Image

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

Published on 20 October, 2021
തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)
സൂര്യവെളിച്ചം എത്തി നോക്കുന്നതിനു മുൻപു  തന്നെ ചേരി  ഉണർന്നിരുന്നു.
ഒപ്പം ചിന്നിയും.

 ഉണക്കമീൻ വറുത്തതിന്  മേലെ   ചോറിട്ട്‌,  വേലന് ഉച്ചയൂണ് 
കെട്ടിപ്പൊതിയുന്ന  തിരക്കിലായിരുന്നു,അവൾ.

നെറ്റിയിൽ ഭസ്മം  വാരിവലിച്ചു  തേയ്ക്കുന്നതിനിടയിൽ , അടുക്കള മൂലയിലിരുന്ന പുതിയ ചുവന്ന പെട്ടി കണ്ണിൽപ്പെട്ട  വേലൻ ചോദിച്ചു.

"ഇത് യേത് ഇന്ത പെട്ടി?"

"അത് ഡോക്ടറമ്മ  തന്നതാ... തുണിയിട്ട് വെക്കാൻ. വല്ലാത്ത എലിശ്ശല്ല്യം ". ചിന്നി പറഞ്ഞു.

" അല്ല,   ഇന്നലെ നീ ഇരുട്ടറ  വാറെക്കും എങ്കെ  പോയിരുന്തെ ??"

തമിഴും മലയാളവും ഇടകലർന്ന സ്വന്തം സങ്കര ഭാഷയിൽ, വേവലാതിയുടെ സ്വരത്തിൽ,വേലൻ ചോദിച്ചു.

"ഡോക്ടറമ്മയുടെ  വീട്ടിൽ..
അവർ പറഞ്ഞു, നിങ്ങള്  വരുന്ന വരെ അവിടെ ഇരുന്നോളാൻ. "
ചിന്നി  മറുപടി പറഞ്ഞു.

വേലനു  സന്തോഷമായി.
എത്ര നല്ല ഡോക്ടറമ്മ.  നന്നായി, ഇത്ര നല്ലൊരു വീട്ടിൽ ചിന്നിയെ പണിക്ക് കൊണ്ടാക്കാനായത്!  നല്ലൊരു പാതു കാപ്പായി  അത്!

ശരിക്കും പേടിയുണ്ടായിരുന്നു, അപ്പന്റെ നിശ്ചയത്തിനു വഴങ്ങി,കഞ്ചിക്കോട്ടുള്ള സ്വന്തം അക്കാവിന്റെ പതിനാറു തികയാത്ത മകളെ താലികെട്ടി കൊണ്ടു വരുമ്പോൾ .
പാവം. കരിമ്പിൻ തോട്ടവും വയലും  മാത്രം കണ്ടുവളർന്ന ചിന്നിപ്പെണ്ണിന്, പട്ടണക്കാട്ടിലെ, ഇരുട്ടുഗുഹകളും  ചതിക്കുഴികളും എങ്ങനെ അറിയാൻ!
നാടും ഭാഷയും  പുതുശ്. അവൾക്കാണെങ്കിൽ മലയാളം മാത്രമേ പേശാനുമറിയാവൂ.
കുട്ടിക്കാലത്ത്, അപ്പന്റെ കൂടെ  ചെന്നൈയിലെത്തിയ തനിക്കാണെങ്കിൽ  ഇപ്പോ ശിന്തനയും പേച്ചും  ഒക്കെ തമിഴിൽ ആയിരിക്കുന്നു! വേലൻ ഓരോന്നോർത്ത് ഇഡ്ഡലി അകത്താക്കി കൊണ്ടിരുന്നു.

"വേലാ... റെഡിയാ??"
പുറത്ത് മേസ്തിരിയുടെ ശബ്ദം. ലോറിയുടെ മുരൾച്ച.
പെട്ടെന്ന്,  അവസാനത്തെ  ഇഡ്ഡലിയും മിഴുങ്ങി, തലയിൽ ചോറ്റിൻ  പാത്രവും, പണിയായുധങ്ങളും കയറ്റിവെച്ച് വേലൻ മനസ്സില്ലാമനസ്സോടെ തയ്യാറായി.
"കെട്ടിട വേല സെയ്യലെന്നാ, പട്ടിണിയാകുമെ....!" വേലന്റെ  ഉള്ളിൽ പുകഞ്ഞത്,  പിറുപിറുപ്പായി പുറത്തെത്തി.  
"പൊണ്ണേ.... വീട് ഭദ്രം,നീയും ഭദ്രം, ഇത് കഞ്ചിക്കോടല്ല, പട്ടണമാണ് പട്ടണം", പലയാവർത്തി പറയാറുള്ളതാണെങ്കിലും വീണ്ടും  ചിന്നിയെ അതോർമ്മിപ്പിച്ചു കൊണ്ട്,
വേലൻ  ലോറിയിൽ കയറി.
ചിന്നിക്കു  ചിരിവന്നു.
മാമന്റെ ഒരു വെപ്രാളം.
താനെന്താ കൊച്ചുകുട്ടിയാണോ? ചെന്നൈയിൽ  വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളുവെ ങ്കിലും, എന്തൊക്കെ വിദ്യകൾ പഠിച്ചുകഴിഞ്ഞു!
രംഗമ്മയുമായി ചേർന്ന്, സിനിമാ തീയേറ്ററിൽ ചെന്ന്,  വഴക്കുണ്ടാക്കി ക്യൂവിൽ നിൽക്കുന്നവരെ തോൽപ്പിച്ച്, മുന്നിലേക്കു ചാടിക്കയറി   ടിക്കറ്റെടുത്ത് സിനിമ  കാണാൻ മാത്രമല്ല, കള്ളത്തരം പറഞ്ഞ്  പൈപ്പിൻ ചുവട്ടിൽ  കുടം ഒന്നാമതായി  വെച്ച്, വെള്ളമെടുക്കാനും സമർത്ഥയായി.
ദുസ്സാമർത്ഥ്യം കാണിക്കുമ്പോൾ   ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നു. 

"എടി, ഇത് പട്ടണമാണ്, പട്ടണം. ഇങ്കെ  പോരാടിത്താൻ  വാഴേണം". 
രംഗമ്മ  അപ്പോഴൊക്കെ ഓർമിപ്പിക്കും.

ചേരിയിലെ മുടിചൂടാ റാണിയാണ് രംഗമ്മ. സകലരെയും വിറപ്പിക്കുന്ന ജഗജില്ലി. 
എന്നാൽ, കുട്ടികളെന്നുവെച്ചാൽ രംഗമ്മക്ക്    ജീവനാണ്. 
വിശന്നു വരുന്ന ഏതു കുട്ടിക്കും അവർ ഹോട്ടലിൽ നിന്ന് വാങ്ങിയിട്ടാണെങ്കിലും , ഭക്ഷണം കൊടുക്കും.
കുട്ടികളില്ലാത്ത ദുഃഖം അവർ മറന്നിരുന്നത്,  അങ്ങിനെയാണ്.
കുടിശ്ശികൾക്കിടയിലുള്ള, ഒരേയൊരു കൊച്ചു  കോൺക്രീറ്റ് കെട്ടിടത്തിന്റെ ഉടമസ്ഥയുമാണ്,  രംഗമ്മ.
ഓരോന്നോർത്തു കൊണ്ട് വേലപ്പന്റെ വണ്ടി നീങ്ങുന്നതും നോക്കി നിന്ന ചിന്നിക്ക്, പെട്ടെന്ന്  വല്ലാത്തൊരു കുറ്റബോധം തോന്നി.
താൻ  ഓരോ ദിവസവും എത്രയെത്ര  നുണകളാണ് മാമനോട് പറയുന്നത്!
 പറയാത്ത കാര്യങ്ങളും എത്രയെത്ര !
ഇന്നത്തെ സവാരിയെ കുറിച്ചും മാമനോട് ഒരക്ഷരം  മിണ്ടിയിട്ടില്ല .
മീറ്റിംഗ്  സവാരികളുടെ കഥയോ മറ്റോ മാമനറിഞ്ഞാൽ....!
രംഗമ്മ  പഠിപ്പിച്ച  പുതിയ വിദ്യയായിരുന്നു, 'എലച്ചൻ   സവാരി'.
ഒരു ദിവസം ഡോക്ടറമ്മയുടെ വീട്ടിൽ തുണി അലക്കുന്നതിനിടയിലായിരുന്നു ,  ഓടിക്കിതച്ചെത്തിയ രംഗമ്മ  പറഞ്ഞത് , "വേഗം വാടി...!ഒരു വിഷയം ചൊല്ലണം."
രംഗമ്മയുടെ  വെപ്രാളം കണ്ടപ്പോൾ, വീട്ടിലുണ്ടായിരുന്ന  ഡോക്ടറമ്മയോട് സമ്മതം വാങ്ങി  അവളുടനെ, പുറത്തേക്കിറങ്ങി.
 "ചിന്നീ....,  പാത്രം കഴുകിയും തുണി തൊവച്ചും,  നീ എവ്വളവു താൻ സമ്പാദിക്കും?
വാ...നീ എന്റെ കൂടെ..!"രംഗമ്മ അവളെ, പിടിച്ചുവലിച്ചു നടത്തിക്കൊണ്ട് പറഞ്ഞു.
" കാശുണ്ടാക്കാൻ ഒരു പുതിയ വഴിയുണ്ട്."ചിന്നിയുടെ സ്വയം പ്രഖ്യാപിത രക്ഷിതാവായ അവർ  തുടർന്നു.
"വേണ്ടാമാ, നിനക്കും പണം ? പുതു പുടവ, പുതു  പാത്രം, പാട്ട്ക്ക്‌  ഒരു  റേഡിയോ? കാറ്റുക്ക് ഫാന്...?"

ലിസ്റ്റ് നീളും തോറും ചിന്നി യുടെ മനസ്സിലും പുതിയ  ആശകളുടെ വിത്തുകൾ  തെരുതെരെ വീണു  പുതഞ്ഞു .

വേണം, പുതിയ  സാരിയും പാത്രങ്ങളും,പാദസരവും ഹൈഹീൽ ചെരുപ്പും,മിന്നുന്ന മാലയും, കൊച്ചു റേഡിയോവും ഫാനും, ടി വിയും ഒക്കെ.
മാമന് കിട്ടുന്നത് ശാപ്പാടിന്   തന്നെ തികയില്ല.
ഡോക്ടറമ്മ  തരുന്ന ശമ്പളം  വീട്ടുവാടകയിലേക്കും  പോകും.
 കല്യാണം കഴിഞ്ഞിറങ്ങുമ്പോൾ,  അമ്മ തന്നയച്ചിരുന്ന  ഒരുപിടി സ്റ്റീൽ  പാത്രങ്ങളും മൺപാത്രങ്ങളുമല്ലാതെ  മറ്റെന്തുണ്ട് വീട്ടിൽ!
സ്ത്രീധനം പണമായി മതി, ഒരു കൊച്ചു പെട്ടിക്കട വെക്കണം , എന്നായിരുന്നു വേലൻ പറഞ്ഞത്.
എന്നാൽ പോക്കറ്റിലായ പണം മുഴുവൻ, പെട്ടിക്കടയിൽ എത്തുന്നതിനു മുൻപുതന്നെ സിനിമാ  തിയ്യേറ്ററുകളിലേക്കും, ബിരിയാണിക്കടകളിലേക്കും ഒഴുകിപ്പോയി എന്നുള്ളതാണ് സത്യം.
ഒടുവിൽ വേലൻ കെട്ടിടപ്പണിയിലേക്കും മടങ്ങി.
ആദ്യം,  വേണ്ടത്  ഡോക്ടറമ്മയുടെ വീട്ടിലുള്ളതുപോലത്തെ നാലഞ്ചു കണ്ണാടി ക്ളാസുകളാണ്.  മൂന്ന് പിച്ചളക്കുടങ്ങളും വാങ്ങണം.
പിന്നെ ഒരു പെട്ടിവേണം.
ഒരു കൊച്ചു ട്രാൻസിസ്റ്ററും. മാമന് പാട്ട് വലിയ ഇഷ്ടമാണ്.
വാങ്ങേണ്ട കാര്യങ്ങളിലേക്ക്, അവളുടെ മനസ്സോടി .

ടാർപോളിനും  പഴയ മരക്കഷണങ്ങളും വെച്ചുകെട്ടിയ കുടിശ്ശികളാണ് 
ചേരിയിലെ ഒട്ടുമുക്കാലും വീടുകളും.  എന്നാൽ എല്ലായിടത്തുമുണ്ട്,ഓരോ  ട്രാൻസിസ്റ്റർ.
ചുട്ടുപഴുത്ത റോഡിനോട് ചേർന്നു  കിടക്കുന്ന വരാന്തയിലിടാൻ  ഒരു ടേബിൾ  ഫാൻ  അത്യാവശ്യമാണ്. 
ഫാനിന്റെ കാറ്റത്ത് , പാട്ടും കേട്ട്, പണിയില്ലാത്ത ദിവസങ്ങളിൽ മാമൻ രസിച്ചു  മയങ്ങുന്നത് ചിന്നി മനസ്സിൽ  കണ്ടു. 
അങ്ങിനെ,തെരുതെരെ കുമിഞ്ഞ  സ്വപ്നങ്ങൾ ചിന്നിയെക്കൊണ്ട്, രംഗമ്മ  പറഞ്ഞതൊക്കെയും ശരി,  എന്നു സമ്മതിപ്പിച്ചു.

രംഗമ്മ  അവളെ കയ്യോടെ കൊണ്ടുപോയത്  അടുത്തുള്ള ഇലക്ഷൻ ഏജന്റിന്റെ കൊച്ചു കൂടാരത്തിലേക്കായിരുന്നു.
 ഉടലാസകലം,  ഉണ്ടക്കണ്ണുകളെ കൊണ്ടൊന്നുഴിഞ്ഞ്, തുറന്നു വെച്ചിരുന്ന നോട്ടുപുസ്തകത്തിൽ  അവളെക്കൊണ്ട്   വിരലടയാളം പതിപ്പിച്ച് അയാളൊന്നു ചിരിച്ചു. ഉള്ളിലെ കറ പല്ലിലും പടർത്തിക്കൊണ്ടുള്ള ഒരു ചിരി. 

"നാളേക്ക് മീറ്റിംഗ് ഇരുക്ക്"!
 അയാൾ പ്രഖ്യാപിച്ചു.
പിറ്റേന്ന്, വിളിക്കാൻ വരുമെന്നു പറഞ്ഞ ആനവണ്ടി ചേരിയിലെത്തും മുന്നെത്തന്നെ,  കല്യാണപ്പുടവയുടുത്ത്,  തലമുടി എണ്ണയിൽ കുളിപ്പിച്ച് , നീളത്തിൽ പിന്നിയിട്ട്, ഒരു കുട്ടപ്പൂവും ചൂടി, മുറുക്കിച്ചുവപ്പിച്ച് ചിന്നി തയ്യാറായിരുന്നു.
വലതുകാൽവെച്ച്  വണ്ടിയിൽ കയറിയപ്പോൾ  കൈ പിടിച്ച് സീറ്റിൽ ഇരുത്തിയത് രംഗമ്മ.
വഴിയിൽ തിന്നാൻ ഓരോ വടയും കാപ്പിയും കിട്ടിയതുകൊണ്ട് വിശപ്പും ദാഹവും ലവലേശം അറിഞ്ഞില്ല.
ബീച്ചിലെ  പുരുഷാരം  അവളെ അമ്പരപ്പിച്ചു. ഒരു മൂലയിൽ അമ്മയോടൊട്ടിയെന്ന പോലെ രംഗമ്മയോട് ചേർന്ന് അവളിരുന്നു.
അവർ  പറയുമ്പോഴൊക്കെ കൈപൊക്കി, മുദ്രാവാക്യം വിളിച്ചു.

മടക്കയാത്രയിൽ  കൈവെള്ളയിൽ വന്നുവീണത്  ഒരു 50 രൂപ നോട്ട്! ചിന്നി ശരിക്കും അതിശയിച്ചുപോയി. എന്തൊരു ഭാഗ്യം!
പിന്നെ, തുരുതുരാ മീറ്റിങ്ങുകളായി. യാത്രകൾ   ശീലമായി. പുടവകൾ  രംഗമ്മയോട് കടമെടുക്കേണ്ടി വന്നു. 
ഡോക്ടറമ്മയോട് പറയേണ്ടിവന്ന  ഒഴി കഴിവുകളും കൂടി.
സോപ്പ് , ചീർപ്പ്, കണ്ണാടിതൊട്ട് പല തരം ചമയ വസ്തുക്കൾ 
മൂലയ്ക്കിരുന്ന പെട്ടിയിൽ  പെട്ടെന്ന് വന്നു നിറഞ്ഞു. പുതിയൊരു  പുടവയും, അവളുടെ  സ്വത്തായി. 
പെട്ടിപ്പുറത്ത്,മൂടിപ്പുതപ്പിച്ചിരുന്ന കൊച്ചുഫാൻ  ഉദ്ഘാടനവും കാത്തുകിടന്നു.
രംഗമ്മയായിരുന്നു, അവളെ  കടകളിലേക്കും  കൊണ്ടുപോയത്.
ക്രമേണ സവാരികളുടെ   എണ്ണം,
കുറഞ്ഞു വന്നു.
എന്നും ഇലക്ഷനായിരുന്നെങ്കിൽ, എന്ന്, അവളപ്പോൾ   ഉള്ളു നൊന്തു പ്രാർത്ഥിച്ചു പോയി  .
അങ്ങനെത്തന്നെയാവാൻ   കഞ്ചിക്കോട്  ഭഗവതിക്ക് ഒരു പട്ടും നേർന്നു,അവൾ.
പക്ഷേ, അപ്പോൾ തന്നെ  അങ്ങനെ പ്രാർത്ഥിക്കേണ്ടി യിരുന്നില്ല, എന്നും തോന്നി.
മാമനറിയാതെയുള്ള ഈ പോക്കുകൾ ശരിയല്ല. നിർത്താറായി. 
ഇനി ഏറിയാൽ  ഒരേയൊരു യാത്ര, അത്രയും  മതി. 

"ചിന്നിപ്പൊണ്ണേ...! എല്ലാം  മുടിഞ്ചാച്ച്. കടശ്ശി സവാരി നാളേക്ക്!."
അന്നേരം ഓടിയെത്തിയ
രംഗമ്മ, മനസ്സറിഞ്ഞതുപോലെ  പറഞ്ഞു .
" നമ്മ  ഏജന്റ്  എതിർകച്ചിയിൽ സേർന്താച്ച്.! ഇനി അങ്ക പോണുമാ! അവര് അഡ്‌വാൻസാക, 100 രൂപ തരുമാ....!
നാളെ കാലേലെയെ   റെഡിയാകണം.  "
അതൊരു പ്രഖ്യാപനമായിരുന്നു.
"എതിർ കച്ചി 
ആനാലും  എല്ലാം ഏജന്റ് ചൊല്ലി തരും."
തലേന്നത്തെ രംഗമ്മയുടെ  വാക്കുകൾ ഓർമയിൽ തെളിഞ്ഞതോടെ  ആലോചനകൾ മാറ്റിവച്ച് ചിന്നി പെട്ടെന്ന് തയ്യാറായി.
കൃത്യസമയത്തു  തന്നെ രംഗമ്മയും  എത്തി.
ഉണ്ടക്കണ്ണന്റെ ചൂഴുന്ന  നോട്ടവും, തൊടലും  തലോടലും, കയ്യിലെ സേഫ്റ്റി പിൻ കൊണ്ട് തടുത്തും കുത്തിയും, പ്രതിരോധം  തീർത്ത്, ചിന്നി  ഒരുവിധം ഹാജർ ഉറപ്പിച്ച്  കയ്യൊപ്പിട്ടു. ഒളി  യമ്പുകൾക്കുള്ള  ഇത്തരം  പ്രതിരോധങ്ങൾ പഠിപ്പിച്ചതും രംഗമ്മയായിരുന്നു.
ഇരുവരും കാശ് വാങ്ങി. ചിന്നി അപ്പോൾ ത്തന്നെ  ചേരിയിലേക്കോടി.പണം  പെട്ടിയിൽ വെച്ചു പൂട്ടുകയും  ചെയ്തു. റേഡിയോവിനുള്ള കാശ്  കിറുകൃത്യം! അവൾ സന്തോഷത്തോടെ  കണക്കാക്കി.
അങ്ങിനെ  പുതിയ  സംഘത്തോടൊപ്പം അവരും  യാത്രയായി. പക്ഷേ എന്തുകൊണ്ടോ പുതിയ മീറ്റിങ്ങിന് ഒരു സുഖവുമി ല്ലെന്ന്  ഇരുവർക്കും തുടക്കത്തിൽ തന്നെ  തോന്നി. ചേരിയിൽ നിന്നു വലിയ ദൂരമില്ല, എന്നൊരു സമാധാനം മാത്രമായിരുന്നു ചിന്നിക്ക്.
മീറ്റിംഗ് കഴിഞ്ഞ ഉടനെ കടയ്ക്ക്  പോകാൻ പറ്റും . മാമന് ഒരു മുണ്ടും ഷർട്ടും വാങ്ങണം.  പിന്നെ  റേഡിയോവും. അവൾ  നിശ്ചയിച്ചു.
ഘോരഘോരം, പ്രസംഗം  മുഴങ്ങുന്നതിനിടയിലും  എന്തോ ഒരു പന്തികേട്, ഇരുവർക്കും തോന്നി. അപ്രതീക്ഷിതമായ  ഒരാരവം   ജനക്കൂട്ടത്തിൽ പടരുന്നത് അവർ അസ്വസ്ഥതയോടെ ശ്രദ്ധിച്ചു.
ബഹളങ്ങൾക്കും കൂക്കിവിളികൾക്കുമിടയിൽ എന്തു വിളിച്ചു പറയണമെന്നോ  എവിടെ കൈ പൊക്കണമെന്നോ  അറിയാതെ ഇരുവരും വിഷമിച്ചു പോയി.
കടുത്ത ചൂടിൽ വിയർത്തു കുളിച്ചവർ ഉച്ചയൂണിനായി  കാത്തിരുന്നു.
പെട്ടെന്ന്, ശബ്ദങ്ങൾ ഉച്ചസ്ഥായിയിലായപ്പോൾ  രംഗമ്മ അവളുടെ കാതിൽ മന്ത്രിച്ചു. "നമുക്ക് പോകാം. പെരിയ ശണ്ഠ വറ പോകുത്. "
രംഗമ്മ  അവളെ പിടിച്ചു വലിച്ചു. അവളും തയ്യാറായിരുന്നു.
എന്നാൽ തൽസമയം അവിടെയെത്തിയ ഏജന്റ് ഒരു കൈയാൽ  പെട്ടെന്ന്  അവളുടെ പുടവയിൽ കയറിപ്പിടിച്ച് , മറുകൈ  വിദഗ്ധമായി   അവളുടെ മാറത്തെയ്ക്കിറക്കി.
ഞെട്ടിനിന്ന ചിന്നി, കുതറാനാകാതെ നിന്നു  പിടഞ്ഞു.
ഭാഗ്യം, അതു  കണ്ണിൽപ്പെട്ട, 
രംഗമ്മ  തൽക്ഷണം കൊടുത്ത ചൂടൻ തൊഴിയിൽ 
അയാൾ ഒന്നുവിറച്ചു.. വീണു.
ഒട്ടും സമയം കളയാതെ ചിന്നി യുടെ കൈയ്യും  പിടിച്ചു വലിച്ചു കൊണ്ട് ഓടിത്തുടങ്ങിയ രംഗമ്മ, ആ വഴി വന്ന ഓട്ടോറിക്ഷയിൽ പെട്ടെന്ന് അവളെ കയറ്റി, താനുമിരുന്നു. 
 
ചിന്നിക്ക്, ശ്വാസം നേരെ വീണതപ്പോഴായിരുന്നു..
വീട്ടിലെത്തിയ ഉടനെ പണമെടുത്ത് കടയ്ക്കു  പോകണം.അവൾ വെപ്രാളത്തോടെ ഓർത്തു.
വാങ്ങിയ സാധനങ്ങളും, റേഡിയോവും  കാണുമ്പോൾ മാമൻ   അത്ഭുതപ്പെടും.
ഡോക്ടറമ്മ തന്ന  ദീവാലി പണംകൊണ്ട് വാങ്ങിയതാണെന്ന് പറയാം . പാവം മാമൻ, അതു  വിശ്വസിക്കും. എന്നിട്ട്, സാധനങ്ങൾ കാണുമ്പോൾ തീർച്ചയായും, സന്തോഷിക്കും. അഭിമാനിക്കും.
ചിന്തകൾ അത്രത്തോളം  എത്തിയതോടെ പെട്ടെന്നാണ് അവർ   ഒരാക്രോശം കേട്ടത്.
ചേരിയിലെത്തിയ ഉടനെ!
"തീയ്യ്.. തീ  ..തീ"!
നോക്കുമ്പോൾ സർവ്വത്ര ആളികത്തുന്ന തീ! ആകാശത്തോളം ഉയർന്നുകൊണ്ടിരുന്ന, സ്വർണ ശോണിമ!
ചേരി കത്തിയമരുന്നു.  ഉറക്കെ കരയുന്ന കുട്ടികൾ, അമ്മമാർ. ചുറ്റിനും കനത്ത പുക.വെള്ളക്കുടങ്ങളുമായി ഓടിനടക്കുന്ന പുരുഷന്മാർ.   കൂട്ടത്തിൽ വേലനുമുണ്ടായിരുന്നു. ഭ്രാന്തനെപ്പോലെ, ചിന്നി യുടെ പേരും വിളിച്ച്!
ഭാര്യയെ കണ്ടതും വേലൻ സ്ഥലകാലബോധം മറന്ന്  സന്തോഷത്തോടെ, അവളെ കെട്ടിപ്പിടിച്ച്, ഉറക്കെ വിളിച്ചു പറഞ്ഞു.
"ചിന്നീ...!
നീ എവിടെയായിരുന്നു? ഡോക്ടറമ്മയുടെ വീട്ടിലോ ? നന്നായി,  കടവുൾ പുണ്യം,നീ യവിടെയായത്!
ഇന്നേക്ക് എന്റെ  പണി  ശീഘ്രം  മുടിഞ്ചതും  ഭാഗ്യം!   പാർട്ടിക്കാര് തമ്മിലടിച്ച് കൊളുത്തിയതാണെന്ന്! ഏത് ശണ്ഠ  വന്നാലും ചേരിക്കാറുണ്ടല്ലോ, താങ്ങാൻ!
ഏതുക്കും നീ  കരയാതെ! കരയാതെ! നമുക്കൊന്നും നഷ്ടമാകലെ!  നമുക്കെന്താ  ഏഴു നില കെട്ടിടമോ, കാശോ , പട്ടോ, പണ്ടമോ ഉണ്ടോ, ചാമ്പലാകാൻ !  നമുക്കൊന്നും നഷ്ടപ്പെടാനില്ല!"
വേലന്റെ  ശബ്ദത്തിൽ ധ്വനി ച്ചത് പരമമായ ആശ്വാസം.  ആശ്വസിപ്പിക്കൽ.  സമാധാനം. 
എന്നാൽ  വാടിയ ചേമ്പിൻതണ്ടുപോലെ,  വേലന്റെ  ചുമലിലേക്ക് ചാഞ്ഞ ചിന്നി,  യാതൊന്നും കണ്ടില്ല,കേട്ടില്ല. സ്വന്തം സ്വപ്നങ്ങളുടെ എഴുനില കൊട്ടാരത്തിന്റെ  കത്തുന്ന പട്ടടയുടെ  ചൂട് മാത്രമായിരുന്നു, അവളുടെ  ഉള്ളിലപ്പോൾ ..
Join WhatsApp News
Fan club of literature 2021-10-22 19:34:20
I loved this story, a good one since a long time in emalayalee. Thank you for the admin of rmalayalee.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക