Image

ഡാളസില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രകടനം നടത്തി

പി പി ചെറിയാന്‍ Published on 16 October, 2021
ഡാളസില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രകടനം നടത്തി

ഡെന്റന്‍ (ഡാളസ്): ജോണ്‍.എച്ച്.ഗയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് സ്‌കൂളിന് മുന്‍പില്‍ പ്രകടനം നടത്തി .

ഡെന്റന്‍ ഹൈസ്‌കൂള്‍ അധികൃതര്‍ ലൈംഗിക പീഡനങ്ങളെ കുറിച്ച് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല എന്നാരോപിച്ചാണ് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചത് . രാവിലെ പത്തു മണിക്ക് ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് ചുറ്റും പ്രകടനം നടത്തുകയും പിന്നീട് സ്‌കൂള്‍ ഗേറ്റിന് സമീപം കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു . ഒക്ടോബര്‍ 6 നാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥികളുടെ ചില രക്ഷിതാക്കളും ചേര്‍ന്ന് പ്രകടനം സംഘടിപ്പിച്ചത് . ലൈംഗിക അതിക്രമക്കേസില്‍ പോലീസിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് സ്‌കൂളിന്റെ ഗേറ്റിന് മുന്‍വശം കൂടിനിന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് വിദ്യാര്‍ത്ഥി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു .

ഞങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സുരക്ഷിതമായി പഠനത്തിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ച് അവിടെ എത്തിയിരുന്ന മാതാപിതാക്കള്‍ ആവശ്യപ്പെട്ടു .

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു . ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രകടനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലേക്ക് തിരിച്ചു പോയി . 




പി പി ചെറിയാന്‍




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക