Image

ആര്യന്‍ ഖാനെ കാണാന്‍ അച്ഛന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

ജോബിന്‍സ് Published on 21 October, 2021
ആര്യന്‍ ഖാനെ കാണാന്‍ അച്ഛന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ അച്ഛനും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന്‍ എത്തി. ആര്യന്‍ കഴിയുന്ന ആര്‍തര്‍ റോഡിലെ ജയിലിലാണ് ഷാരൂഖ് എത്തിയത്. ആര്യന്‍ ജയിലിലായശേഷം ആദ്യമായാണ് ഷാരൂഖ് ആര്യനെ കാണാന്‍ എത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യന്‍ ജയിലിലാണ്.

ഇന്നലെ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഷാരൂഖ് ജയിലിലെത്തി മകനെ കാണാന്‍ തീരുമാനിച്ചത്. ഇതിനായി അനുമതി ലഭിച്ച ഉടനെ ഷാരൂഖ് ജയിലിലെത്തി. ഏകദേശം 20 മിനിറ്റോളം ഷാരൂഖ് ഖാന്‍ 23 കാരനായ തന്റെ മകനുമായി സംസാരിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ആര്യന്‍ ഖാന്‍ തന്റെ മാതാപിതാക്കളായ ഷാരൂഖ് ഖാന്‍, ഗൗരി ഖാന്‍ എന്നിവരുമായി കഴിഞ്ഞ വെള്ളിയാഴ്ച വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് ജയില്‍ സന്ദര്‍ശനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. 

ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ആര്യന്‍ ഖാന്റെ വാട്‌സപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകളുമായി ആര്യന് ബന്ധമുണ്ടെന്നതിന്റെ തെളിവുകളാണെന്ന് എന്‍സിബി വാദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക