Image

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

Published on 18 October, 2021
ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

ജെൻസി. ആരുടെയോ ഭാവനയിൽ വിരിഞ്ഞ ഒരു അപകഥയായിരുന്നു ആ ആലാപനയാത്രയുടെ വഴിമുടക്കിയത്. അന്യഭാഷാ ഗായികമാർ അരങ്ങുവാണിരുന്ന മാതൃഭാഷയായ മലയാളത്തിലും അയൽ ഭാഷയായ തമിഴിലും ചുരുങ്ങിയ കാലം കൊണ്ട് മുൻനിരയിലേക്ക് ഉയർന്നുവന്ന് മിന്നിത്തിളങ്ങിയ ഗായികയായിരുന്നു ജെൻസി.
കൊച്ചിൻ കലാഭവന്റെ ബാലഗാനമേളയിലെ സ്ഥിരസാന്നിധ്യമായിരുന്ന 'ബേബി ജെൻസിയെ' 'വേഴാമ്പൽ' എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗായികയാക്കി മാറ്റിയത് എം.കെ. അർജുനൻ ആയിരുന്നു. (അതിനു മുൻപ് കൊച്ചിൻ കലാഭവൻ നിർമ്മിച്ച  'കുഞ്ഞിക്കൈകൾ' എന്ന ഒരു ഡോക്യുമെന്ററി ചിത്രത്തിൽ കെ കെ ആൻറണിയുടെ സംഗീതത്തിലും 'ബേബി ജെൻസി' പാടിയിട്ടുണ്ട്). ജെൻസിയെ തമിഴകത്തിന് പരിചയപ്പെടുത്തിയതും മുൻനിരയിലെത്തിച്ചതും സാക്ഷാൽ ഇളയരാജയും.

1978-ൽ ' ത്രിപുരസുന്ദരി ' എന്ന സിനിമയിൽ എസ്. ജാനകിയോടൊപ്പം ഒരു യുഗ്മഗാനം പാടി അരങ്ങേറിയ ജെൻസിക്ക് തമിഴ് സിനിമ കാത്തുവച്ചത് സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങളായിരുന്നു. 'കിഴക്കേ പോകും റെയിൽ ' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിൽ ജെൻസിയുടെ ആലാപനം അതിസുന്ദരമായി ഇളയരാജാ ഉപയോഗിച്ചപ്പോൾ അതിഷ്ടപ്പെട്ട ഭാരതിരാജാ പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം ജെൻസിക്ക് അവസരങ്ങൾ നൽകി. 'പുതിയ വാർപ്പുകൾ', 'നിറം മാറാത പൂക്കൾ', 'അലയ്കൾ ഓയ്‌വതില്ലെയ്', 'ടിക് ടിക് ടിക്' തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിലെ ജെൻസിയുടെ പാട്ടുകൾ തമിഴിലെ എക്കാലത്തേയും വലിയ ഹിറ്റുകളാണ്.
ഇളയരാജയെ കൂടാതെ ഗംഗൈ അമരൻ, ശങ്കർ ഗണേഷ്, ചന്ദ്രബോസ്, മലേഷ്യ വാസുദേവൻ, ദേവാ  തുടങ്ങിയവരുടെയെല്ലാം സംഗീത സംവിധാനത്തിൽ ജെൻസി തമിഴിൽ പാടി. 'മുള്ളും മലരും', 'ജോണി,
പ്രിയ', 'ഉല്ലാസപ്പറവൈകൾ', 'പകലിൽ ഓർ ഇരവ്', 'കരിമ്പുവിൽ' എന്നിങ്ങനെ തമിഴിൽ ഹിറ്റുകളുടെ നിര നീളുമ്പോൾ മലയാളത്തിൽ കിട്ടിയ അവസരങ്ങൾ താരതമ്യേന കുറവായിരുന്നു.

 'ആശീർവാദം', 'അവൾ ഒരു ദേവാലയം', 'ലൗലി', 'ജയിക്കാനായ് ജയിച്ചവൻ', 'ഇരുമ്പഴികൾ' എന്നിങ്ങനെ
കുറേ ചിത്രങ്ങളിൽ പാടിയെങ്കിലും ഒന്നും ജെൻസിയെന്ന ഗായികയെ മലയാളത്തിൽ അടയാളപ്പെടുത്തിയ ഗാനങ്ങളായിരുന്നില്ല.

'താലീപീലി കാട്ടിനുള്ളിൽ' (വിസ), 'കന്നിപ്പൂമാനം' (കേൾക്കാത്ത ശബ്ദം, സ്വപ്നംകൊണ്ട്' തുലാഭാരം'  (വീണപൂവ്), 'ഏകാന്തതേ നിന്റെ (നവംബറിന്റെ നഷ്ടം) എന്നീ ഗാനങ്ങൾ ഹിറ്റുകൾ ആയിരുന്നു.
എങ്കിലും മലയാളത്തിൽ അവർ ഒരു മുൻനിര ഗായികയായില്ല എന്നതാണ് സത്യം.

വിവാഹിതയായതോടുകൂടി ജെൻസി സിനിമാസംഗീതത്തോട് വിടപറയുന്നു എന്നൊരു സങ്കൽപവാർത്ത സംഗീതരംഗത്തുള്ള എല്ലാവരും അറിഞ്ഞെങ്കിലും ജെൻസി മാത്രം അറിഞ്ഞില്ല. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിൽ ആകുലപ്പെട്ടിരിക്കാതെ മട്ടാഞ്ചേരി ഗുജറാത്തി ഹൈസ്കൂളിലെ സംഗീതാധ്യാപികയായി ജോലി തുടർന്ന ജെൻസി നാടകഗാനങ്ങളും ഭക്തി ഗാനങ്ങളും സജീവമായി പാടി.

എം.കെ. അർജുനൻ, ജോൺസൺ, എ.ടി. ഉമ്മർ, ശ്യാം, കെ.ജെ. ജോയി, എം.ജി.രാധാകൃഷ്ണൻ, ജിതിൻ ശ്യാം, വിദ്യാധരൻ,കെ.കെ. ആന്റണി, കെ.സി. വർഗീസ്  എന്നിങ്ങനെ മിക്ക പ്രമുഖരുടെയും ഗാനങ്ങൾ ജെൻസി മലയാളസിനിമയിൽ പാടിയിട്ടുണ്ട്.

രവീന്ദ്രൻ സംഗീത സംവിധായകനായി തുടക്കം കുറിച്ച 'ചൂള'യിലെ ആദ്യ ഗാനം റെക്കോഡ് ചെയ്തത് ജെൻസിയുടെയും ലതികയുടെയും ശബ്ദത്തിലായിരുന്നു. ദിലീപ് എന്ന എ.ആർ. റഹ്മാൻ കീബോർഡിസ്റ്റായി സിനിമയിലേക്ക് അരങ്ങേറിയത് യേശുദാസും ജെൻസിയും പാടിയ 'അടിമച്ചങ്ങല' എന്ന ചിത്രത്തിലെ ഹസ്ബി റബ്ബി എന്ന ഗാനത്തിലൂടെയും. മോഹൻലാൽ ആദ്യമായി പാടി അഭിനയിക്കുന്ന 'വാനിൽ പായും' (തേനും വയമ്പും) എന്ന ഗാനം പാടിയത് ഉണ്ണിമേനോനും ജെൻസിയും ചേർന്നാണ്.

കാൽ നൂറ്റാണ്ടിലേറെ നീണ്ട അജ്ഞാതവാസത്തിന് ശേഷം 2014 ൽ 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന രാജീവ് രവി ചിത്രത്തിൽ പാരീസ് ചന്ദ്രന്റെ സംഗീതത്തിൽ 'പോകരുതെൻ മകനെ' എന്ന ഗാനം അതിഗംഭീരമാക്കി ജെൻസി മടങ്ങിയെത്തി. എങ്കിലും ഇത്രയും നീണ്ട ഇടവേള, അത് ആരുടെ സൃഷ്ടി ആയാലും വേദനിപ്പിക്കുന്ന അനീതി തന്നെയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക