Image

ഇന്ത്യൻ- അമേരിക്കൻ ജെസീക്ക ലാൽ ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published on 17 October, 2021
ഇന്ത്യൻ- അമേരിക്കൻ ജെസീക്ക ലാൽ ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഇന്ത്യൻ- അമേരിക്കൻ ജെസീക്ക ലാൽ (37) ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു.  ലോസ് ഏഞ്ചൽസിനെ സംബന്ധിച്ചിത് നിർണായകമായ സമയമാണെന്നും  അഭിമാനിക്കാവുന്ന ഒരു നഗരമായി അതിനെ  മാറ്റാൻ തനിക്ക് കഴിയുമെന്ന്  വിശ്വസിക്കുന്നതായും ലാൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സ്ഥാനത്ത്  പ്രസിഡന്റ് ജോ ബൈഡൻ പരിഗണിക്കുന്ന  എറിക് ഗാർസെറ്റിയാണ് നിലവിലെ മേയർ.

ഭവനരഹിതരുടെ ദുഃഖം മനസ്സിലാക്കുന്നതായും നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും  വലിയ പ്രതിസന്ധി അതാണെന്നും  പറഞ്ഞതോടൊപ്പം പ്രശ്‌നപരിഹാരത്തിന് ഊർജ്ജിതമായി ശ്രമിക്കുമെന്നും ലാൽ ഉറപ്പുനൽകി. ഇക്കാര്യത്തിൽ  സർക്കാർ സ്ഥാപനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും  അവർ വിലയിരുത്തി. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട നോൺ-വൈറ്റ്സിന്  മുൻഗണന നൽകുമെന്നും ലാൽ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി 300 ലധികം അംഗങ്ങളുള്ള  പ്രമുഖ അഭിഭാഷക സംഘടനയായ സെൻട്രൽ സിറ്റി അസോസിയേഷന്റെ സിഇഒ ആയി പ്രവർത്തിക്കുന്ന ലാൽ, ലോസ് ഏഞ്ചൽസ് നേരിടുന്ന നിർണായക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ്.
 കുട്ടികളുടെ പരിചരണം മുതൽ തൊഴിൽ വിഷയങ്ങളിലും അവർ ഇടപെടാറുണ്ട്.

 സൗത്ത് പാർക്ക് ബിസിനസ് ഇംപ്രൂവ്‌മെന്റ് ഡിസ്ട്രിക്റ്റിനെ നയിച്ച പരിചയവും  ലാലിന് മുതൽക്കൂട്ടാകും.

ഇന്ത്യൻ കുടിയേറ്റക്കാരനായ  പിതാവിന്റെയും  ഒക്ലഹോമയിൽ നിന്നുള്ള ഒരു സൈനിക കുടുംബത്തിലെ  അമ്മയുടെയും മകളായി ജനിച്ച ലാൽ, ടെക്സസിലും  ഇംഗ്ലണ്ടിലുമായാണ് വളർന്നത്.  ഹൈസ്കൂളിൽ പഠനത്തിനാണ്  ആദ്യമായി ലോസ് ഏഞ്ചൽസിൽ എത്തിയത്.

 ബിരുദാനന്തര ബിരുദ പഠനകാലയളവിൽ, വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലാൽ , ലോസ് ആഞ്ചലസ്‌ നഗരം തന്റെ  സ്വപ്നങ്ങൾ  പിന്തുടരാനും സ്വയം എന്തെങ്കിലും ചെയ്യാനും  അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്.
 കാലാവസ്ഥാ വ്യതിയാനം; പൊതു സുരക്ഷ എന്നിവ  ഉൾപ്പെടെ നഗരവാസികളുടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ താൻ ശ്രമിക്കുമെന്നും അതിനായി തന്നെ   വിജയിപ്പിക്കണമെന്നും ലാൽ അഭ്യർത്ഥിച്ചു.

തന്റെ മകൾക്കും മറ്റു  കുട്ടികൾക്കും നഗരത്തിലുടനീളം സുരക്ഷിതമായി നടക്കാനും പ്രാദേശിക സ്കൂളുകളിൽ പഠിക്കാനും കഴിയണമെന്ന് ലാൽ പറഞ്ഞു.ലഹരിക്കടിമപ്പെട്ട് സ്വന്തം സഹോദരനെ നഷ്ടപ്പെട്ടതിനാൽ, ചുറ്റുമുള്ള സമാന അവസ്ഥയിലുള്ളവരുടെ വേദന തനിക്ക് മനസ്സിലാകുമെന്നും നിരാലംബരായ ഭവനരഹിതർക്ക് തലചായ്ക്കാൻ ഒരിടം നൽകുമെന്നും അവർ വാഗ്ദാനം ചെയ്തു.

ലാലിന്റെ പദ്ധതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അവരുടെ  പ്രചാരണ വെബ്സൈറ്റിൽ കാണാൻ കഴിയും. അടുത്ത വർഷമാണ്  തിരഞ്ഞെടുപ്പ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക