Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 22 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
വാക്സിന്‍ വിതരണരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് വാക്സിന്‍ വിതരണം നൂറുകോടി ഡോസ് പിന്നിടാന്‍ കഴിഞ്ഞത് ചരിത്ര നേട്ടവും ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനവുമാണെന്ന് മോദി പറഞ്ഞത്. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും അസാധാരണ ലക്ഷ്യമാണ് രാജ്യം നേടിയിരിക്കുന്നതെന്നും മോദി പറഞ്ഞു.
****************************
കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.
*****************************************
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി കസ്റ്റംസിന്റെ കുറ്റപത്രം. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരം മറച്ചുവെച്ചെന്നാണ് ശിവശങ്കറിനെതിരായ കുറ്റം. നേരത്തെ എന്‍ഐഎ ശിവശങ്കറിനെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ലെങ്കിലും കസ്റ്റംസിന്റെ കേസില്‍ 29ആം പ്രതിയാണ്.
************************************
എഐഎസ്എഫ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ,  അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. 
*********************************
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കുരുക്ക്. വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്നും റെയില്‍വേ മന്ത്രാലയം ആരാഞ്ഞു. എന്നാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി. സ്വപ്നപദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് പ്രതിസന്ധി.
*********************************
ഹൈക്കമാന്‍ഡ് ഇന്നലെ പുറത്ത് വിട്ട് കെപിസിസി പട്ടിക എല്ലാവരേയും ഉള്‍ക്കാള്ളുന്നതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു എന്നാല്‍ പട്ടിക അംഗീകരിക്കുന്നില്ലെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകനായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും മുന്‍ പ്രസിഡന്റ്മാരുമായി കൂടുതല്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു. 
*********************
ചൈന ആക്രമിച്ചാല്‍ തയ് വാന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. തയ്വാനെ ചൈനയുടെ ഭാഗമാക്കി മാറ്റുമെന്ന ചൈനിസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് ജോ ബൈഡന്‍ നല്‍കിയത്.
***************************************
ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന് സിബിഐ. കേസ് അന്വേഷണത്തിന് 20 അംഗ പ്രത്യേക ടീമിനെയാണ് സിബിഐ നിയോഗിച്ചത്. മികച്ച അന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ് നേടിയ വി കെ ശുക്ലയ്ക്കാണ് അന്വേഷണ മേല്‍നോട്ട ചുമതല. അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
****************************************
എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പരാതി. എല്‍എല്‍ബി ഇന്റേണല്‍  പരീക്ഷയ്ക്ക് ഹാജരാകാതെ കോളേജിനെ സ്വാധീനിച്ച് പി കെ നവാസ് മാര്‍ക്ക് നേടി എന്നാണ് സഹപാഠിയുടെ പരാതി. കോളേജിലെ പരാതി പരിഹാര സമിതി നവാസിന് മാര്‍ക്ക് നല്‍കിയത് ചട്ടം ലംഘിച്ചാണെന്നാണ് സര്‍വ്വകലാശാലയ്ക്ക് നല്‍കിയ പരാതിയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക