Image

തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍

Published on 16 October, 2021
തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍
ഇടുക്കി: ശക്തമായ മഴയില്‍ തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പ്പെട്ട കാര്‍ കണ്ടെത്തിയിട്ടുണ്ട്. 

കനത്ത മഴയില്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും മണ്ണിടിച്ചില്‍ ഉണ്ടായി. ഉരുള്‍പൊട്ടലുണ്ടായ കോട്ടയത്തെ കുട്ടിക്കല്‍ പഞ്ചായത്തില്‍ 
രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. ഇനിയും ഏഴു പേരെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം കേരളത്തിന് സമീപം വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളില്‍ അറബി കടലില്‍ ന്യൂനമര്‍ദ്ദം 
 രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് 
 പ്രഖ്യാപിച്ചു.  അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം - അടിവാരം മേഖലയില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളില്‍ മഴ പെയുതവെന്നാണ് പറയുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ വെളളം കയറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക