Image

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 16 October, 2021
വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)
ഒക്ടോബര്‍ ആറാം തീയതി അന്തരിച്ചുപോയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കേരളത്തിലെയും ഇന്‍ഡ്യയിലെ തന്നെയും അതികായകനായ ഒരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു. അദ്ദേഹവുമായി ദീര്‍ഘകാല സുഹൃദ്ബന്ധം എനിക്കുണ്ടായിരുന്നു. മലയാളമനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം കൂടെക്കൂടെ ദല്‍ഹി സന്ദര്‍ശിക്കുമായിരുന്നു. വാര്‍ലിമെന്റ് സെഷനുള്ള സമയത്തായിരിക്കും യേശുദാസന്‍ മിക്കവാറും ദല്‍ഹി സന്ദര്‍ശിക്കുക. അതിന് അദ്ദേഹം പറഞ്ഞ ഒരു പ്രധാനകാരണം രാഷ്ട്രീയ നേതാക്കന്മാരുടെ മറ്റും മുഖത്തിലും ഭാവത്തിലും എല്ലാം വരുന്ന മാറ്റങ്ങള്‍ പഠിക്കുവാനായിരുന്നു എന്നായിരുന്നു. മാറ്റങ്ങള്‍ അനുസരിച്ച് മുഖങ്ങളും മാറ്റി വരയ്ക്കണം. അവരുമായി ഇടപഴകി അവരുടെ ആകൃതിയും പ്രകൃതിയും മാത്രമല്ല ഭാവചേഷ്ടകളും എല്ലാം പഠിച്ച് മനസിലാക്കി വരകളില്‍ പ്രതിഫലിപ്പിക്കണം. യേശുദാസന്‍ ദല്‍ഹിയില്‍ വരുമ്പോള്‍ മിക്കവാറും പാര്‍ലിമെന്റിനടുത്തുള്ള റഫിമാര്‍ഗ്ഗിലെ ഇന്‍ഡ്യന്‍ ന്യൂസ്്‌പേപ്പര്‍ സോസൈറ്റിയുടെ (ഐ.എന്‍.എസ്) ഗസ്റ്റ്  റൂമില്‍ആയിരിക്കും താമസിക്കുക. ഈ കെട്ടിടത്തില്‍ തന്നെ ആണ് മനോരമയുടെ ഇന്‍ഡ്യയിലെ പത്രങ്ങളുടെയും ദല്‍ഹി ബ്യൂറോ സ്ഥിതി ചെയ്യുന്നത്. വാര്‍ത്താവിനിമയത്തിന്റെ സിരാകേന്ദ്രം ആണ് ഐ.എന്‍.എസ്. യേശുദാസന്റെ മുറിയില്‍ ഞാനും മനോരമയുടെ ലേഖകന്‍ ഡി.വിജയമോഹനും അദ്ദേഹവും രാവേറെ ആകുവോളം സംസാരിച്ചിരിക്കുമായിരുന്നു. വിഷയം രാഷ്ട്രീയവും കാര്‍ട്ടൂണും തന്നെ. ചിലപ്പോള്‍ ഞങ്ങള്‍ തൊട്ടടുത്ത റെയ്ബിന റോഡിലുള്ള പ്രസ്‌ക്ലബ് ഓഫ് ഇന്‍ഡ്യയില്‍ കൂടും. അപ്പോള്‍ സദസ് വലുതായിരിക്കും. അന്നത്തെ മനോരമയുടെ ബ്യൂറോ ചീഫ് റ്റി.വി.ആര്‍ ഷേണായിയും മറ്റ് പലരും ഉണ്ടാകും.  എല്ലാവരും രാഷ്ട്രീയ നിരീക്ഷണങ്ങളും വ്യക്തിപരമായ അവലോകനങ്ങളും എല്ലാം പങ്കിടും. ചിലപ്പോള്‍ വഴക്കുംവാക്കേറ്റവും ഉണ്ടാകും. പിന്നെ ശാന്തമാകും. ചില പ്രവാശ്യങ്ങളില്‍ യേശുദാസന്‍ കേരളത്തില്‍ നിന്നും പുറപ്പെടുന്നതിനുമുമ്പേ ടെലിഫോണ്‍ ചെയ്യും. ഞാന്‍ വരുന്നു. ഐ.എന്‍.എസില്‍ എത്തിയാല്‍ താങ്കളുടെ വീട്ടിലേക്ക് വരും. അതു വളരെ സ്വകാര്യമായ ഒരു സിറ്റിംങ്ങ് ആയിരിക്കും. വ്യക്തിപരവും ഔദ്യോഗീകവുമായുള്ള ഒട്ടേറെ കാര്യങ്ങള്‍ പങ്കിടും. അങ്ങനെ ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു നമുക്ക് നാളെ നിസാമുദ്ദീനില്‍ പോകണം. അവിടെ കരീംസില്‍ പോകണം. കരീംസ് ദല്‍ഹിയിലെ ഒരു വലിയ ഹോട്ടല്‍ ചെയിന്‍ ആണ്. ദല്‍ഹിയുടെ പല ഭാഗങ്ങളിലും കരീംസ് ഉണ്ട്. എന്താണ് നിസാമുദ്ദീനിലെ കരീംസിന്റെ പ്രത്യേകത? പഴയ ദല്‍ഹിയിലും ഉണ്ടല്ലോ ഒരെണ്ണം, ഞാന്‍ ചോദിച്ചു. എനിക്ക് നിസാമുദ്ദീനിലെ കരീംസ് വരയ്ക്കണം. കാരണം ഓ.വി.വിജയന്‍ സ്ഥിരമായി പോകുന്ന ഒരു സ്ഥലം ആയിരുന്നു അത് ഒരു കാലത്ത്. ആവശ്യം വരും. കൂടുതല്‍ ഒന്നും പറഞ്ഞില്ല. പിറ്റെ ദിവസം രാവിലെ ഞങ്ങള്‍ കരീംസില്‍ പോയി. എന്തോ കഴിച്ചു. കഴിക്കുക അല്ലായിരുന്നല്ലൊ ഉദ്ദേശം. യേശുദാസന്‍ എന്തൊക്കെയോ സ്‌കെച്ച് ചെയ്തു. പിന്നെ ഫോട്ടോ എടുത്തു മേശയുടെയും മറ്റും പശ്ചാത്തലത്തില്‍. സ്‌കെച്ചുകള്‍ അദ്ദേഹം എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ല. സമൂലത്തില്‍ നിന്നും സൂക്ഷ്മതയിലേക്ക് നിരീക്ഷണം നടത്തുന്ന ഒരു കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു അദ്ദേഹം. കെ.കരുണാകരന്റെ കാര്യത്തില്‍ യേശുദാസന്‍  ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. കരുണാകരന്‍ മുണ്ടിന്റെ കൂടെ ഷൂസ് ഇടുമ്പോള്‍ ഷൂസിന്റെ പിന്‍ഭാഗം രണ്ടും ചവിട്ടി ഇടിച്ചു വച്ചിട്ടുണ്ടാകും. ഇടാനും ഊരാനും ആയിട്ടുള്ള സൗകര്യത്തിനെന്നു തോന്നാമെങ്കിലും കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അതിനു വേറെ വ്യാഖ്യാനങ്ങളുണ്ട് വരകളിലൂടെ.

1996-ല്‍ എന്റെ വിവാഹത്തിന് യേശുദാസനെയും പത്‌നിയെയും ക്ഷണിച്ചിരുന്നു. രണ്ടുപേരും വരുമെന്ന് എന്നെ അറിയിച്ചിരുന്നു. അദ്ദേഹം വരുമ്പോള്‍ ഉപചാരത്തിനായി ഞാന്‍ പ്രത്യേകം ആളെ ചട്ടം കെട്ടിയിരുന്നു. ചടങ്ങിനിടക്ക് യേശുദാസന്‍ ഇനിയും വന്നുചേര്‍ന്നിട്ടില്ലെന്ന് എനിക്ക് അറിയിപ്പുണ്ടായി. ഏഷ്യാനെറ്റിന്റെ എന്റെ കേരളത്തിനുവേണ്ടി എന്റെ സുഹൃത്ത് ചിന്തരവി വിവാഹം ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. രവിയും യേശുദാസനെ തെരഞ്ഞു. കണ്ടില്ല. പിന്നീടാണ് യേശുദാസന്‍ മിസ് ആയ കഥ അദ്ദേഹം തന്നെ പറഞ്ഞ് അറിഞ്ഞത്. യേശുദാസനും ഭാര്യയും എന്റെ നാടായ പിറവത്ത് അതിനു മുമ്പ് ഒരു വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. നടന്‍ ലാലു അലക്‌സിന്റെ. അദ്ദേഹം പള്ളി അതുതന്നെ ആയിരിക്കുമെന്ന് കരുതി അവിടെ പോയിനില്‍പായി. അവിടെയും ഒരു വിവാഹകര്‍മ്മം പുരോഗമിക്കുകയായിരുന്നു. യേശുദാസനും ഭാര്യയും സ്‌നേഹാദരവോടെ കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. ഏതോ ഒരു സമയത്ത് വരന്‍ മുഖം തിരിച്ച് സദസിനു നേരെ വന്നപ്പോഴാണ്  യേശുദാസന് മനസിലായത് ആള്‍മാറിപ്പോയെന്ന്. അദ്ദേഹം ഉടന്‍ തന്നെ മേഴ്‌സിയുമൊത്ത് അടുത്ത പള്ളിതേടി അവിടെഎത്തി. ഇതുപറഞ്ഞ് കൂടെക്കൂടെ യേശുദാസന്‍ ചിരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ ഒരു കഥ പറഞ്ഞു. തോമസ് ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദ മാഡിംങ്ങ്്  ക്രൗഡ്.' എന്ന നോവലില്‍ ഒരു കഥാപാത്രം, ഗബ്രിയേല്‍ ഓക്ക് ആണെന്നു തോന്നുന്നു, പള്ളി മാറഇ അജീവനാന്തകാലം വിവാഹം കഴിക്കാതെ ഇരുന്ന കഥ. വധുവും സംഘവും ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ കാത്തിരുന്നപ്പോള്‍ വരനും സംഘവും ഓള്‍ സോള്‍സ് ചര്‍ച്ചില്‍ കാത്തിരുന്നു. ആ വിവാഹം നടന്നില്ല. ഇവിടെ ഈ വിവാഹവും നടന്നു പള്ളിമാറിപ്പോയ വിശിഷ്ടാതിഥികള്‍ വിവാഹത്തില്‍ പങ്കുചേരുകയും ചെയ്തു.

വരയിലെ ലീഡര്‍, വരയിലെ നായനാര്‍, പ്രഥമദൃഷ്ടി എന്നിവയെല്ലാം യേശുദാസന്റെ ചിലകൃതികള്‍ ആണ്. വരയിലെ നായനാര്‍ അദ്ദേഹത്തോടൊപ്പം പുസ്തകമായി ചിട്ടപ്പെടുത്തിയത് മുന്‍ എം.പി.സെബാസ്റ്റ്യന്‍ പോളും, ഡി.വിജയമോഹനും ഞാനും കൂടെയാണ്. അത് പ്രകാശനം ചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ് ആയിരുന്നു.
യേശുദാസന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ലളിത കല അക്കാദമിയുടെ ചെയര്‍മാനും ആയിരുന്നു. ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ വരയുടെ രാജാവായിരുന്നു അദ്ദേഹം. ബി.എം.ഗഫൂറിനെയും പി.കെ.മന്ത്രിയെയും എല്ലാം പോലെ മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ ശാഖയ്ക്ക് തനതായ ഒരു നിലനില്പുണ്ടാക്കിക്കൊടുത്ത കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസന്‍. 1955-ല്‍ വര തുടങ്ങിയ യേശുദാസന്‍ ജനയുഗം, ശങ്കേഴ്‌സ് വീക്ക്‌ലി, അസാധു, കട്ട്-കട്ട് ഇവയിലൂടെ  1985-ല്‍ മലയാള മനോരമയില്‍ എത്തി. 2010-ല്‍ വിരമിക്കുന്നതുവരെ മലയാളി രാഷ്ട്രീയത്തിന്റെ മറുപുറം മനസിലാക്കിയത് യേശുദാസന്റെ വരകളിലൂടെ ആയിരുന്നു. എണ്‍പത്തി മൂന്നാമത്തെ വയസില്‍ മരിക്കുന്നതുവരെ അദ്ദേഹം വരയിലും എഴുത്തിലും സജീവമായിരുന്നു.
മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് അദ്ദേഹം കൊച്ചിയില്‍ നിന്നും എന്നോട് ദല്‍ഹിക്ക് വിൡച്ചു പറഞ്ഞു ആത്മകഥ പൂര്‍ത്തിയായി വരുകയാണ്. തോമസിന്റെ ഒരു ഫോട്ടോ അയച്ചുതരണം. ആത്മകഥയുടെ പണിപ്പുരയിലായിരുന്ന അദ്ദേഹം അതിനെക്കുറിച്ച് ഏറെ സംസാരിച്ചു. പിന്നീട് ഇപ്പോള്‍ മരണം ആണ് അറിയുന്നത്.

മാധ്യമസ്വാതന്ത്ര്യവും വിമര്‍ശനാത്മക കാര്‍ട്ടൂണ്‍ എന്ന കറുത്തഫലിതവും ഭരണാധികാരികളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മതമൗലീക തീവ്രവാദികളില്‍ നിന്നും ആക്രമണം നേരിടുമ്പോള്‍ യേശുദാസന്‍ ശങ്കറെപ്പോലെ, ആര്‍.കെ.ലക്ഷ്മണനെപ്പോലെ, അബുവിനെപോലെ ഒ.വി.വിജയനപ്പോലെ, കുട്ടിയെപ്പോലെ രാജേന്ദ്രപൂരിയെപോലെ ചെറുത്തുനിന്നതാണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മിലുള്ള സൗഹൃദവും നെഹ്‌റു ശങ്കറിനോട് തന്നെ ഒരിക്കലും വെറുതെ വിടരുത് എന്ന് പറയുമായിരുന്നതുമെല്ലാം പഴയകഥ. ഇന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കും കൈവിലങ്ങും കല്‍ത്തുറങ്കലും ആണ് വിധി.

കാര്‍ട്ടൂണ്‍ അഥവ പരിഹാസചിത്രം അതിശക്തമായ ഒരു വിമര്‍ശനകലയാണ് ആയുധം ആണ്. അതുകൊണ്ടാണ് അത് പലപ്പോഴും 350 വാക്കുള്ള മുഖ്യസംഘത്തേക്കാള്‍ ശക്തമാണെന്ന് പറയുന്നത്. അത് ശക്തവും നിശിതവും വജ്രായുധം പോലെ തുളച്ചുകയറുന്നതും ആണ്. അതുകൊണ്ടാണ് ഭരണാധികാരികളും രാഷ്ട്രീയക്കാരും മതമൗലീകവാദികളും അതിനെ ഭയക്കുന്നത്. പല മുഖ്യധാരാ മാധ്യമങ്ങളും ഇപ്പോള്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ എന്ന ആശയത്തെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും മലയാളികളായ രവി ശങ്കറും(ഒ.വി.വിജയന്റെ മരുമകന്‍) ഉണ്ണിയും പ്രസാദും ഇപ്പോഴും ഓരോരോ കാലങ്ങളിലായി ഇപ്പോഴും മുന്നിലുണ്ട്. ശങ്കര്‍ തെളിച്ചവഴി. വിജയനും അരവിന്ദനും അബുവും കുട്ടിയും യേശുദാസനും വിരാചിച്ച വഴി. കാര്‍ട്ടൂണിന്റെ വഴി.
യേശുദാസന്റെ വരകള്‍ നിലച്ചെങ്കിലും അത് നിശ്ചലമാവുകയില്ല. അത് പുതുതലമുറയിലൂടെ വളര്‍ന്ന് പന്തലിക്കുകയാണ്. നിര്‍ഭയമായ കാര്‍ട്ടൂണിംങ്ങ്. ശക്തമായ ഒരു ജനാധിപത്യത്തിന് കാതലുളള കാര്‍ട്ടൂണ്‍ അത്യാവശ്യമാണ്. അതാണ് പ്രതിപക്ഷം. ഇന്ന് ഇന്‍ഡ്യയില്‍ ഇല്ലാത്തതും അതാണല്ലൊ. ഉമ്മന്‍ചാണ്ടിയുടെ മൂക്കിന്റെ നീളം കൂട്ടി വരച്ച് അതിനെ വികൃതമാക്കിയെന്ന് ആരോപിക്കുന്ന ഇന്‍-ഹൗസ് ക്രിട്ടിക്കുകള്‍ക്ക് ഇടയിലും യേശുദാസന് കേരളരാഷ്ട്രീയത്തിന്റെ വിമര്‍ശകനായി വളര്‍ന്നു. ഇന്‍ഡ്യക്കും ലോകത്തിനും പ്രതിഭാശാലികളായ കാര്‍ട്ടൂണിസ്റ്റുകളെ സംഭാവന ചെയ്ത ചരിത്രമാണ്, പാരമ്പര്യമാണ് കേരളത്തിനുള്ളത്. അബു എബ്രാഹം മാഞ്ചസ്‌റഅറര്‍ ഗാഡിയന്റെ കാര്‍ട്ടൂണിസ്റ്റായി 20 വര്‍ഷം ബ്രിട്ടനെ നടുക്കി. പിന്നീടാണ് അദ്ദേഹം ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ ചേര്‍ന്നതും പ്രസിദ്ധമായ ഒട്ടേറെ രാഷ്ട്രീയകാര്‍ട്ടൂണുകള്‍ ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് വരച്ച് പ്രസിദ്ധീകരിച്ചതും. അടിയന്തിരാവസ്ഥ വിജ്ഞാപനം ബാത്ത്ടബ്ബില്‍ കിടന്നുകൊണ്ട് ഒപ്പിടുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദീന്റെ കാര്‍ട്ടൂണ്‍ ആരു മറക്കും? ആപാതയിലൂടെയാണ് യേശുദാസനും സഞ്ചരിച്ചത്. നിശിതമായ രാഷ്ട്രീയ വിമര്‍ശനം. ഏറെ യേശുദാസന്മാര്‍ ഇനിയും ഉണ്ടാകട്ടെ. വരകള്‍ കൊണ്ട് അവര്‍ തീവ്രമായ പ്രതിഷേധത്തിന്റെ, പരിഹാസത്തിന്റെ പ്രളയം സൃഷ്ടിക്കട്ടെ.

എന്തായാലും മരണം മനുഷ്യന്റെ ജീവശാസ്ത്രപരമായ വിധി ആണ്. അതിനെക്കുറിച്ച് ഹെമിംങ്ങെ് വെ എഴുതിയത് ഒരു മരണത്തിന് നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്നാണ്. അതാണ് യേശുദാസന്‍ നിറവേറ്റിയത്. പക്ഷേ, വരകളിലൂടെ അദ്ദേഹം അതിജീവിക്കും.

Join WhatsApp News
NINAN MATHULLAH 2021-10-19 17:31:29
Yes, Cartoonists are powerful in shaping public opinion. The messages they give to the public are subtle but really powerful. In a way they are also prophets like writers and other artists. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക