Image

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

Published on 22 October, 2021
ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)
അഥവാ
ആയിരം തവണ
ആത്മഹത്യ ചെയ്തവളുടെ കഥ...
ഇരുട്ടിലോട്ടവുമാവാം...
അവൾ പറഞ്ഞ് തുടങ്ങി,
ഒരു അരസികന്റെ
ജീവിതപങ്കാളിയാവുക
എന്നതിനോളം
ആത്മാഹുതി എന്തുണ്ട്?
ചിലങ്കയണിഞ്ഞ്,
ആടി തിമിർത്ത്
വേദികളെ പ്രകമ്പനം
കൊള്ളിച്ചവളോട്
കാലുകളെ
നിശ്ചലമാക്കാനും
ഇഷ്ട ഭക്ഷണം നിഷേധിച്ച്
കണ്ഠശുദ്ധി സൂക്ഷിച്ച്
പാട്ടിനെ
ഭ്രാന്തമായാരാധിച്ചവളോട്
മേലാൽ മൂളിപ്പാട്ട് പോലും
ഇവിടെ
കേട്ട് പോകരുതെന്നും
വാറോല പുറപ്പെടുവിച്ച
അരസികനോട്
പ്രണയം തോന്നുമോ?
അതോ വിധേയത്വമോ?
രണ്ടുമല്ല,അടിമത്തം.
വാറോലയിലൊപ്പിട്ട്
ജീവിതം തുടങ്ങിയ
അന്ന് മുതൽ
പഠിച്ചെടുത്ത്
നടത്തി പോന്നതാണ്
ഇരുട്ടിലാട്ടം.
ലളിതമാണ് പാഠഭാഗം.
കണ്ണും കാതും മനവും
കൊട്ടിയടയ്ക്കാനായാൽ
മികച്ച ഇരുട്ടിലാട്ടക്കാരിയാവാം.
നേരം പുലർന്നാൽ
പത്ത് തലയും
ഇരുപത് കൈയ്യും പേറി
രാവണാവതാരം
ആടി തീർക്കുന്നതിനിടയിൽ,
കൈയ്യിലെത്തിച്ച നീലഷർട്ടിലെ
ചുളിവുകളെക്കാൾ
മുഖം ചുളിച്ച്
മുഖത്തേയ്ക്കെറിയപ്പെട്ട
തുണി കഷ്ണത്തിൽ
ചൂളിച്ചുരുങ്ങി ആത്മാഹുതി ചെയ്യുന്നവളോട്
നിനക്ക് പുച്ഛമാണെന്നറിയാം.
എങ്കിലും അങ്ങിനെയും
എത്രയെത്ര ആത്മഹത്യകൾ.....
മുഖത്തേയ്ക്കെറിയപ്പെട്ടവയുടെ_
ചൂട് കുറവെന്ന പഴി കേട്ട ചായഗ്ലാസ്,
ഉപ്പില്ലെന്ന പഴിയിൽ കറി പാത്രം,
ബട്ടൺ പൊട്ടിയ പാന്റ്സുകൾ,ഷർട്ടുകൾ,
കാണാതെ പോവുന്ന
പേപ്പറുകൾക്ക് പകരം,
തലകീഴായ് മറിച്ച
 മേശയിലേയും
അലമാരയിലേയും വസ്തുവകകൾ,
അങ്ങനെയങ്ങനെ
എത്രയെത്ര വസ്തുക്കളുടെ
 നീണ്ട നിര.....
അവ എന്നെ തന്നെ
കളിയാക്കി ചിരിയ്ക്കാറുണ്ട്.
ഞാനവരോടും ചിരിയ്ക്കും.
പാവങ്ങൾ,
കണ്ണടച്ചാലും ഇരുട്ടാവുമെന്നവയ്ക്കറിയില്ലല്ലോ???
ഗ്യാസ് ഓഫ് ചെയ്തെന്നും
വെള്ളംടാപ്പുകൾ പൂട്ടിയെന്നും
അനാവശ്യമായെരിയുന്ന ബൾബുകളും,
കറങ്ങുന്ന ഫാനുകളും
ഓഫ് ചെയ്തെന്നും
ഉറപ്പ് വരുത്തി,
കുട്ടികളുടെ പാരന്റ്സ് മീറ്റിംഗിൽ
പങ്കെടുക്കാൻ തിടുക്കപ്പെട്ടിറങ്ങുമ്പോൾ മറന്ന,
 മടക്ക വഴിയിൽ വാങ്ങേണ്ട
പച്ചക്കറി,പലവ്യഞ്ജന ലിസ്റ്റെടുക്കാനായി
തിരിച്ച് കയറുമ്പോൾ
"അവൾക്കോ പണിയൊന്നുമില്ല''
എന്ന് സെൻസസെടുക്കാൻ
 വന്നവനോട് പറയുന്നത്
കേൾക്കേണ്ടി വരുന്നതിനോളം
ആത്മാഹുതി വേറെയുണ്ടാവില്ല.

രാവേറെ ചെല്ലുമ്പോൾ
അവൻ കടന്ന് വരുന്നതും കാത്ത്
നീണ്ട കണ്ണിണകളിൽ മയ്യെഴുതി,
മുട്ടോളമെത്തും മുടി മെടഞ്ഞ്
മുല്ല മാല ചൂടി
ആലസ്യത്തോടെ
അവനെ കാത്തിരുന്ന്
അവനെത്തും നേരം
നീയാണെന്റെ ലഹരിയെന്ന്
ചെവിയിലോതുമ്പോൾ
ചിലങ്കയാണെൻ്റെ ലഹരിയെന്നുള്ളിലുയരുമ്പഴും
അവന്റെ കുസൃതികൾക്ക്
വശംവദയായി ഇക്കിളി പൂണ്ട്
പുണരേണ്ടി വരുന്നത്
ആത്മാഹുതിയല്ലാതെന്താണ്?
ഇന്ന്
ഇരുട്ടിലോടിയോടി
പഞ്ചേന്ദ്രിയങ്ങളിൽ
ഇരുൾ മൂടിയതിനാലാവാം
ജാലകപഴുതിലൂടെത്തി നോക്കുന്ന
ഒരു തരി വെളിച്ചക്കീറിന്
നേരെ പോലും
കണ്ണ് തുറക്കാനാവാതെ,
അങ്ങകലെ നിന്നെങ്ങാൻ
അരിച്ചെത്തുന്ന സംഗീതത്തിന് നേരെ
ചെവി കൊട്ടിയടച്ച്
ഇരുട്ടിൽ തപ്പി തപ്പി ഞാൻ കഴിയുന്നത്
ഇതിലും വലിയ
ആത്മാഹുതി വേറെയുണ്ടോ?
ഇന്നും
ഞാൻ ആട്ടക്കാരിയാണ്....
മുന്ത്യേ ഇരുട്ടിലാട്ടക്കാരി.......
ആയിരം തവണ
ആത്മഹത്യ ചെയ്തവളുടെ
ആത്മക്കുറിപ്പിവിടെ തീരുന്നില്ല,
അവൾക്കിനിയും
അനേകായിരം തവണ
ആത്മഹത്യ ചെയ്യാനുള്ളതാണ്.....


ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക