Image

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

Published on 22 October, 2021
സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)
രാവിലെ എട്ടരയ്ക്ക് ഉള്ള ബസ് കിട്ടാനായി ഓടുകയാണ് സുമിത്ര. ബസ്സിൽ ഓടിച്ചെന്ന് കയറി കമ്പിയിൽ തൂങ്ങി പിടിച്ചു നിന്നു അവൾ. അവളുടെ കണ്ണുകൾ നാലുപാടും പരതി, ഈശ്വരാ ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കണേ എന്നോർത്തു. ഭാഗ്യത്തിന് സീറ്റുകളെല്ലാം ഫുൾ ആയിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് തുടങ്ങിയ ഓട്ടമാണ്, ഒരിടത്തിരുന്ന് ഭക്ഷണം പോലും കഴിക്കാതെ ഓട്ടം തന്നെ ഓട്ടം. ബസ്സ് ഓടി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ എഴുന്നേറ്റു സുമിത്ര വേഗം അവിടെ പോയിരുന്നു. ഏകദേശം 20 വയസ്സ് തോന്നുന്ന ഒരു പയ്യനാണ് അടുത്തിരുന്നത്. ഒരു പുഞ്ചിരി സമ്മാനിച്ചു എങ്കിലും അവൻ അതൊന്നും കണ്ടതേയില്ല. അവള് സീറ്റിലേക്ക് ചാരിയിരുന്നു,ഈശ്വരാ എന്തൊരു ആശ്വാസം... അവളുടെ മയക്കവും കിനാവും ഒക്കെ ആ 45 മിനിറ്റ് ബസ് യാത്രയിൽ അവൾ തീർക്കും. ഒന്നു മയങ്ങാൻ ആയി കണ്ണടച്ചപ്പോഴാണ് ഒരു ഗർഭിണിയായ പെൺകുട്ടി നിസ്സഹായതയോടെ എല്ലാ സീറ്റിലും പരതി നോക്കുന്നത് കണ്ടത്. ആരും എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഒരു കമ്പിയിൽ പിടിച്ച് സീറ്റിലേക്ക് ചാരിനിന്നു. ഒരുപാട് ചെറിയ പെൺകുട്ടികൾ ഇതൊന്നും കാണാത്ത ഭാവത്തിൽ ഫോണിൽ തോണ്ടി ഇരിക്കുന്നു. സഹിച്ചില്ല അവൾക്ക്, മോളേ... സുമിത്ര മൃദുലമായി വിളിച്ചു,  ഇവിടെ ഇരുന്നോളൂ. അവളുടെ മുഖത്ത് കണ്ട ആശ്വാസ പൂത്തിരി വർണ്ണിക്കാൻ പോലുമാവുന്നില്ല. സുമിത്ര വേഗം എഴുന്നേൽക്കാൻ ആരംഭിച്ചപ്പോൾ ഇരുപത് വയസ്സുകാരൻ ചാടി എഴുന്നേറ്റ് പറഞ്ഞു, ആന്റി ഇരുന്നോളൂ, ഞാൻ ഉടനെ ഇറങ്ങും.

ഇത്തവണ നന്ദിയോടെ വീണ്ടും അവനെ നോക്കി പുഞ്ചിരിച്ചു അവൻ തിരിച്ചും. പ്രിയപ്പെട്ട സൈഡ് സീറ്റ് കിട്ടിയത് ഓർത്ത് സന്തോഷത്തോടെ അവൾ നീങ്ങിയിരുന്നു. ഗർഭിണിയായ പെൺകുട്ടിയോട് ഒന്നുരണ്ട് കുശലം ചോദിച്ചതിനു ശേഷം അവൾ പതിയെ മയങ്ങാൻ ആരംഭിച്ചു. ഏകദേശം 20 മിനിറ്റ് ആയി യാത്ര തുടങ്ങിയിട്ട്, ഇനിയുള്ള 25 മിനിറ്റ് കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങാൻ ഉള്ളതാണ് അവൾക്ക്. പതിയെ അവൾ കണ്ണുകളടച്ചു, സ്വപ്നങ്ങൾക്ക് ചിറക് വീണു തുടങ്ങി. ഹിമാലയത്തിലേക്ക് ബൈക്കോടിച്ചു പോയ അമ്മയെയും മകളെയും പോലെ അവളും പാഞ്ഞു ഒരു റോയൽ എൻഫീൽഡിൽ. സ്വന്തം വീട്ടിലേക്ക് കാറോടിച്ച് ചെന്ന് ഞെട്ടിക്കുന്നതും, ലോകത്തിന്റെ ഏതു കോണിലും ഏത് പാതിരാത്രിയിലും ധൈര്യസമേതം സഞ്ചരിക്കുന്നതും, തങ്ങൾ ഒരു വലിയ കൊട്ടാരം പണിയുന്നതും ഒക്കെ അങ്ങനെ അങ്ങനെ....

 പെട്ടെന്ന് ചേച്ചീ.. മതി സ്വപ്നം കണ്ടത് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി കണ്ടക്ടർ വിളിച്ചു കൂവി . ഒരു വിളറിയ ചിരിയോടെ അവൾ പതിയെ എഴുന്നേറ്റു. അല്പം ജാള്യത തോന്നിയെങ്കിലും ഇതൊരു പതിവായതിനാൽ ആർക്കും ഒന്നും തോന്നിയില്ല. കണ്ടു തീരാത്ത സ്വപ്നങ്ങളെ നെഞ്ചോടമർത്തി കൊണ്ട് അവൾ പതിയെ ഓഫീസലേക്കു നടന്നു.

 നഗരത്തിലെ ഒരു ബിസിനസ് സ്ഥാപനത്തിലെ തൂപ്പുകാരി യും പ്യൂണും ഒക്കെയാണ് സുമിത്ര. ഓഫീസിലെത്തി ജോലികൾ ആരംഭിച്ചു, ഏകദേശം ഇരുപതോളം പേർ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. തൂപ്പ് ജോലി കഴിഞ്ഞാൽ ഓരോരുത്തർക്കും ഓരോ ഇഷ്ടത്തിലുള്ള ചായകൾ ഉണ്ടാക്കണം. ഒരാൾക്ക്‌ കടുപ്പം കൂടിയത് ഒരാൾക്ക് ലൈറ്റ് ഒരാൾക്ക് വിത്തൗട്ട് മറ്റൊരാൾക്ക് കട്ടൻചായ... അവൾ പലപ്പോഴും ഓർക്കാറുണ്ട് ഒരു ചായപ്പൊടിയും പഞ്ചസാരയും പാലും ചേർന്നു എത്ര വൈവിധ്യങ്ങളാണ് ഉണ്ടാക്കുന്നത്. ഇതുതന്നെയല്ലേ ഓരോ മനുഷ്യജീവിതവും. വല്ലാതെ ചിന്തിച്ചാൽ മാനേജറുടെ തീഷ്ണമായ മൂളൽ കേൾക്കേണ്ടിവരും എന്നതിനാൽ ആ ചിന്ത അവൾ  പാടെ ഉപേക്ഷിച്ചു. ഏകദേശം രണ്ടു മണി വരെ അവൾക്കു നല്ല ജോലിയുണ്ട്. ചേച്ചി ഇതുവരെ ഊണ് കഴിച്ചില്ലേ? ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി. ജൂനിയർ ക്ലർക്ക് ആശാ രാജീവ്. 'മാഡം ഞാൻ ഊണ് കഴിക്കാൻ പോവുകയാണ് ..എന്റെ ചേച്ചി,  ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ മാഡം എന്ന് വിളിക്കരുത് എന്ന്. അല്ല മോളേ.. സുമിത്ര ഒന്നു പരുങ്ങി.. വേണമെങ്കിൽ ആശമോളെന്നു വിളിച്ചോളൂ.. സന്തോഷത്തോടെ രണ്ടുപേരും പുഞ്ചിരിച്ചു. ഈ സ്ഥാപനത്തിൽ ഇത്രയും ആളുകൾ ഉണ്ടായിട്ടും ഈ കൊച്ചിനെ പോലെ  ഒരു അലിവോ സ്നേഹമോ മറ്റാർക്കും ഇല്ല. ഓരോന്നു ആലോചിച്ചു സുമിത്ര പാത്രം തുറന്ന് ചോറിൽ തൊട്ടതേ അവൾക്കു മനസ്സിലായി ചോറ് വെന്തിട്ടില്ല. ദൈവമേ... ഈ റേഷനരിയെ ഒന്നു തല്ലികൊന്നു വേവിക്കാൻ ഉള്ള മാർഗ്ഗം ഒന്നു പറഞ്ഞു തരാമോ. ഇന്ന് വൈകുന്നേരം കെട്ടിയോന്റെ ശകാരവും മക്കളുടെ മുഖം വീർപ്പും കാണാം. ഓട്ടോ ഡ്രൈവർ ആയ സുഗുണൻ ആണ് സുമിത്ര യുടെ ഭർത്താവ്. സർവ്വ ഗുണ സമ്പന്നൻ അല്ലെങ്കിലും പട്ടിണി ഇല്ലാതെ കുടുംബം നോക്കുന്നുണ്ട്. രണ്ടു മക്കൾ. സംഗീതും സംവൃതയും. അവരെ പഠിപ്പിക്കാൻ ആണ് സുമിത്രയുടെ ഈ നെട്ടോട്ടം.. ഏറെ ചുരുക്കിയും ലുബ്ധിച്ചും ജീവിക്കുന്നത് മക്കളെ ഒന്നു കരകയറ്റാൻ ആണ്. വൈകുന്നേരം ജോലി ഒക്കെ കഴിഞ്ഞു വീട്ടിൽ പോവാനായി ബസ് സ്റ്റോപ്പ്‌ ൽ നിൽക്കുമ്പോൾ ''സുമി.... എന്നൊരു വിളി. ഈശ്വരാ.. ഞാൻ പോലും മറന്ന് പോയ എന്റെ ചെല്ലപ്പേര്. ആരാണെന്നു തിരിഞ്ഞു നോക്കുമ്പോൾ അപരിചിതം എങ്കിലും ഏറെ പരിചിത മുഖം. " ഓർമ്മയുണ്ടോ എന്നെ... അയാൾ ചോദിച്ചപ്പോൾ അവളൊന്നും പരുങ്ങി. ആരാണ് ഇയാൾ, എന്റെ ഓർമ്മകൾ കൂടി നീ കടമെടുത്തോ ഭഗവാനെ.., പെട്ടെന്ന് അയാൾ പറഞ്ഞു ഞാൻ രവി യാണ്, നിന്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ച രവികുമാർ. രാവിയോ.. പിന്നെയാ പത്താം തരക്കാരിയിലേക്ക് ഒറ്റ ചാട്ടം ആയിരുന്നു അവൾ. നീ ഇപ്പോൾ എവിടാ, എന്ത് ചെയ്യുന്നു,, എന്നെ എങ്ങനെ തിരിച്ചറിഞ്ഞു, കൂട്ടുകാരെ ഒക്കെ കാണാറുണ്ടോ... പതിയെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു നിനക്ക് ഒരു മാറ്റവും ഇല്ല ആ വായാടി പെണ്ണ് തന്നെ. ഉള്ളിൽ ഇരുന്നു ആരോ അവളെ പല്ലിളിച്ചു കാണിച്ചു. താനോ വായാടിയോ. മൗനം ആണ് തന്റെ ആവരണം എന്ന് ഇവനറിയില്ലല്ലോ. ഞാൻ ഇവിടെ ഒരു ബിസ്സിനെസ്സ് ആവശ്യത്തിന് വന്നതാണ്.  നിന്നെ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു ഒരു മാറ്റവും ഇല്ല നിനക്ക്. ആ പട്ടുപാവാടയിൽ നിന്നു സാരിയിലേക്ക് മാറി എന്ന് മാത്രം. അതവൾക്ക് ഏറെ ഇഷ്ടമായെങ്കിലും പുറമെ കാട്ടാതെ മറ്റെന്തോ ചോദിച്ചു. പെട്ടെന്ന് അവൾക്കുള്ള ബസ് വന്നു. ശെരി പോകട്ടെ ടാ പിന്നെ കാണാം. അവൾ വേഗം ബസ്സിൽ കയറി. അവൾക്ക് പ്രിയപ്പെട്ട സൈഡ് സീറ്റ് തന്നെ കിട്ടി. അവൾ രവി യെ കുറിച്ച് ഓർത്തു. എത്ര ഭംഗിയായി പാടുമായിരുന്നു അവൻ. അവനെ മോഹിക്കാത്ത പെൺകുട്ടികൾ കുറവായിരുന്നു സ്കൂളിൽ. അവനു പക്ഷെ ഇഷ്ടം 10 സി ലെ മാലതിയോട്. അവൻ അവളെ തന്നെ ആകുമോ കല്യാണം കഴിച്ചത്.ശ്ശോ..  ചോദിക്കാമായിരുന്നു. ഓരോന്ന് ആലോചിച്ചു അവൾ പതിയെ സ്വപ്നം കണ്ടു തുടങ്ങി. ഇന്നവളുടെ കിനാവിൽ ഏഴു കുതിരയെ പൂട്ടിയ രഥവും അതിലൊരു ഗന്ധർവ്വനെയും കണ്ടു. ആ ഗന്ധർവ്വ ലോകത്ത് അവളും ഒരു ഗന്ധർവ്വനും മാത്രം. ആട്ടവും പാട്ടും ആയി സന്തോഷ നിമിഷങ്ങൾ. ആ ഗന്ധർവ്വന് എന്റെ സുഗുണേട്ടന്റെ ഛായ ഉണ്ടോ.. ഹേയ്, ഒരു വഴിയും ഇല്ല. സംഗീതം എന്ന് കേൾക്കുന്നതേ മൂപ്പർക്ക് അലർജി ആണ്. ഇനി ആ രവികുമാറിന്റെ ഛായ ആണോ ഈ ഗന്ധർവ്വന്..

എന്റെ പോന്നു ദൈവമേ സ്വപ്നം കാണുമ്പോൾ എങ്കിലും ഈ പാവത്തിനെ ഒന്നു വെറുതെ വിട്ടൂടെ, പണി തരാതിരുന്നൂടെ.. അവൾ ഒരല്പം പരിഭത്തോടെ ദൈവത്തെ നോക്കി..കണ്ടക്ടർ ടെ ചേച്ചി വിളിയിൽ എല്ലാം അവസാനിച്ചു. അവൾ പതിയെ ഇറങ്ങി നടന്നു. അവളുടെ യാന്ത്രിക ലോകത്തേക്ക്... അവളുടെ മാത്രം മായകാഴ്ചകൾ ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥനയോടെ


സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക