Image

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

Published on 25 October, 2021
നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )
നഗരത്തിൽ കോവിഡ് എന്ന മഹാമാരി താണ്ഡവമാടിയതോടെ ദുരിദത്തിലായത് നിരവധി കലാകാരന്മാരാണ്. വ്യത്യസ്ത മേഖലകളിൽ ഉപജീവനം നടത്തിയിരുന്നവരും, കല ഒരു വിനോദവും സമർപ്പണവുമായി കണ്ടിരുന്ന ഒരു കൂട്ടം കലാ രംഗത്തു പ്രവർത്തിക്കുന്നവരും ഇന്ന് അനിശ്ചിതാവസ്ഥയിൽ ആയിരിക്കുകയാണ്. ഒന്നരവർഷമായി ഉറങ്ങികിടക്കുന്ന അരങ്ങുകൾ  ഉണർന്ന് വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക് സജീവമാകുമൊ എന്നും അവർ ആശങ്ക പ്രകടിപ്പിക്കുന്നു. മുംബൈയിലെ ഉത്രാട പാച്ചിലുകൾക്കും, യാന്ത്രിക ജീവിതത്തിലും ഒരു സാന്ത്വനമായിരുന്നു വിവിധ കലാ പഠനക്ലാസുകൾ. നൃത്തവും, സംഗീതവും ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കുന്നുണ്ടെങ്കിലും വാദ്യോപകരണ ക്ലാസുകൾ എല്ലാം നിശബ്ദമാണ്.

 നഗരത്തിലെ അറിയപ്പെടുന്ന  വാദ്യ കലാകാരൻ അനിൽ പൊതുവാളിന്റെ നേതൃത്വത്തിലുള്ള ചെണ്ടയിൽ വിസ്മയം തീർത്തിരുന്ന  വാദ്യ കലാകാരന്മാരുടേയും ഒരു പാട് വേദികളാണ് ഈ മഹാമാരി നഷ്ടപ്പെടുത്തിയത്.ഒന്നര വർഷമായി ആഘോഷങ്ങളില്ല. മുംബൈയിലെ സമാജങ്ങളും, സംഘടനകളും നടത്തി വന്നിരുന്ന ഓണാഘോഷങ്ങൾ, അയ്യപ്പ പൂജകൾ, വാർഷികാഘോഷങ്ങൾ അവിടെയെല്ലാം മേളപ്രേമികളെ ആവേശ ഭരിതരാക്കുവാൻ ചെണ്ടയിൽ കൈവിരൽ കൊണ്ട് വിസ്മയം തീർത്തിരുന്ന അനിലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർക്ക് കഴിഞ്ഞിരുന്നു. മേളം മുറുകുമ്പോൾ ആവേശത്തിലാകുന്ന കാണികൾ ഒരു കലാകാരന്റെ യഥാർത്ഥ ജീവിതത്തെ കുറിച്ചറിയുന്നില്ല. 

ഗുരു ശ്രീ അനിൽ കുമാർ പൊതുവാൾ, താളത്തിന്റെയും, മേളത്തിന്റേയും സംഗീതത്തിന്റെയും ഗ്രാമമായ ചെറുപ്പുളശ്ശേരിയിലാണ് ജനിച്ചത്. അധ്യാപക ദമ്പതിമാരായ പടിഞ്ഞാറേ പൊതുവാട്ടിൽ ശങ്കര നാരായണ പൊതുവാളിന്റേയും, വടക്കേടത്തിൽ ശാന്തകുമാരിയമ്മയുടെയും മകനാണ്  ഈ കലാകാരൻ. കുട്ടിക്കാലം മുതൽക്കുതന്നെ കുലത്തൊഴിലായ ക്ഷേത്രാനുഷ്ഠാനങ്ങൾ  എല്ലാം സ്വായത്തമാക്കി. ചെറുപ്പുള്ളശ്ശേരിയിലെ അയ്യപ്പൻകാവ് ആയിരുന്നു പാരമ്പര്യ ത്തിന്റെ അടിത്തറ. ഇതോടൊപ്പം തന്നെ പൂക്കാട്ടിരി രാമപൊതുവാളിന്റെയും, കലാശ്രീ കലാമണ്ഡലം ഗോപകുമാറിന്റേയും 
കീഴിൽ ചെണ്ട അഭ്യസിച്ച ഈ കലാകാരൻ 
കരുവമ്പലം അപ്പുക്കുട്ടമാരാരിൽ നിന്നും ഇടയ്ക്കയും പഠിച്ചെടുത്തു. ബിരുദം നേടിയതിനുശേഷം 
1988 ലാണ് മേളങ്ങളുടേയും, താളങ്ങളുടേയും, ആഘോഷങ്ങളുടേയും നാടായ ചെർപ്പുളശ്ശേരിയിൽ നിന്നും   ഏതൊരു മലയാളിയെയുംപോലെ ഉപജീവനമാർഗ്ഗം തേടി അനിലും മഹാനഗരത്തിലെത്തിയത്. 

ഒരു പരസ്യ സ്ഥാപനത്തിൽ  ജോലി ചെയ്തിരുന്ന, തിരക്കു പിടിച്ച സമയങ്ങളിലും ചെണ്ടവാദ്യം എന്ന ജീവിത കലക്ക് മുൻതൂക്കം നൽകി. ഡോംബിവിലി കലാക്ഷേത്രത്തിൽ ചെണ്ട ആഭ്യസിപ്പിക്കാൻ തുടങ്ങി. പിന്നീട് ജോലി ഉപേക്ഷിച്ച് വാദ്യ കലയിലേക്കെത്തി. മുംബെയിൽ വാദ്യകലക്ക് പ്രാധാന്യം നൽകുവാൻ വേണ്ടി നിരവധി സ്ഥലങ്ങളിൽ ക്ലാസുകൾ തുടങ്ങി. ഇന്ന് 500 ൽ പരം ശിഷ്യന്മാർ ഉള്ള ഇടക്കയിലും ചെണ്ടയിലും അസാമാന്യ പാഠവം തെളിയിച്ച ഈ  കലാകാരന് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ഈ ശിഷ്യന്മാർ തന്നെ.

ചെണ്ടവാദ്യം കൂടാതെ മോഹിനിയാട്ടം, ഭരതനാട്യം എന്നീ കലകൾക്ക് വേണ്ടി സംഗീത രചന നിർവഹിച്ച ഇദ്ദേഹം ഒരു നാടക രചയിതാവുകൂടിയാണ്. 1998 ൽ രാഗസുധക്കു വേണ്ടി ' ശ്രീലകം" എന്ന നാടകവും പിന്നീട് വയലാർ രാമവർമ്മയുടെ രാവണപുത്രി എന്ന കവിതയെ നാടകരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ ചെണ്ട, കഥകളി, മോഹിനിയാട്ടം, നാടകം എന്നീ കലകളെ പ്രോത്സാഹിപ്പിക്കുന്ന  പുതിയ തലമുറയെ നഗരത്തിന് പരിചയപ്പെടുത്തുന്ന "സൃഷ്ടി ' എന്ന സംഘടനയെ നയിക്കുന്നതും ഇദ്ദേഹം തന്നെ.

ലാസ്യ നാടൻ കലാരൂപങ്ങളെ കോർത്തിണക്കി  'സ്കെച്ചസ്സ് ഓഫ് കേരള' എന്ന ദൃശ്യരൂപം അമ്പതിലധികം അരങ്ങുകളിലാണ് നാലുവർഷം കൊണ്ടവതരിപ്പിച്ചത്. ഇരുപതിലധികം നൃത്താവിഷ്കാരങ്ങൾ മുംബൈയിലെ നൃത്താദ്ധ്യാപകർക്കു വേണ്ടി എഴുതി ചിട്ടപ്പെടുത്തി  അവതരിപ്പിച്ചിട്ടുണ്ട്. മോഹിനിയാട്ടം, കഥകളി എന്നിവ സമന്വയിപ്പിച്ച് നൃത്ത്യാഞ്ജലി കല്യാണിനു വേണ്ടി ചിട്ടപ്പെടുത്തി അനേകം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ശിവപുരാണം, കാളിദാസൻ, കർണ്ണകി, ശങ്കരീയം  എന്നീ നൃത്തനാടകങ്ങളും അനിൽ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.കോവിഡ് എന്ന മഹാമാരി നഷ്ടപ്പെടുത്തിയത് കലാകാരന്മാരുടെ സ്വപ്ന വേദികളായിരുന്നു. 'ആവിഷ്കാർ',  " കാളിദാസ" തുടങ്ങിയ പുതിയ . നൃത്തരൂപങ്ങളെ  അരങ്ങിലെത്തിക്കാനു
ള്ള അവസരമാണ്  ഈ കാലം നഷ്ടപ്പെടുത്തിയത് എന്നും അദ്ദേഹം പറയുന്നു.

പാലക്കാട്ടുകാരിയായ ലതയാണ് അനിലിന്റെ ജീവിത സഖി. ഇവർക്ക് രണ്ടു പെൺകുട്ടികൾ. രേവതിയും, രുദ്രയും. രേവതി അവസാനവർഷം മൈക്രോ ബയോളജിയിൽ പിജി ചെയ്യുന്നു. രുദ്ര എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. ജോലി തിരക്കുകൾക്കിടയിലും കലക്ക് വേണ്ടി ജീവിതം സമർപ്പിക്കുന്ന ഈ കലാകാരന്റെ  എല്ലാ വിജയത്തിനും പിന്നിൽ ഭാര്യ ലതയും മക്കളുമാണെന്ന് അനിൽ പറയുന്നു.

കലയെ ഉപജീവനമാക്കി കാണാതെ വാദ്യകല ഒരു സമർപ്പണമായി കണ്ടിരുന്ന അനിൽ പൊതുവാൾ തന്റെ പാത പിൻതുടരാൻ ശിഷ്യരേയും സജ്ജീകരിച്ചു . അതുകൊണ്ടു തന്നെയാവാം ഈ കോവിഡ് കാലത്തേയും അവർക്ക് അതിജീവിക്കാൻ കഴിഞ്ഞത്. നഷ്ടമായ വേദികൾ ഓർത്ത് വേദനിക്കാതെ, പുതിയ അരങ്ങുകളുടെ ഉണർവിനായി വാദ്യകലാകാരന്മാർ കാത്തിരിക്കുന്നു. അടുത്ത അരങ്ങ് ഒരുങ്ങുമ്പോഴേക്കും വാദ്യോപകരണങ്ങൾ  ഉപയോഗ യുക്തമാക്കുവാൻ വലിയ സാമ്പത്തികം തന്നെ വേണ്ടിവരും.

മേളപ്രേമികളെ ആവേശ ഭരിതരാക്കുവാൻ ചെണ്ടയിൽ കൈവിരൽ കൊണ്ട് വിസ്മയം തീർക്കുവാൻ, മേളം മുറുകുമ്പോൾ ആവേശത്തിലാകുന്ന കാണികൾക്കായി അനിലിന്റെ നേതൃത്വത്തിലുള്ള വാദ്യകലാകാരന്മാർ കാത്തിരിക്കുന്നു നല്ലൊരു വേദി കിട്ടുമെന്ന പ്രതീക്ഷയോടെ.....
നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക