപിതാക്കള്‍. തൊഴിലിന്റെ മഹത്വത്തിലൂടെ ജീവിതത്തിന്റെ മഹത്വം കാണിച്ചുകൊടുത്തവരായിരുന്നു അപ്പന്‍ അന്ത്രയോസും അമ്മ മറിയാമ്മയും. മനുഷ്യരോടുള്ള അനുകമ്പ, കഷ്ടപ്പെടുന്നവരോടുള്ള ആര്‍ദ്രത, അചഞ്ചലമായി ദൈവവിശ്വാസം, പ്രാര്‍ത്ഥനയിലും നോമ്പിലും ഉപവാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഉള്ള തീഷ്ണത, വൈദപുസ്തകപരിജ്ഞാനവും അതിലെ ചിന്തകളുടെ സ്വാംശീകരണവും എന്നിങ്ങനെയുള്ള മൗലിക സിദ്ധികളിലൂടെയാണ് ആ മാതാപിതാക്കള്‍ സഞ്ചരിച്ചത്. ബാല്യം മുതല്‍ അന്ത്രയോസ് മത്തായിയും ആ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങി.
ജീവിതത്തിലെ പ്രതിസന്ധികളെയും പ്രതികൂലസാഹചര്യങ്ങളെയും എങ്ങനെ പുതിയ സാധ്യതകളും പുതിയ പ്രതീക്ഷകളും ആയി രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്ന ഒരു പാഠം പഠിക്കാന്‍ നമ്മള്‍ അഭിവന്ദ്യ മാത്യൂസ് ത്രിതീയന്‍ ബാവായ്ക്കു ശിഷ്യപ്പെടണം. ദാരിദ്ര്യവും സാമ്പത്തിക ഞെരുക്കവും രോഗങ്ങളും ഒന്നും നമ്മള്‍ നശിക്കാനുള്ള ഉപാധികള്‍ അല്ലെന്നും അതു ജീവിതം അനുഗ്രഹപ്രദമാക്കാനുള്ള ദൈവിക പദ്ധതികളാണെന്നും ബാല്യത്തില്‍ തന്നെ അദ്ദേഹം മനസ്സിലാക്കി. തന്റെ കുടുംബത്തില്‍ കണ്ടെത്തിയ ചെറിയ കിരണങ്ങളെ മറ്റത്തില്‍ അന്ത്രയോസ് മത്തായി വെളിച്ചത്തിന്റെ ഉത്സവമാക്കി രൂപാന്തരപ്പെടുത്തി.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മഹനീയമായ മാതൃക കാണിച്ചുകൊണ്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ പത്തുപതിനേഴ് പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഭിവന്ദ്യ തിരുമേനി മാബൂഗിലെ വിശുദ്ധ പീലക്‌സിനോസിന്റെ വേദശാസ്ത്രപഠനത്തിലൂടെ വിശ്വവേദശാസ്ത്ര മണ്ഡലത്തില്‍ മൗലികമായ ഒരു ക്രിസ്തുശാസ്ത്രം അവതരിപ്പിച്ചു. ചട്ടമ്പിസ്വാമികളുടെ അദ്വൈതസിദ്ധാന്തവും പൗലോസ് ശ്ലീഹായുടെ കോസ്‌മോളജി സിദ്ധാന്തവും താരതമ്യം ചെയ്തു പഠിച്ചുകൊണ്ട് പുതിയൊരു മതദര്‍ശനം അന്വേഷിച്ച അഭിവന്ദ്യ തിരുമേനി, റഷ്യയില്‍ പോയി റഷ്യന്‍ ഭാഷ പഠിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ വേദശാസ്ത്രജ്ഞനായ ബോളട്ടോവിന്റെ ചിന്തകളെപ്പറ്റി റഷ്യന്‍ഭാഷയില്‍ തിസീസ് എഴുതി. റഷ്യന്‍ ഭാഷയില്‍ മാത്രമല്ല ജര്‍മ്മന്‍, ഗ്രീക്ക്, ലാറ്റിന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിവന്ദ്യ തിരുമേനി പരിജ്ഞാനം നേടി.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം ക്രിസ്തുശാസ്ത്രത്തില്‍ ഗവേഷണം നടത്തിയത് ലോകത്തിലെ അറിയപ്പെടുന്ന ക്രിസ്തുശാസ്ത്രജ്ഞനായ ഓര്‍ട്ടിസ് ഡേ ഉര്‍ബീനയുടെ കീഴിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയിലെ വിവിധ ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വേദശാസ്ത്രവിജ്ഞാനീയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന അദ്ദേഹത്തിന്റെ പഠനത്തിന്റെ ഫലമായി ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച 'ഠവല ണീൃറ യലരീാല ളഹലവെ' എന്ന പുസ്തകം ലോകത്തിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സമ്മാനിച്ച അതിവിശിഷ്ടമായൊരു ക്രിസ്തുവിജ്ഞാനീയ ഗ്രന്ഥമാണ്. പഠിക്കുന്ന കാലത്തെല്ലാം ക്ലാസ്സില്‍ ഒന്നാമനായിരുന്നു അദ്ദേഹം. പത്താംക്ലാസ്സില്‍ നേടിത്തുടങ്ങിയ ഒന്നാംസ്ഥാനം പ്രീ-ഡിഗ്രി ക്ലാസ്സിലും ഡിഗ്രി ക്ലാസ്സിലും മാത്രമല്ല വൈദികസെമിനാരിയിലെ വേദശാസ്ത്രപഠനത്തിലും നിലനിര്‍ത്തി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍നിന്നും ജയിച്ചുകയറിയത് എന്നും ഒന്നാം സ്ഥാനത്തായിരുന്നു.
ഇപ്രകാരം സമ്പത്തിലും ജീവിതസാഹചര്യങ്ങളിലും 'ഒന്നാംനിരയില്‍' ജനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റത്തില്‍ അന്ത്രയോസ് മത്തായിയെ ജീവിതത്തില്‍ ഓരോ കാലഘട്ടത്തിലും ദൈവം ഒന്നാംനിരയിലേക്ക് ഉയര്‍ത്തി. ഇപ്പോള്‍ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന അഭിവന്ദ്യ തിരുമേനിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിമാസം രണ്ടരക്കോടി രൂപായാണ് ചെലവാകുന്നതെങ്കിലും ഈ സമ്പത്ത് കൈകാര്യം ചെയ്യുന്ന തിരുമേനിക്ക് സ്വന്തമായി ബാങ്കിലൊരു അക്കൗണ്ട് പോലുമില്ല! സ്വന്തംപേരില്‍ ഒരു ട്രസ്റ്റോ ഒരു പ്രസ്ഥാനമോ ഇല്ലാത്ത ഒരു അജപാലകനാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍. കണക്കും ജീവിതവും എല്ലാം തുറന്ന പുസ്തകം.
അഭിവന്ദ്യ കാതോലിക്കാ ബാവാ ബാല്യംമുതല്‍ എന്നും പാടി പ്രാര്‍ത്ഥിക്കുന്ന ഒരു പാട്ടുണ്ട്: മാര്‍ അപ്രേമിന്റെ മെമ്രയാണിത്.
''എന്നുടയോനെ നീയെന്നെ
കണ്മണിപോല്‍ കാത്തീടണമേ
നിന്‍ചിറകാലേ മറച്ചു പരീ-
ക്ഷയില്‍ നിന്നെന്നെ കാക്കണമേ
ഒളിവായ് നോക്കീടാതെന്റെ
കണ്ണുകളെ നീ കാക്കണമേ
വഞ്ചന കേള്‍ക്കാതടിയന്റെ
കാതുകളേയും കാക്കണമേ
എന്നധരങ്ങള്‍ക്കെന്നും നീ
കാവലതായും നില്‍ക്കണമേ
എന്നുള്ളില്‍ ദോഷം ചെയ്‌വാ-
നുള്ള വിചാരമുദിക്കരുതേ
കര്‍ത്താവേ! നല്ല വിവേകം
വര്‍ദ്ധിപ്പിക്കണമെന്നില്‍ നീ''

പണ്ട് ഭവനത്തില്‍ അപ്പനും അമ്മയും പഠിപ്പിച്ച കാലംമുതല്‍ മാത്യൂസ് തൃതീയന്‍ ബാവാ ഈ പാട്ട് പാടുന്നുണ്ട്. ഇതൊരു സ്വകാര്യ പ്രാര്‍ത്ഥനയാണ്. ബാല്യം മുതല്‍ ദൈവം തന്നെ കണ്മണിപോലെ കാത്തുകൊണ്ടിരിക്കുന്നതായി അഭിവന്ദ്യ തിരുമേനി വിശ്വസിക്കുന്നു. ദൈവത്തിന്റെ ചിറക് എന്നും തനിക്കൊരു കവചമാണെന്നും തിരുമേനി കരുതുന്നു.
പൗരസ്ത്യ കാതോലിക്കായായി അഭിഷിക്തനാകുന്നതിനു മുമ്പ് അഭിവന്ദ്യ തിരുമേനിയെ ഞാന്‍ കാണുകയുണ്ടായി. അദ്ദേഹം അപ്പോള്‍ ഒരു മൗനവ്രതത്തിന് ഒരുങ്ങുകയായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കൊണ്ട് ആ മൗനം ഭഞ്ജിക്കപ്പെടാന്‍ തോന്നിയെങ്കിലും ആ വാക്കുകളില്‍ ഞാന്‍ മൗനത്തിനും അപ്പുറമുള്ള ഒരു മനസ്സ് കാണുകയുണ്ടായി. ആ മനസ്സില്‍ മാത്രമല്ല ആ വാക്കുകളുടെ വക്കിലും രക്തം പൊടിഞ്ഞിരിക്കുന്നതായി തോന്നി.


''പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍'' എന്ന യാക്കോബ് ശ്ലീഹായുടെ വചനം മനസ്സില്‍ ഫ്രെയിമിട്ട് സൂക്ഷിക്കുന്ന അഭിവന്ദ്യ തിരുമേനി എന്നോട് പങ്ക് വച്ചത്, താന്‍ എന്നും ദൈവത്തെ നോക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യനാണെന്നാണ്. ദൈവത്തെ നോക്കി ജീവിച്ചില്ലായിരുന്നെങ്കില്‍ ആ ജീവിതം എവിടെച്ചെന്നെത്തുമായിരുന്നു? കഷ്ടപ്പാടുകളും സങ്കടങ്ങളും നിറഞ്ഞ ബാല്യം.
''ഞങ്ങളുടെ ഒരു നിര്‍ധനകുടുംബമായിരുന്നെന്നും അപ്പനും അമ്മയും പണിയെടുത്താണ് കുടുംബം പോറ്റിയതെന്നും'' പറയാന്‍ മലങ്കരസഭയുടെ പരമാദ്ധ്യക്ഷന് ഒരു മടിയുമില്ല. വീട്ടില്‍ കുറച്ച് റബ്ബര്‍ ഉണ്ടായിരുന്നു. അത് വെട്ടിയതിന് ശേഷം മറ്റുള്ളവരുടെ വീടുകളിലെ റബ്ബര്‍മരങ്ങള്‍ വെട്ടിയും കൂലിപ്പണിയെടുത്തുമാണ് അപ്പന്‍ കുടുംബത്തെ പോറ്റിയത്. ഒരു ദിവസം നാനൂറ് റബ്ബര്‍മരങ്ങള്‍ വെട്ടുന്നതിന് കിട്ടിയിരുന്ന കൂലി ഒന്നേകാല്‍ രൂപയായിരുന്നു! ഒരു മാസം വരുമാനം മുപ്പത് രൂപ തികച്ചുണ്ടായിരുന്നില്ല. അതിനാല്‍ റബ്ബര്‍വെട്ട് കഴിഞ്ഞാല്‍ അപ്പന്‍ ഇല്ലി വെട്ടാന്‍ പോകും. കൊപ്ര ഉണക്കാനുളള ഇല്ലിക്കൊട്ട ഉണ്ടാക്കും. ചന്തയില്‍ അത് വില്‍ക്കാന്‍ പോകുന്നത് ബാലനായ മത്തായി ആയിരുന്നു. അഞ്ച് മക്കളെ പഠിപ്പിക്കാനും വളര്‍ത്താനും പണം തികയാത്തതിനാല്‍ അമ്മ അടുത്തുള്ള വീടുകളില്‍ വേലയ്ക്ക് പോയിട്ടുണ്ട്. അപ്പനും അമ്മയും അങ്ങനെ കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പുലര്‍ത്തിയത്.
ഞാന്‍ അപ്പോള്‍ 'തിരുക്കുടുംബ'ത്തെ ഓര്‍ത്തു. മാതാപിതാക്കള്‍ക്കൊപ്പം യേശു അദ്ധ്വാനം പങ്കുവച്ച കാര്യവും മറ്റും. അന്ത്രയോസിന്റെയും മറിയാമ്മയുടെയും അദ്ധ്വാനം മക്കളും പങ്കുവച്ച കാര്യം മകന്‍ പറയുമ്പോള്‍ അത് കുടുംബത്തില്‍ നിന്നും ലഭിച്ച ഒരു പ്രചോദനമായിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്- ''അപ്പനും അമ്മയും പുലര്‍ച്ചെ എഴുന്നേല്‍ക്കും. അവര്‍ പാട്ടുപാടിത്തുടങ്ങുമ്പോള്‍തന്നെ മക്കളും എഴുന്നേല്‍ക്കും. പിന്നെ ഒന്നിച്ച് പാട്ടുപാടും. ഒന്നിച്ച് നമസ്‌കാരങ്ങള്‍ ചൊല്ലും, ഒന്നിച്ച് പ്രാര്‍ത്ഥിക്കും. അമ്മ ഇപ്പോഴും എന്നും പുലര്‍ച്ചെ എന്റെയുള്ളില്‍ പാടന്നുണ്ട്- മനമേ പക്ഷിഗണമേ... എന്ന പാട്ട്''.
മാതാപിതാക്കളില്‍ നിന്നും ബാല്യംമുതല്‍ അദ്ധ്വാനശിക്ഷണം മാത്രമല്ല പ്രാര്‍ത്ഥനാശിക്ഷണവും ലഭിച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്ന അഭിവന്ദ്യ തിരുമേനി പറയുന്നത്, തന്റെ വേദശാസ്ത്രശിക്ഷണം ആദ്യം വീട്ടിലാണ് തുടങ്ങിയത് എന്നാണ്. അപ്പന്‍ നാലാംക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന് അപാരമായ വേദപുസ്തകജ്ഞാനം ഉണ്ടായിരുന്നു:
''ഞാന്‍ വായിക്കുമ്പോള്‍ തെറ്റായി വായിച്ചാല്‍ അപ്പന്‍ തിരുത്തും. അപ്പന് പക്ഷെ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പന്റെ അപ്പന് ഒരു കാളവണ്ടിയുണ്ടായിരുന്നു. കോട്ടയം ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വാഴൂരില്‍ കൊണ്ടുവന്ന് വില്‍ക്കുമായിരുന്നു. ആ കച്ചവടം പൊളിഞ്ഞു. എന്റെ അപ്പനും വല്യപ്പന്റെകൂടെ കാളവണ്ടിയോടിക്കാന്‍ പോയിട്ടുണ്ട്. അങ്ങനെ അപ്പന് പഠിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മക്കളെ പഠിപ്പിക്കണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം. ചാണക്യന്റെ നീതിസാരം മനഃപാഠമായിരുന്നു അപ്പന്''.
നോമ്പും ഉപവാസവും വീട്ടിലെ ഒരു ശീലമായിരുന്നു. അപ്പനും അമ്മയും ബുധനും വെള്ളിയും ഉപവസിക്കുന്നവരായിരുന്നു. ആ ദിവസങ്ങളില്‍ ഉച്ചവരെ ഭക്ഷണമില്ല. ഉച്ചനമസ്‌കാരം കഴിഞ്ഞിട്ടേ അവര്‍ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. അതുപോലെ അപ്പന്റെകൂടെ മക്കളും ജോലിക്കുപോകുമായിരുന്നു. അപ്പന്‍ റബ്ബര്‍മരം വെട്ടിക്കഴിഞ്ഞാല്‍ പാലെടുത്ത് ഷീറ്റ് ഉറ ചെയ്യുന്ന പണി മത്തായി ഒത്തിരി ചെയ്തിട്ടുണ്ട്. അതുകൂടാതെ വീട്ടിലെ പശുവിന്റെ ചുമതലയും മത്തായിക്കുണ്ടായിരുന്നു. വീട്ടില്‍ മൂന്ന് പശുക്കളുണ്ടായിരുന്നു. അതിന് പുല്ല് വെട്ടാന്‍ പോകണം. തൊഴുത്ത് വൃത്തിയാക്കണം. പറമ്പിലെ വെറ്റക്കൊടിക്ക് വെള്ളം കോരണം... ഇങ്ങനെയൊക്കെയായിരുന്നു ഇപ്പോള്‍ മലങ്കരസഭയുടെ അധിപനായിത്തീര്‍ന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ ബാല്യകാലം.
''അമ്മയ്ക്ക് രണ്ടുകൈയ്യിലും രക്തവാതമുണ്ടായിരുന്നു. അതിനാല്‍ പശുവിനെ കറക്കുന്ന പണി എന്റേതായിരുന്നു. പാല്‍ കുപ്പിയിലാക്കി പതിനാലാം മൈലിലെ ചായക്കടയില്‍ കൊണ്ടുകൊടുക്കും. പിന്നെ വീട്ടില്‍ വന്ന് അടുക്കളയിലെ പാത്രങ്ങള്‍ ചാരമിട്ട് കഴുകും. അമ്മയ്ക്ക് ചാരവും മുളകും അലര്‍ജിയായിരുന്നു. അതിനാല്‍ പാത്രം കഴുകല്‍ മാത്രമല്ല, രാവിലെ കറികള്‍ക്ക് അരകല്ലില്‍ അരയ്ക്കുന്ന പണിയും എന്റേതായിരുന്നു...''
ജീവിതത്തിന്റെ രുചികളും രുചിക്കേടുകളും പഠിക്കാന്‍ അമ്മയുടെകൂടെയുള്ള അടുക്കള അദ്ധ്വാനം തിരുമേനിയെ സഹായിച്ചിട്ടുണ്ട്. ബാല്യത്തില്‍തന്നെ അന്ത്രയോസ് മത്തായി പാചകം ചെയ്യാനും പഠിച്ചു.
''ഇറച്ചിക്കറിയും മീന്‍കറിയും ഉണ്ടാക്കുവാന്‍ അമ്മ പഠിപ്പിച്ചു. വൈദികപഠനത്തിന് പോകുന്നതിന് മുമ്പ് ഇറച്ചി കഴിക്കുമായിരുന്നു. ഇപ്പോള്‍ ഇറച്ചി കഴിക്കില്ലെങ്കിലും ഇറച്ചികൊണ്ട് ഏത് കറിയും വയ്ക്കാന്‍ അറിയാം. ഏതു പച്ചക്കറി ഉണ്ടാക്കുവാനും ഞാന്‍ പഠിച്ചിട്ടുണ്ട്. റഷ്യയിലും റോമിലും പഠിക്കാന്‍ പോയപ്പോള്‍ സ്വയം ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു''.
ഇപ്രകാരം ഏതു ജോലി ചെയ്യുന്നതിനും മടിയില്ലായിരുന്നു. റഷ്യയില്‍ പഠിക്കുന്ന കാലത്ത് അവധിക്കു വന്നപ്പോള്‍ വീടിന്റെ പണിക്ക് മണ്‍വെട്ടിയെടുത്ത് പണിയുന്ന ഡീക്കന്‍ മത്തായിയെപ്പറ്റി സഹോദരന്‍ എം.എ. അന്ത്രയോസ് പറഞ്ഞിട്ടുണ്ട്. ഏത് കാര്യം ചെയ്താലും 'പെര്‍ഫക്ഷന്‍' വേണമെന്ന കാര്യത്തില്‍ ബാല്യംമുതല്‍ തിരുമേനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
''മുറ്റം തൂക്കുമ്പോള്‍പോലും 'പെര്‍ഫക്ഷന്‍' വേണമെന്ന് അപ്പന് നിര്‍ബന്ധമുണ്ടായിരുന്നു. മുറ്റമടിച്ചുകഴിഞ്ഞാല്‍ ഒരു ഇലപോലും കിടക്കാന്‍ പാടില്ല എന്നായിരുന്നു ചിട്ട. ആ ചിട്ടയിലാണ് ഞങ്ങള്‍ വളര്‍ന്നുവന്നത്.''
വീട്ടിലെ മറ്റൊരു ചിട്ട വൈകിട്ട് അഞ്ചരമണിക്ക് വീട്ടില്‍ വന്ന് കളികഴിഞ്ഞ് പഠനത്തിനുമുമ്പ് വേദപുസ്തകം വായിക്കണമെന്നുള്ളതായിരുന്നു. ഓരോ ദിവസവും മത്തായി പ്രതീക്ഷയും പ്രത്യാശയും പുലര്‍ത്തിയാണ് വേദപുസ്തകം വായിക്കുന്നത്. മണ്ണെണ്ണവിളക്കിന് മുന്നിലിരുന്ന് ഓരോരുത്തര്‍ മാറിമാറി വേദപുസ്തകം വായിക്കും. പഴയനിയമത്തില്‍ ജോസഫിന്റെ കഥയാണ് അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചത്. ജീവിതത്തില്‍ കഷ്ടപ്പെട്ടെങ്കിലും എഴുന്നേറ്റുനില്‍ക്കാനുള്ള മാനസികധൈര്യം ജോസെഫിന്റെ ചരിത്രത്തിലുണ്ടായിരുന്നു. പുതിയനിയമത്തില്‍ പൗലോസിന്റെ ജീവിതത്തില്‍നിന്നുള്ള പാഠങ്ങള്‍ തിരുമേനിയെ സ്വാധീനിച്ചിട്ടുണ്ട്.
''ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഒന്നും നഷ്ടമല്ലെന്നുള്ള പാഠങ്ങള്‍ എന്നെപ്പഠിപ്പിച്ചത് ജോസഫും പൗലോസുമാണ്'' എന്ന് തിരുമേനി ചൂണ്ടിക്കാട്ടുന്നു. ദൈവം സംരക്ഷിക്കുമെന്നുള്ള ഉറപ്പ് തനിക്ക് ബാല്യംമുതല്‍ ഉണ്ടായിരുന്നെന്ന് പറയുന്ന തിരുമേനി അന്നുമുതല്‍ ഇന്നോളം മുടങ്ങാതെ ചൊല്ലുന്ന പ്രാര്‍ത്ഥന, ''പട്ടാങ്ങപ്പെട്ട ദൈവംതമ്പുരാനേ...'' എന്നുള്ളതാണ്. ആ സത്യദൈവം എന്നും തിരുമേനിയെ സംരക്ഷിക്കുന്നു.
പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍ 'ടോപ്പര്‍' ആയിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യമകറ്റാന്‍ മകനെ 'ടാപ്പിംഗ്' പഠിപ്പിക്കാന്‍ റബ്ബര്‍ ബോര്‍ഡില്‍ അയയ്ക്കണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ പണമില്ലെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന് നിശ്ചയിച്ച അപ്പന്‍ വീട്ടിലെ വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നായ പശുവിനെ വിറ്റിട്ടാണ് മത്തായിയെ പ്രീ-ഡിഗ്രിക്ക് പഠിക്കാന്‍ അയച്ചത്. മത്തായിക്ക് പ്രിയപ്പെട്ട ആ പശുവിന്റെ പേര് ലളിത. അതിനെ വിറ്റപ്പോള്‍ എഴുപത് രൂപാ കിട്ടി. ബാക്കി അമ്മ കടംവാങ്ങി. അങ്ങനെ 125 രൂപയുമായിട്ടാണ് കോളേജില്‍ പഠിക്കാന്‍ പോയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യ-ചൈന യുദ്ധകാലമാണ്. ഒരുനേരം മാത്രം കഞ്ഞിയുണ്ട്. ഉച്ചയ്ക്ക് സ്‌കൂളില്‍ പോകുമ്പോള്‍ അമ്മ മുതിര പുഴുങ്ങിക്കൊടുക്കും. വീട്ടിലെ പ്രയാസങ്ങള്‍ അറിഞ്ഞാണ് മക്കള്‍ വളര്‍ന്നത്.
''ദൈവം നന്മ കരുതിവയ്ക്കുന്നു. എന്റെ പോരായ്മകള്‍ എന്നെ ശക്തിപ്പെടുത്താന്‍ ദൈവം തന്നതാണെന്ന് ഞാന്‍ കരുതി. വിജയത്തില്‍ മതിമറക്കാതിരിക്കാന്‍ ദൈവം വേദന തരുന്നു''- ഇങ്ങനെയാണ് വീട്ടിലെ കഷ്ടപ്പാടുകളെ തിരുമേനി നോക്കിക്കണ്ടത്.
ഈ കഷ്ടപ്പാടുകളില്‍ 'ജോയ്' കണ്ടെത്തി, വീട്ടില്‍ ആ വിളിപ്പേരുള്ള അന്ത്രയോസ് മത്തായി. സഹോദരങ്ങള്‍ അദ്ദേഹത്തെ വിളിച്ചത് 'മത്തായിപരിശുദ്ധന്‍' എന്നായിരുന്നു.
മറ്റത്തില്‍ കുടുംബത്തിലെ ആ 'മത്തായിപരിശുദ്ധന്‍' ഇന്നു വളര്‍ന്ന് മലങ്കരസഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആയിരിക്കുന്നു. ബാല്യത്തില്‍ കരപ്പന്‍ വന്ന് മരിച്ചുപോകുമെന്ന അവസ്ഥയില്‍ മകനെ ദൈവവേലയ്ക്ക് നേര്‍ന്നെങ്കിലും പ്രീ-ഡിഗ്രി കഴിഞ്ഞപ്പോഴാണ് 'വൈദികനാകണം' എന്ന ആഗ്രഹം മത്തായി ക്ലാസ്സില്‍ ഉറക്കെ പ്രഖ്യാപിച്ചത്. അന്ന് ക്ലാസ്സ് ടോപ്പര്‍ ആയിരുന്ന എം.എ. മത്തായിയോട് അദ്ധ്യാപകന്‍ രാജശേഖരന്‍ നായര്‍ ഇങ്ങനെ പ്രതികരിച്ചു: ''ഇയാള്‍ ഫിസിക്‌സ് അല്ലേ പഠിക്കുന്നത്?''
പ്രീ-ഡിഗ്രിക്ക് ഫിസിക്‌സില്‍ മിടുമിടുക്കനായിരുന്ന മത്തായി പക്ഷേ ഡിഗ്രിക്ക് സ്‌പെഷ്യല്‍ കെമസ്ട്രിയെടുത്താണ് പഠിച്ചത്. എന്നാല്‍ രസതന്ത്രപഠനം അവിടെക്കൊണ്ട് അവസാനിച്ചു. കാരണം തുടര്‍ന്നുപഠിക്കാന്‍ പണമില്ല. ഡിഗ്രിക്ക് 59 ശതമാനം മാര്‍ക്ക് കിട്ടിയെങ്കിലും സ്‌കോളര്‍ഷിപ്പില്‍ തുടര്‍പഠനം നടത്താന്‍ 60 ശതമാനം മാര്‍ക്ക് വേണ്ടിയിരുന്നു.


എന്നാല്‍ ജീവിതത്തിന്റെ ഊര്‍ജതന്ത്രവും രസതന്ത്രവും തന്റെ കുടുംബത്തില്‍നിന്ന് പഠിച്ചതിനാല്‍ ജീവിതത്തില്‍ മറ്റൊരു മാറ്റത്തിന് മത്തായി തയ്യാറായി: ''അന്ന് അപ്പന്‍ രോഗിയായി കിടപ്പിലായിരുന്നു. മൂത്ത സഹോദരി ചുഴലിദീനംകൊണ്ടും കിടപ്പിലായിരുന്നു. ആശുപത്രിയിലൊന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ആ സഹോദരി മരിച്ചു. ഒരു സഹോദരന്‍ ജോലിതേടി മലബാറില്‍ പോയി. മറ്റൊരു സഹോദരി നേഴ്‌സായി ഒറീസ്സയിലായിരുന്നു. വീട്ടില്‍ ഇളയ സഹോദരന്‍ മാത്രം. ഡിഗ്രി കഴിഞ്ഞപ്പോള്‍ അപ്പനും മരിച്ചു''.
ഇതിനുശേഷമാണ് സെമിനാരിയില്‍ ചേരുന്നത്. സെമിനാരിയില്‍ ചേരാന്‍ അഞ്ഞൂറ് രൂപാ അടക്കണം. അതിന് വീട്ടില്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പശുക്കളില്‍ ഒന്നിനെ വിറ്റു. അതിന് ഇരുന്നൂറ്റിഅന്‍പത് രൂപ കിട്ടി. ബാക്കി പണം പള്ളിയില്‍ നിന്നും നല്‍കി. ഇങ്ങനെയായിരുന്നു മറ്റത്തില്‍ അന്ത്രയോസ് മത്തായി സഭയുടെ സേവനത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. അതിന് വീട്ടിലെ 'വേദപരിശീലനം' ആ വൈദികവിദ്യാര്‍ത്ഥിക്ക് കരുത്തായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ മദ്ബഹാ ശുശ്രൂഷയ്ക്ക് കയറിയ മത്തായിക്ക് വീട്ടില്‍നിന്ന് ലഭിച്ച വേദപുസ്തകജ്ഞാനവും ആരാധനാപരിചയവും സെമിനാരിപഠനകാലത്തൊരു 'മുന്‍പരിചയ'മായി ഭവിച്ചു.
മലങ്കരസഭയുടെ പരമാദ്ധ്യക്ഷനായിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ ജീവിതവും ദര്‍ശനവും സാക്ഷ്യവും ഇപ്രകാരം അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍ നിന്ന് കൂടുതല്‍ കഷ്ടപ്പാടുകള്‍ ഏറ്റുവാങ്ങുവാനുള്ള ഒരു മാറ്റത്തിനായിട്ടാണ് അദ്ദേഹം വൈദികവൃത്തിയിലേക്ക് കടന്നുവന്നത്. വീട്ടില്‍ ഒരുപിടി അരിയ്ക്ക് ദാരിദ്ര്യം ഉണ്ടായിരുന്നുവെങ്കിലും സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ പള്ളിയിലെ കുടുംബാംഗങ്ങളില്‍ നിന്നും തീപ്പെട്ടിയില്‍ പിടിയരി ശേഖരിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുള്ള മത്തായി പിന്നെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് വീട്ടില്‍ സ്വന്തം അപ്പനും സഹോദരിയും രോഗങ്ങള്‍ വന്നപ്പോള്‍ അനുഭവിച്ച ക്ലേശങ്ങള്‍ നല്‍കിയ പാഠത്തില്‍നിന്നും ബാല്യത്തില്‍ തനിക്കുചുറ്റും കഷ്ടപ്പെട്ട പാവപ്പെട്ടവരുടെ വേദനയുടെ അനുഭവങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുവച്ചതിന്റെ സ്പന്ദനങ്ങളില്‍ നിന്നുമായിരുന്നു. മറ്റുള്ളവരുടെ വേദനയും സങ്കടവും പങ്കിടാനുള്ള സന്മനസ്സും കഠിനാദ്ധ്വാനം ചെയ്യാനുള്ള ഇച്ഛാശക്തിയും അചഞ്ചലമായ വിശ്വാസവും ദൈവഭക്തിയും- ഇപ്രകാരം യേശുവിന്റെ തിരുക്കുടുംബത്തെ നോക്കി ജീവിതത്തെ രൂപാന്തരപ്പെടുത്തിയ വ്യക്തിത്വമാണ് മലങ്കരയുടെ ഒന്‍പതാം കാതോലിക്കാ.

Mini 2021-10-19 14:21:51
Thank you. Can we get this in English version?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക