Image

മുല്ലപ്പെരിയാറിന് പ്രശ്‌നങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

ജോബിന്‍സ് Published on 24 October, 2021
മുല്ലപ്പെരിയാറിന് പ്രശ്‌നങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും
കേരളം വീണ്ടും ഒരു പ്രളയകാലത്തില്‍ കൂടി കടന്നുപോവുകയും ഇനിയും പ്രളയ സാധ്യതകള്‍ പ്രളയസാധ്യതകള്‍ പ്രവചിക്കപ്പെടുകയും ചെയ്യുമ്പോള്‍ വീണ്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ഇതുയര്‍ത്തുന്ന ഭീഷണിയും ചര്‍ച്ചയാകുന്നു. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കോടതിയുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടു വരാന്‍ ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത് ഗൗരവകരമായ വിവരങ്ങളാണ്. 

യുഎന്‍ സര്‍വ്വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായവ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

'പഴക്കമേറുന്ന ജലസംഭരണികള്‍ ഉയര്‍ത്തുന്ന ആഗോളഭീഷണി '   എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യതാ പ്രദേശത്താണെന്നും ഡാമിന് ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഡാം തകര്‍ന്നാല്‍ 35 ലക്ഷത്തോളം ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡാമിന്റെ സംഭരണ ശേഷി നിലവില്‍ 142 അടിയാണ്. ഇപ്പോളത്തെ ജലനിരപ്പ് 136 അടി ആണ്. ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നും  സ്പില്‍ വേ തുറക്കണമെന്നും കേരളം തമിഴ്‌നാടിനോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.  ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടിക ഇതിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണെന്നും ദുരാതാശ്വാസ ക്യാമ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക